പനച്ചിക്കാട് പഞ്ചായത്തിലെ പാത്താമുട്ടം കൊക്കാട്ടുചാൽ പാടത്തെ നെല്ല്, അരിയായും അരിപ്പൊടിയായും സ്വന്തം നാട്ടുകാരിലേക്ക്. നിറം ചേർത്ത അരിയെന്ന പേടി ഇല്ലാതെ ഗ്രാമവാസികൾക്ക് ഇനി സ്വന്തം കൺമുന്നിൽ വിളഞ്ഞ അരിയുടെ ചോറുണ്ണാം. പാത്താമുട്ടം ഗ്രാമം നെഞ്ചോട് ചേർത്ത കൊക്കാട്ടുചാലിലെ നെല്ലാണ് പരമ്പരാഗത രീതിയിൽ അരിയാക്കി പനച്ചിക്കാട് കാർഷിക സേവന കേന്ദ്രം വിപണിയിലെത്തിച്ചത്. അരി അന്യനാട്ടിലേക്ക് കയറി അയയ്ക്കാതെ നാട്ടുകാർക്ക് പ്രയോജനപ്രദമാക്കുകയാണ് ലക്ഷ്യം.
തവിട് കളയാതെയാണ് അരിയും അരിപ്പൊടിയും തയ്യാറാക്കിയിരിക്കുന്നതെന്ന പ്രത്യേകതയും പാത്താമുട്ടം റൈസിനുണ്ട്. അരിക്ക് 450 രൂപ (10 കിലോ)യും അരിപ്പൊടിക്ക് 140 രൂപ (രണ്ട് കിലോ)യുമാണ് വില.
27 വർഷമായി തരിശ് കിടന്ന പാടത്ത് തികച്ചും ജൈവ രീതിയിൽ വിളയിച്ച അന്നപൂർണ്ണ നെല്ലിന്റ അരി പനച്ചിക്കാട് കാർഷിക സേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകും.
കാർഷിക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പാത്താമുട്ടം റൈസിന്റെ വിപണനോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി സലിമോൻ ആദ്യ വില്പന ഏറ്റുവാങ്ങിയപ്പോൾ
നാടിനത് മറ്റൊരുത്സവമായി.
പനച്ചിക്കാട് പഞ്ചായത്തും കൃഷിഭവനും ജനപ്രതിനിധികളും നൽകിയ പിന്തുണയിലാണ് 20 ഏക്കറിൽ കൃഷി ഇറക്കാൻ, അഡ്വ. ജോണി ജോസഫ് പ്രസിഡൻറായ, കാർഷിക സേവനകേന്ദ്രത്തിന് കഴിഞ്ഞത്.
കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പമാണ് വിതയുത്സവവും കൊയ്ത്തുത്സവവും നടത്തിയത്.
Share your comments