വയനാട് ജില്ലയിലെ പപ്പായ തോട്ടത്തില്‍ നിന്ന് ഇനി പപ്പായക്കറയും വിപണിയിലേക്ക്. പപ്പായ പഴത്തിനും പച്ചക്കറിക്കും മാത്രമല്ല കറയെടുത്ത് വില്‍പ്പന നടത്തിയും കര്‍ഷകന് വരമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഏതാനും കര്‍ഷകര്‍. വെള്ളമുണ്ട ആറുവാള്‍ സ്വദേശിയും എടവക രണ്ടേനാല്‍ സഫ ഓര്‍ഗാനിക് ഫാം ഉടമയുമായ തോട്ടോളി അയ്യൂബിന്റെ തോട്ടത്തില്‍ നിന്നാണ് ആദ്യമായി പപ്പായക്കറ ശേഖരിച്ചത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഐസ്റ്റഡ് പദ്ധതിപ്രകാരം എറണാകുളത്തെ സ്വദേശി സയന്‍സ് മൂവ്‌മെന്റാണ് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പപ്പായ കൃഷി വ്യാപന പദ്ധതി നടപ്പിലാക്കുന്നത്. പച്ചപപ്പായയില്‍ നിന്നും കറയെടുത്ത് തമിഴ്‌നാട്ടിലുള്ള സംസ്‌കരണയൂണിറ്റിന് നല്‍കിയും കറയെടുത്ത ശേഷമുള്ള പപ്പായ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി വില്‍പ്പന നടത്തുന്നതിനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലുള്ള സംസ്‌കരണ യൂണിറ്റുമായാണ് ധാരണയായത്.
ഹോട്ടികള്‍ച്ചര്‍ മിഷന്‍ വഴി പകുതി വിലയില്‍ നല്‍കുന്ന സിന്ത ഇനം വിത്താണ് പപ്പായകൃഷിക്കായി രൂപീകരിച്ച ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് നല്‍കിയത്. ആറുമാസത്തിനകം പാലെടുക്കാന്‍ കഴിയും. ഒരു ചെടിയില്‍ നിന്നും 50 ഗ്രാം വീതം ഒന്നരമാസത്തോളം അഞ്ചോ ആറോ തവണകളില്‍ കറയെടുക്കാം. ഒരു കിലോയ്ക്ക് 150 രൂപ വരെയാണ് കറയുടെ വില. ഒരേക്കറില്‍ 900 ത്തോളം പപ്പായച്ചെടികള്‍ വളര്‍ത്താം. പ്രതിദിനം 50 കിലോയോളം കറ വില്‍പ്പന നടത്താമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമെ പപ്പായ പഴമാവുന്നതിന് മുമ്പെ അടര്‍ത്തി മാറ്റി തൊലികളഞ്ഞ് സംസ്‌കരിച്ച് ടൂട്ടിഫ്രൂട്ടി, ജാം, ജെല്ലി തുടങ്ങിയ മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്താനും കഴിവും. ഇതിനായി പഞ്ചായത്തുകള്‍ തോറും യൂണിറ്റ് തുറക്കും. പപ്പായ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിജയം കൊയ്ത തോട്ടോളി ആര്‍വാള്‍ അയ്യൂബിന്റെ തോട്ടത്തില്‍ നിന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ.ബി നസീമ പപ്പായയുടെ കറയെടുപ്പ് ഉദ്ഘാടനം ചെയ്തു. ഐസ്റ്റഡ് ഡയറക്ടര്‍ എ ഗോപാലകൃഷ്ണന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ കുറേക്കാലമായി കാര്‍ഷിക മേഖലയില്‍ ഗവേഷണം നടത്തി വരുന്ന അയൂബ് സിന്ത ഇനത്തില്‍പ്പെട്ട പപ്പായയാണ് കൃഷി ചെയ്തത്. ഒരേക്കര്‍ സ്ഥലത്ത് 800 ചെടികള്‍ നട്ടു. ആറാം മാസം കറയെടുക്കാന്‍ തുടങ്ങി. സാധാരണ 50 ഗ്രാം വരെയാണ് കറ കിട്ടുന്നതെങ്കില്‍ അയൂബിന്റെ തോട്ടത്തില്‍ നിന്ന് 75 ഗ്രാം ലഭിച്ചു. കറയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്‌നിന്റെ അളവും ഇവിടെ കൂടുതലാണ്. സാധാരണ നിലയില്‍ ഇത് ( HNF)15 ശതമാണ്. ഇവിടെ ഇത് 17 ശതമാനമായി ഉയര്‍ന്നു. ഇതുമൂലം വില കൂടുതല്‍ കിട്ടുന്നുണ്ടെന്ന് അയൂബ് പറഞ്ഞു.
(തയ്യാറാക്കിയത്: സി.വി. ഷിബു)
Share your comments