<
  1. News

പാൻ- ആധാർ കാർഡ് ബന്ധിപ്പിക്കൽ: അവസാന തിയതി 2023 മാർച്ച് 31

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചിട്ടില്ലാത്തവർ 2023 ഏപ്രിലിന് മുൻപ് ലിങ്ക് ചെയ്തില്ലെങ്കിൽ, ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് മുന്നറിയിപ്പ്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത്, ഇത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്

Saranya Sasidharan
PAN- Aadhaar Card Linking: Last date 31 March 2023
PAN- Aadhaar Card Linking: Last date 31 March 2023

1. പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചിട്ടില്ലാത്തവർ 2023 ഏപ്രിലിന് മുൻപ് ലിങ്ക് ചെയ്തില്ലെങ്കിൽ, ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് മുന്നറിയിപ്പ്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത്, ഇത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ആദായനികുതി വകുപ്പ് അതിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം 2023 മാർച്ച് 31 വരെ പാൻ ആധാറുമായി ലിങ്ക് ചെയ്യാം. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ .incometax.gov.in ൽ ലോഗിൻ ചെയ്ത് നിങ്ങൾക്ക് ലിങ്ക് ചെയ്യാവുന്നതാണ്.

2. മുളയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഉൽപന്നങ്ങൾക്കായുള്ള ഓൺലൈൻ വിപണി ഉടൻ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭാ മേയര്‍ എം. അനില്‍കുമാർ മുഖ്യ പ്രഭാഷണം നടത്തി.

3. അരിമ്പൂർ വാരിയം പടവിലെ 25 ഏക്കർ കോൾപ്പാടത്ത് ആധുനിക രീതിയിലുള്ള ഡ്രോൺ ഉപയോഗിച്ച് സൂഷ്മ മൂലകങ്ങളടങ്ങിയ വളപ്രയോഗം നടത്തി. ലായനി രൂപത്തിലുള്ള സ്യുഡോമോണസും ഇതിനോടൊപ്പം തളിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും, അഗ്രികൾച്ചർ കോളേജും, സസ്യരോഗ വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്നതാണ് പദ്ധതി. ഏകദേശം 40,000രൂപ ചിലവഴിച്ചാണ് വാരിയം പടവിൽ പരീക്ഷണാടിസ്ഥാനത്തിൽ കർഷകർക്ക് സൌജന്യമായി മരുന്ന് തളിച്ച് നൽകിയത്

4. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പാനായിക്കുളത്തെ വയൽ SHG ഗ്രൂപ്പിലെ കർഷകരായ VM. അബ്ദുൾ ജബ്ബാറും, സന്തോഷ് P അഗസ്റ്റിനും ചേർന്ന് ഒരേക്കർ സ്ഥലത്ത് പൊട്ടുവെള്ളരി കൃഷിയാരംഭിച്ചു. പൊട്ടുവെള്ളരിവിത്തു നടീൽ- സംസ്ഥാന കയർ, നിയമ, വ്യവസായ വകുപ്പ് മന്ത്രി P രാജീവ് ഉദ്ഘാടനം ചെയ്തു. പൊട്ടുവെള്ളരി നടീൽ ഉത്സവത്തിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM . മനാഫ് അദ്ധ്യക്ഷത വഹിച്ചു.

5. ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ നേടി കേരളം. പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ ഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന് കേരള പവിലിയനുവേണ്ടി IPRD അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ് പുരസ്കാരം ഏറ്റുവാങ്ങി. മേളയുടെ ആശയമായ’ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ നെ‘ അടിസ്ഥാനമാക്കി കേരള പവിലിയൻ ഒരുക്കിയത് പ്രശസ്ത ഡിസൈനർ ജിനൻ സി.ബി യാണ്. പള്ളിയാക്കൽ ബാങ്കിന്റെ ഉൽപ്പന്നങ്ങളായ പൊക്കാളി അരി, പൊക്കാളി ഉണക്ക ചെമ്മീൻ എന്നിവ രാജ്യസഭ എം.പി. AA റഹിമാണ് ലോഞ്ച് ചെയ്തത്.

