കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന അവാർഡായ കർഷകശ്രീ 2024 അവാർഡ് കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി അനീഷിന്. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണപ്പതക്കവുമാണ് പുരസ്കാരം ലഭിക്കുക. ഫെബ്രുവരി ആദ്യ ആഴ്ച മലപ്പുറത്ത് വച്ച് നടക്കുന്ന കർഷകശ്രീ കാർഷിക മേളയിൽ നൽകുമെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യൂ അറിയിച്ചു.
രണ്ട് വർഷത്തിലൊരിക്കലാണ് കർഷകശ്രീ അവാർഡ് നൽകുന്നത്, ഇതിൻ്റെ പതിനേഴാമത്തെ അവാർഡ് ജേതാവാണ് ഈ നാൽപത്തിരണ്ടുകാരൻ. ഉദയഗിരി കൃഷിഭവനിലെ കൃഷി ഓഫീസറായ എച്ച്. എൽ ദീപയാണ് അനീഷിൻ്റെ പേര് നിർദേശിച്ചത്. ഒരിക്കൽ കൃഷി വായ്പ മുടങ്ങി ജപ്തി വരെ എത്തിയതാണ് അനീഷിൻ്റെ കിടപ്പാടം. എന്നാൽ ഇന്ന് വർഷത്തിൽ അര കോടിയിലധികം വരുമാനം നേടുന്നുണ്ട് കൃഷിയിൽ നിന്ന് മാത്രം.
പുരസ്കാരത്തിന് 99 പേരാണ് അപേക്ഷിച്ചത്. ആദ്യഘട്ടത്തിൽ 19 കർഷകരെ തിരഞ്ഞെടുക്കുകയും കൃഷിയിടം, കൃഷി രീതികൾ പരിശോധിക്കുകയും ചെയ്തു. അവസാന ഘട്ടത്തിലേക്ക് വന്നത് 5 പേരാണ്. വിദഗ്ദ സംഘം ഇവരുടെ കൃഷിയിടങ്ങളിൽ വീണ്ടും പരിശോധിക്കുകയും ചെയ്താണ് അനീഷിനെ ജേതാവായി പ്രഖ്യാപിച്ചത്.
കൃഷിയിടത്തിനെ നനയ്ക്കുന്നതിന് വേണ്ടി സെൻസറുകളും, സ്വന്തമായി കാലാവസ്ഥാ നിലയവും ഉണ്ട് അനീഷിന്. കൂടെ എന്തിനും കൂട്ടായി കുടുംബവും ഒപ്പം ഉണ്ട്.
Share your comments