1. ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി ശ്രീ. പി പ്രസാദ്. ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. കർഷകരും കാർഷിക ബിസിനസുകളും തമ്മിൽ കൂടുതല്‍ ഉത്പാദനപരമായ കൂട്ടുകെട്ടുകള്‍ രൂപീകരിക്കാനും അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2. രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ. സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ ഓൺലൈൻ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.
3. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഇല്ല. ശബരിമലയിലും ഇന്ന് മഴയ്ക്ക് ശമനം. അതേസമയം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Share your comments