6. പത്തനം തിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല തീര്‍ഥാടനകാലത്തിൻ്റെ തിരക്ക് കൂടി ഉള്ളതുകൊണ്ട് ജാഗ്രത കൈവിടരുതെന്നും അറിയിച്ചു., ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരില്‍ ചിക്കന്‍പോക്സ് കണ്ടെത്തിയിരുന്നു. ഇവരെ വേഗത്തില്‍ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമ്പര്‍ക്കത്തിലുള്ള പോലീസുകാരെ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

7. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ എട്ടുവരെ അവസരം. ലഭിച്ച പരാതികള്‍ ഡിസബംര്‍ 26ന് മുമ്പ് തീര്‍പ്പാക്കി അടുത്ത ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തിരുവനന്ദപുരം കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍.nvsp.com അല്ലെങ്കിൽ eci.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും, വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമര്‍പ്പിക്കാവുന്നതാണ്.

8. കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

9. തൃശൂർ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനുള്ള അവലോകന യോഗം ജില്ലാ കളക്ടറേറ്റിൽ ചേർന്നു. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളില്‍ 12 എണ്ണത്തിലാണ് ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കുന്നത്. തൃശൂര്‍ മണ്ഡലം പൂര്‍ണ്ണമായും കോര്‍പ്പറേഷന്‍ പരിധിയിലാണ്. 3809.68 കോടി രൂപയാണ് ജില്ലയില്‍ പദ്ധതിക്കായി ഭരണാനുമതി ലഭിച്ച തുക. 0.96 ലക്ഷം കണക്ഷനാണ് ജല്‍ ജീവന്‍ മിഷന്‍ ഇതുവരെ നല്‍കിയത്.

10. എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി പ്രസാദ്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം.

11. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങിൽ ഉണക്ക റബ്ബറില്‍നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ ഡിസംബര്‍ 05 മുതല്‍ 09 വരെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 8 1 2 3 5 3 1 2 7 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാം.

12. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 29-ന് ടര്‍ക്കി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും 0 4 8 2 9 2 3 4 3 2 3 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

13. മണ്ണ് സംരക്ഷണ വാരാചരണത്തിൻ്റെ ഭാഗമായി 2022 ഡിസംബർ 1ന് വ്യാഴാച്ച രാവിലെ 11 മണിയ്ക്ക് കീരംപാറ സെൻ്റ് സെബ്യസ്റ്റൻ പള്ളി അങ്കണത്തിൽ വച്ച് വിപുലമായ മണ്ണ് പരിശോധന കാമ്പെയിനും മണ്ണ് പരിശോധിക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് സെമിനാറും സംഘടിപ്പിക്കുന്നു... എറണാകുളം ജില്ല മണ്ണ് പരിശോധന ശാലയിലെ വിദ്ഗദ്ധർ സെമിനാറിന് നേതൃത്വം നൽകും.. മണ്ണ് പരിശോധിക്കുവാൻ താത്പര്യമുള്ള കർഷകർ മണ്ണ് സാമ്പിൾ സഹിതം ക്യാമ്പിൽ ക്യത്യ സമയത്ത് എത്തി ചേരേണ്ടതാണ്.

14. കോഴി മുട്ട വിലയിൽ വൻ വർധനവ്. ഫുഡ്ബോൾ വേൾഡ് കപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്ന് മുട്ടയ്ക്ക് വൻ ഓർഡർ ലഭിച്ചതാണ് മുട്ട വില ഉയരാൻ കാരണമാകുന്നത്. ക്രിസ്മസ് കാലമാകുമ്പോൾ വീണ്ടും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുട്ടയ്ക്ക് ഡിമാൻഡ് കൂടിയെങ്കിലും ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയാത്തതാണ് വില ഉയരാൻ മറ്റൊരു കാരണം.

15. നവംബർ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: PAN- Aadhaar Card Linking: Last date 31 March 2023

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds