സംസ്ഥാനത്തെ മികച്ച പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനാക്കി കോട്ടയം ജില്ലാ കൃഷിത്തോട്ടത്തെ ഉയര്‍ത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ കൃഷിത്തോട്ടം ഓഫീസ് മന്ദിരത്തിന്റെയും പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെയും ഉദ്ഘാടനം കോഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജൈവകാര്‍ഷിക നയം രൂപീകരിച്ചിട്ടുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ സര്‍ക്കാരും സംസ്ഥാനവുമാണിത്. കൃഷിമാര്‍ഗ നിര്‍ദ്ദേശങ്ങളായി കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കുന്ന പാക്കേജ് ഓഫ് പ്രാക്ടീസ് സര്‍ക്കാരിന്റെ ജൈവ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഇത്തവണ 'ഓര്‍ഗാനിക് പാക്കേജ് ഓഫ് പ്രാക്ടീസ്' ആയാണ് പുറത്തിറക്കിയിരിക്കുന്നത്.
ശാസ്ത്രീയമായി രീതിയില്‍ ജൈവകൃഷി ചെയ്യുന്നതിന് കൃഷിക്കാര്‍ക്ക് പരിശീലനം ആവശ്യമാണ്. ഇതിനുളള അടിത്തറ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് 116 കൃഷി ഓഫീസര്‍മാര്‍ ഹൈദരാബാദിലുളള നാഷണല്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റില്‍ പി.ജി. കോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞു. സംസ്ഥാനത്തെ 1100 കൃഷി ഓഫീസര്‍മാര്‍ക്ക് ഇതേ സെന്ററില്‍ ആറുമാസം ദൈര്‍ഘ്യമുളള പരിശീലനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിംഗ് ഒപ്പിട്ടു കഴിഞ്ഞു. ശത്രുകീടങ്ങളെ നശിപ്പിക്കാന്‍ കീടനാശിനികള്‍ക്കു പകരം മിത്രകീടങ്ങളെ ഉപയോഗപ്പെടുത്തുന്ന പുതിയ രീതിയാണ് സംസ്ഥാനത്തിന് ആവശ്യം. ഇത്തരം മിത്രകീടങ്ങളെ സൃഷ്ടിച്ചെടുക്കാനുളള പരിശീലനമാണ് കൃഷി ഓഫീസര്‍മാര്‍ക്കു നല്‍കുക. കോഴയിലെ പാരസൈറ്റ് ബ്രീഡിംഗ് സെന്ററിനെ സംസ്ഥാനതല ബ്രീഡിംഗ് സെന്ററായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യ വികസനവും സര്‍ക്കാര്‍ ഉറപ്പാക്കും. മിത്രകീടങ്ങളെ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം ബ്രീഡിംഗ് സെന്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.
കാര്‍ഷികമേഖലയിലുളള മാറ്റത്തിലൂടെ ആരോഗ്യ മേഖലയിലും അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയും. ജൈവകൃഷിയെ ശാസ്ത്രീയമായി പുനസംഘടിപ്പിക്കുന്നതിലൂടെ ഉല്പാദനചെലവ് 10 ശതമാനം കുറയ്ക്കാനും ഉല്പാദനക്ഷമത 30 ശതമാനം കൂട്ടാനും കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം ഓണത്തിന് 6000 ടണ്‍ പച്ചക്കറി കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ കൃഷി വകുപ്പിനു കഴിഞ്ഞു. കൃഷിക്കാരില്‍ നിന്ന് 70-82 വരെ രൂപ കൊടുത്ത് വാങ്ങിയ ഏത്തയ്ക്കായും മറ്റ് പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് 50 രൂപയ്ക്ക് കൊടുക്കാന്‍ കഴിഞ്ഞു.
ഫണ്ട് ചെലവഴിക്കാന്‍ വേണ്ടി അനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുകയും ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കില്ല. ഇത്തരത്തില്‍ വാങ്ങി ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങളുടെ കണക്കെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇവ എങ്ങനെ പുനരുപയോഗിക്കാമെന്ന് ആലോചിക്കും.
ജില്ലാ കൃഷിത്തോട്ടത്തില്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ സ്ഥാപിച്ച സീഡ് പ്രോസസിംഗ് യൂണിറ്റ് ഇതുവരെ പ്രവര്‍ത്തിപ്പിക്കാതിരുന്ന സാഹചര്യത്തില്‍ ചെറിയ മാറ്റം വരുത്തി നെല്ലു വിത്ത് പ്രോസസ് ചെയ്യാന്‍ കഴിയുന്ന യൂണിറ്റാക്കി മാറ്റാനാണ് തീരുമാനം.
സംസ്ഥാനത്തിന്റെ കാര്‍ഷിക പുരോഗതി ലക്ഷ്യം വച്ച് കോടിക്കണക്കിന് തുക ചിലവഴിച്ച് സ്ഥാപിക്കുന്ന സെന്ററുകളുടെയും യന്ത്രങ്ങളുടെയും ഗുണഫലം സാധാരണക്കാരായ കര്‍ഷകരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റും. ഇതിന് തടസം നില്‍ക്കാന്‍ കീടനാശിനി രാസവസ്തു ലോബികളെ അനുവദിക്കില്ല.
ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കൃഷിത്തോടത്തില്‍ നടപ്പാക്കി വരുന്ന ഒരു കോടി രൂപയുടെ പദ്ധതികള്‍ ജോസ്. കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സി. കെ ശശീധരന്‍, ഇ.ജെ ആഗസ്തി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, പി. സി. കുര്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിത രാജു, കെ.കെ. രഞ്ജിത്ത്, അജിത്ത് മുതിരമല, ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത, തോമസ് ടി. കീപ്പുറം, ആന്‍സി ജോസ്, സിബി മാണി, ജോര്‍ജ്ജ് ജി ചെന്നേലില്‍, ഷൈജു പാവുത്തിയേല്‍, അഡ്വ. കെ.കെ. ശശികുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷാജന്‍ സെബാസ്റ്റ്യന്‍, റെജിമോള്‍ മാത്യു, മീന കെയും ജോജോ ആളോത്ത്, പ്രൊഫ.പി.ജെ. സിറിയക്, സണ്ണി ചിറ്റക്കോടം തുടങ്ങിയവരും സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സ്വാഗതവും ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് സാലി ജോസഫ് നന്ദിയും പറഞ്ഞു.
Photos - ജില്ലാ കൃഷിത്തോട്ടം ഓഫീസ് മന്ദിരത്തിന്റെയും പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെയും ഉദ്ഘടാനം കോഴയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.
CN Remya Chittettu, #KrishiJagran
Share your comments