നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. സംസ്ഥാനത്തെ തരിശൂനിലങ്ങളില്‍ നെല്‍കൃഷി നടത്തുന്നതിന് ഉടമസ്ഥന്റെ അനുമതിയില്ലാതെ തന്നെ ഭൂമി ഉപയോഗിക്കാനും നിബന്ധനകള്‍ക്ക് വിധേയമായി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭൂമി മണ്ണിട്ട് നികത്താനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
നിലവില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് ശുപാര്‍ശ നല്‍കാന്‍ പ്രാദേശിക - സംസ്ഥാനതല നിരീക്ഷണ സമിതിക്കാണ് അധികാരം എന്നാല്‍, പുതിയ ബില്ലില്‍ ഇത് എടുത്തുകളഞ്ഞു. കൂടാതെ പൊതു ആവശ്യത്തിന് നിലം നികത്തലാകാം എന്ന കാര്യവും കൂട്ടിച്ചേര്‍ത്തു. ഇതോടെ ആവശ്യമായ ഘട്ടത്തില്‍ മാത്രം നടത്തേണ്ട നിലം നികത്തല്‍ ഒരു തടസവുമില്ലാതെ നടപ്പാക്കാമെന്നായി.
1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്പു നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണു സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ 2008നു മുന്‍പു ക്രമപ്പെടുത്തിയ ഭൂമി നികത്താന്‍ അവസരമുണ്ടാകും.2008ല്‍ വിഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 2008ന് മുമ്പ് നികത്തിയ ഭൂമിക്ക് ഒരു നിശ്ചിത തുക സര്‍ക്കാറിലേക്ക് അടച്ച് ക്രമപ്പെടുത്താന്‍ അവസരം നല്‍കുന്നു. പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്തുമ്പോള്‍ സംസ്ഥാന തല സമിതികള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് വ്യവസ്ഥ .
തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന് ഉടമയ്ക്ക് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കും. നെല്‍വയല്‍. തണ്ണീര്‍ത്തടം, കരഭൂമി എന്നിവര്‍ക്ക് പുറമെ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്ന പുതിയ ഭാഗം ചേര്‍ത്തതും വ്യാപകമായ വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്.
Share your comments