പാറശാല നിയോജക മണ്ഡലത്തിലെ തരിശുനിലങ്ങള്‍ 'തളിരിലൂടെ' കൃഷിയോഗ്യമാകുന്നു. തളിര് കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ തരിശിടങ്ങളും കൃഷിയോഗ്യമാക്കുമെന്നും സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജനമാണ് ലക്ഷ്യമിടുതെന്നും കുന്നത്തുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന തളിരിന്റെ മണ്ഡലം കര്‍മ്മ സമിതി യോഗത്തില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. കൃഷി വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായാണ് 'തളിര്‍' പദ്ധതി നടപ്പിലാക്കുന്നത്.
മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നും 70 ഹെക്ടര്‍ തരിശ് നിലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമാണ്. ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ സഹായത്തോടെയാണ് തരിശിടങ്ങള്‍ കണ്ടെത്തിയത്. റിസര്‍ച്ച് ടെസ്റ്റിംഗ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ (ആര്‍.റ്റി.റ്റി.സി.) വഴി അതത് പഞ്ചായത്തുകളിലെ മുപ്പത്തോളം കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കും. ആവശ്യാനുസരണം കാര്‍ഷിക യന്ത്രങ്ങളും ആര്‍.റ്റി.റ്റി.സി. വഴി ലഭ്യമാക്കും.
ഓഗസ്റ്റ് പകുതിയോടെ സംസ്ഥാനത്തെ ആദ്യ തരിശ് രഹിത മണ്ഡലമായി പാറശ്ശാല മണ്ഡലം മാറുമെന്നും എം.എല്‍.എ. പറഞ്ഞു. ഇതിന്റെ ഭാഗമായി ധനുവച്ചപുരം ഐ.റ്റി.ഐ. വളപ്പിലെ ഒരു ഹെക്ടര്‍ നിലം കൃഷി ചെയ്യാന്‍ നാലു ലക്ഷം രൂപയുടെ പ്രോജക്ടും എം.എല്‍.എ. കൃഷി ഓഫീസര്‍ക്ക് കൈമാറി.
പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ഐ.ആര്‍. സുനിത, കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയചന്ദ്രന്‍, തളിര്‍ കോര്‍ഡിനേറ്റര്‍ അജിത് സിംഗ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share your comments