<
  1. News

നമ്മുടെ ഇനങ്ങൾ, നമ്മുടെ അവകാശം PPVFR നിയമം വഴി കർഷക ഇനങ്ങളുടെ സംരക്ഷണം

എന്താണ് 'സസ്യ ഇനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും' അഥവാ PPVFRA നിയമം? എന്തൊക്കെയാണ് ഈ നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്ന പ്രധാന അവകാശങ്ങളെന്നും തിരിച്ചറിഞ്ഞ് ഓരോ കർഷകനും തങ്ങൾ വികസിപ്പിച്ചതോ സംരക്ഷിച്ചതോ ആയ ഇനങ്ങൾ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുക.

Dr. Rahana.S.N
സസ്യ ഇനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും' അഥവാ PPVFRA
സസ്യ ഇനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും' (PPVFRA)

നൂറ്റാണ്ടുകളായി മണ്ണിനെ പരിപോഷിപ്പിച്ചെടുത്ത തനതു വിളവൈവിധ്യമാണ് നമ്മുടെ കാർഷിക മേഖലയുടെ അടിത്തറ. ഈ വൈവിധ്യത്തെ കാത്തുസൂക്ഷിക്കുകയും പരമ്പരാഗത വിളയിനങ്ങൾ സംരക്ഷിക്കുകയും പുതിയ ഇനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കർഷകരാണ് കാർഷികമേഖലയുടെ അടിസ്ഥാന ശക്തി. കർഷകരുടെ സംഭാവനകൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിന് ഭാരത സർക്കാർ 2001-ൽ പാസ്സാക്കിയ നിയമമാണ് 'സസ്യ ഇനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശങ്ങളും' (PPVFR - Protection of Plant Varieties and Farmers' Rights Authority). ഇതുവഴി സസ്യയിനങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ ചൂഷണം ചെയ്യുന്നത് തടയാനും കർഷകരുടെയും ഗവേഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കുവാനും സാധിക്കുന്നു.
കർഷകർ വികസിപ്പിച്ചെടുത്തതോ പരമ്പരാഗതമായി സംരക്ഷിച്ചു വരുന്നതോ ആയ വിളയിനങ്ങളെ മേൽപറഞ്ഞ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുമ്പോഴാണ് അവയ്ക്ക് മേൽ സ്വത്തവകാശം ലഭിക്കുന്നത്. വിത്തുകമ്പനികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞന്മാർക്കും കർഷകർക്കും അവരുടെ പുതിയ ഇനങ്ങൾ രജിസ്റ്റർ ചെയ്യാം. അത്തരം ഇനങ്ങൾക്ക് പുതുമ (Novel), വ്യത്യസ്തത (Distinct), സ്വഭാവത്തിലുള്ള സമാനത (Uniform), സുസ്ഥിരത (Stability) എന്നിവ ഉണ്ടായിരിക്കണം.

ഈ നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്ന പ്രധാന അവകാശങ്ങൾ ഇവയാണ്:

