News

കാര്‍ഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ ജൈവഗ്രാമം

jaiva gramam project

മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി നമുക്ക് ഒന്നിക്കാം എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം:ജൈവകൃഷി പരിശീലന സേവന കേന്ദ്രം. സംയോജിത ജൈവകൃഷിയിലൂടെ ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തിയും വരുമാനവും വര്‍ധിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന നിരയില്‍ വേറിട്ട ശബ്ദമാവുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കാട് കയറിക്കിടന്ന എട്ടര ഏക്കര്‍ തരിശുഭൂമി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി കൃഷിയോഗ്യമാക്കിയാണ് ജൈവഗ്രാമം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം ജൈവകൃഷി പരിശീലന സേവന കേന്ദ്രം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഇവിടെ അഗ്രിക്കള്‍ച്ചര്‍ നഴ്സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

 

പച്ചക്കറികള്‍, ജമന്തി, സൂര്യകാന്തി, കുറ്റിമുല്ല, വാടാമുല്ല, പശു, ആട്, കോഴി, താറാവ്, മറ്റു വളര്‍ത്തുപക്ഷികള്‍, മീന്‍ എന്നിവ വളര്‍ത്തുന്നതിനോടൊപ്പം ജൈവഗ്രാമത്തില്‍ എല്ലാ തരം ജൈവഉത്പ്പന്നങ്ങളും, നടീല്‍ വസ്തുക്കള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍ എന്നിവയും ലഭിക്കും. വിഷ വിമുക്തമായ പച്ചക്കറി വിളയിച്ചെടുക്കുന്നതില്‍ സ്വയം പര്യാപ്തരാവണം എന്ന ഇച്ഛശക്തിയോടെയുള്ള പ്രവര്‍ത്തനവും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും വികസന പ്രക്രിയയില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്ന് ജൈവഗ്രാമത്തിലൂടെ തെളിയിക്കാന്‍ കഴിഞ്ഞതായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജൈവഗ്രാമം പദ്ധതിക്ക് പഞ്ചായത്ത് സശാക്തീകരണ്‍ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരുസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലവില്‍ 25 ഏക്കറോളം തരിശായി കിടന്ന ഭൂമി ഏറ്റെടുത്ത് ജൈവകൃഷിയും പുറമെ പുഷ്പകൃഷിയും ചെയ്തു വരുന്നു. ജൈവഗ്രാമം പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതിലേറെയും സ്ത്രീകളാണ്. അങ്കണവാടി കുട്ടികളില്‍ ജൈവ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലേക്കായി അങ്കണവാടി ജൈവഗ്രാമം പദ്ധതിയും നടപ്പിലാക്കി.

organic village

സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം നാട് ആഗ്രഹിക്കുന്ന ജൈവകാര്‍ഷിക സംസ്‌കാരത്തിനായി പദ്ധതി ആവിഷ്‌കരിച്ച് കൃഷിയിലൂടെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയും മിച്ചം കണ്ടെത്തി അത് തിരികെ സര്‍ക്കാരിലേക്ക് അടക്കുന്നുവെന്നത് ജൈവഗ്രാമത്തിന്റെ എടുത്തു പറയേണ്ട നേട്ടമാണ്. 2018 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 3,72,699.95 രൂപ ലാഭം ഉണ്ടാക്കുവാന്‍ ജൈവഗ്രാമത്തിന് സാധിച്ചു. ലാഭത്തില്‍ രണ്ടു ലക്ഷം രൂപ ജൈവഗ്രാമത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തിനും ബാക്കി തുക ബ്ലോക്ക് പഞ്ചായത്തിനും കൈമാറി.ജൈവഗ്രാമം ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ പ്രളയസമയത്ത് പെരുങ്കടവിള, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 3000 കിലോ ജൈവ ഉല്‍പ്പന്നങ്ങളും നല്‍കാനും നെടുമങ്ങാട് ബ്ലോക്കിന് സാധിച്ചു.


English Summary: organic village scheme at Nedumangad

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine