1. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ 'ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റംത്തിൽ' (ഫിംസ്) പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി 2024-25, സാന്ത്വനതീരം പദ്ധതി, ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ഷേമനിധി ബോർഡ് അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണം. പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 25.
2. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ "ഇറച്ചിക്കോഴി വളർത്തൽ" എന്ന വിഷയത്തിൽ പരിശീലനപരിപാടിസംഘടിപ്പിക്കുന്നു. നവംബർ 22 ആം തീയതി സംഘടിപ്പിക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9495333400 എന്ന ഫോൺ നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിച്ച് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Share your comments