  •  വിത്ത് ഉപയോഗിക്കാനുള്ള പൂർണ സ്വാതന്ത്ര്യം
    കൃഷിഭൂമിയുടെ അവകാശം പോലെതന്നെ പ്രധാനമാണ് വിത്തുകളുടെ മേലുള്ള ഈ അവകാശം. സംരക്ഷിക്കപ്പെട്ട ഒരിനത്തിന്റെ ബ്രാൻഡഡ് വിത്തുകൾ (രജിസ്റ്റർ ചെയ്ത കമ്പനിയുടെ ലേബലോടു കൂടിയ വിത്ത്) വിൽക്കാൻ കർഷകന് അനുവാദമില്ലെങ്കിലും, ഒരു സാധാരണ ഉത്പന്നമായി വിൽക്കുന്നതിന് തടസ്സമില്ല. സെക്ഷൻ 39 (i) (ii) നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒരിനമാണെങ്കിൽ പോലും കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിൽ വിളവെടുത്ത വിത്തുകൾ സൂക്ഷിക്കുവാനും ഉപയോഗിക്കുവാനും വിതയ്ക്കുവാനും കൈമാറ്റം ചെയ്യുവാനും വിൽക്കുവാനുമുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അതായത് ഒരു കർഷകന് വിത്തിനങ്ങളിന്മേൽ എല്ലാ അവകാശങ്ങളും ഈ നിയമം ഉറപ്പു വരുത്തുന്നു.
  • സാമ്പത്തിക ആനുകൂല്യം പങ്കിടൽ (Benefit Sharing)
    സെക്ഷൻ 26 പ്രകാരം കർഷകരുടെ കൈവശമുള്ള തനതു പാരമ്പര്യ ഇനം ഉപയോഗിച്ച് വിത്ത് കമ്പനി പുതിയ ഇനം വികസിപ്പിക്കുകയാണെങ്കിൽ അതിൽ നിന്നുണ്ടാകുന്ന ലാഭത്തിന്റെ ഒരു പങ്ക് യഥാർത്ഥ കർഷകന് അവകാശപ്പെട്ടതാണ്. പുതിയ ഇനം രജിസ്റ്റർ ചെയ്യുമ്പോൾ അത് വികസിപ്പിക്കാനുപയോഗിച്ച ജനിതക വസ്തുക്കളുടെ ഉറവിടം വെളിപ്പെടുത്താൻ കമ്പനികൾക്ക് ബാധ്യതയുണ്ട്. അതായത് ഒരു കർഷകന്റെ രജിസ്റ്റർ ചെയ്ത വിത്ത് മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ ന്യായമായ പ്രതിഫലം ലഭിക്കും.
  • നഷ്ടപരിഹാരം
    സെക്ഷൻ 39 (2) പ്രകാരം ഒരു കമ്പനി രജിസ്റ്റർ ചെയ്ത ഇനങ്ങളുടെ വിത്ത് കർഷകർക്ക് വിൽക്കുമ്പോൾ അവർ പരസ്യപ്പെടുത്തിയ ഗുണമേന്മയോ വിളവോ ലഭിക്കാതെ വരികയാണെങ്കിൽ അതോറിറ്റി വഴി കർഷകന് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം നേടാൻ അവകാശമുണ്ട്.
  • വിത്തുകളുടെ ന്യായവില
    സെക്ഷൻ (47) പ്രകാരം കൃഷിക്കാർക്ക് രജിസ്റ്റർ ചെയ്തയിനങ്ങൾ ന്യായവിലയ്ക്ക് ലഭിക്കുവാൻ അവകാശമുണ്ട്.
  • കർഷകയിനങ്ങളുടെ രജിസ്ട്രേഷൻ
    കർഷകർ കാലാകാലങ്ങളായി കൃഷിയിലൂടെ തെരഞ്ഞെടുത്തു വികസിപ്പിച്ചെടുത്ത പ്രാദേശിക വിളയിനങ്ങളാണ് "കർഷകരുടെ ഇനങ്ങൾ" (Farmers Variety). സെക്ഷൻ 39 (i) (iii) പ്രകാരം നൂതനവും വ്യത്യസ്തവും സ്ഥിരതയുമുള്ള കാർഷിക ഇനങ്ങളാണ് ഈ നിയമം വഴി കർഷകർക്ക് രജിസ്റ്റർ ചെയ്യാനാകുന്നത്. ഈ രജിസ്ട്രേഷനു വേണ്ടി കർഷകന് പ്രത്യേകിച്ച് പണമൊന്നും മുടക്കേണ്ടതില്ല. രജിസ്ട്രേഷൻ നടത്തുമ്പോൾ കർഷകൻ വിത്ത് സാമ്പിളുകൾ നൽകണമെന്നു മാത്രം.
  • ഗവേഷണ സഹകരണം
    സെക്ഷൻ 28 (6) പ്രകാരം എസൻഷ്യലി ഡിറൈവ്ഡ് വെറൈറ്റി (Essentially Derived Varieties) ഇനങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമ്പോൾ കർഷകരുടെ പങ്കാളിത്തം ഉണ്ടെങ്കിൽ അവരുടെ മുൻ‌കൂർ അനുവാദം വാങ്ങേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഇനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ ഉപയോഗിക്കുമ്പോൾ കർഷകർക്ക് സഹ ഭാഗിത്വം ഉറപ്പാക്കുന്നു.
  • ജൈവവൈവിധ്യ സംരക്ഷണവും കർഷകർക്കുള്ള ആദരവും
    PPVFRA നിയമത്തിലൂടെ കർഷകർക്ക് സാമ്പത്തികമായും സാമൂഹികമായും സംരക്ഷണവും പ്രോത്സാഹവാനവും ലഭിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിലും സസ്യജനിതക സംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്ന കർഷകരെയും ആദിവാസി ഗ്രാമീണ സമൂഹത്തെയും മികച്ച കർഷകൻ പുരസ്‌കാരം, പ്ലാന്റ് ജീനോം സേവിയർ കമ്മ്യൂണിറ്റി പുരസ്‌കാരവും, സാമ്പത്തിക സഹായവും ആദരവും നൽകുകയും ചെയ്യുന്നു.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങൾക്ക് കീഴെ സാധ്യമായ അവകാശ സംരക്ഷണങ്ങൾ ഉറപ്പാക്കുവാൻ സമൂഹത്തിലെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ അവകാശ സംരക്ഷണത്തിൽ നാം താല്പര്യം കാണിക്കുന്നില്ലെങ്കിൽ മറ്റുള്ളവർ അത് കൈക്കലാക്കി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. അതുകൊണ്ടു തന്നെ ഓരോ കർഷകനും തങ്ങൾ വികസിപ്പിച്ചതോ സംരക്ഷിച്ചതോ ആയ ഇനങ്ങളെ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്.

English Summary: Our Varieties, Our Rights Protection of Farmer Varieties through PPVFRA Act

Like this article?

Hey! I am Dr. Rahana.S.N. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds