പാഴാവുന്ന പഴങ്ങളിൽ നിന്ന് പെൻസിലിൻ വികസിപ്പിച്ചു കാലിക്കറ്റ് സർവകലാശാലാ ബയോടെക്നോളജി വിഭാഗം. ആറുവർഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ സി. ഗോപിനാഥൻ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ജീവൻരക്ഷാ ഔഷധമായ പെൻസിലിൻ കുറഞ്ഞവിലയിൽ ലഭ്യമാവുന്നതിനൊപ്പം ചീഞ്ഞളിയുന്ന പഴവർഗങ്ങളെ ഉപയോഗപ്പെടുത്താനും മലിനീകരണം തടയാനും സഹായിക്കുന്നതാണ് കണ്ടെത്തൽ. സോളിഡ് സ്‌റ്റേറ്റ് ഫെർമന്റേഷൻ സാങ്കേതികവിദ്യ (എസ്.എസ്.എഫ്.) ഉപയോഗിച്ചാണ് ജൈവമാലിന്യത്തിൽനിന്ന് പെൻസിലിൻ ഉത്പാദിപ്പിക്കുന്നത്.
ചീഞ്ഞമുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങൾ കുഴമ്പുരൂപത്തിലാക്കി അതിൽ തവിട്, ഉമിക്കരി തുടങ്ങിയ കൂട്ടിക്കലർത്തുന്നു. ഈ ലായനിയിൽ പെൻസിലിനിയം പൂപ്പലിനെ വളർത്തുന്നു. ഏഴുദിവസത്തിനുശേഷം പൂർണവളർച്ചയെത്തിയ പൂപ്പൽ ശേഖരിച്ച് അതിൽനിന്ന് പെൻസിലിൻ തന്മാത്ര വേർതിരിച്ചെടുക്കുന്നു. ജൈവാവശിഷ്ടങ്ങളാണ് പ്രക്രിയയിൽ കാർബൺ ഉറവിടമായി മാറുന്നത്. നിലവിൽ സബ്‌മെർജ്ഡ് ഫെർമന്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബയോറിയാക്ടറുകളിൽ പെൻസിലിൻ ഉത്പാദിപ്പിക്കുന്നത്. വിലകൂടിയ ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയവയാണ് അസംസ്‌കൃതവസ്തുക്കൾ.
ബയോറിയാക്ടറുകൾക്കും വലിയ മുടക്കുമുതൽ ആവശ്യമാണ്. കൂടാതെ പ്രവർത്തനത്തിന് കൂടിയ അളവിൽ ഊർജം ഉപയോഗിക്കണം. ഉത്പാദനക്ഷമതയും കുറവാണ്. ഇന്ത്യയിൽ ഒരുവർഷം 15,000 കോടി രൂപയുടെ പഴവർഗങ്ങളാണ് പാഴാവുന്നത്. ഇവ മരുന്ന് ഉത്പാദനത്തിനും ബയോഗ്യാസ് ഉത്പാദനത്തിനും മറ്റും ഉപയോഗപ്പെടുത്താനായാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്ന് ഗോപിനാഥൻ ചൂണ്ടിക്കാട്ടി. പുതിയ കണ്ടെത്തലിന്റെ പേറ്റന്റ് പ്രക്രിയ അവസാനഘട്ടത്തിലാണ്. പ്രൊവിഷണൽ പേറ്റന്റ് ഫയലിങ് പൂർത്തിയാക്കിക്കഴിഞ്ഞു. ഇതോടെ പെൻസിലിൻ ചുരുങ്ങിയ ചെലവിൽ ഉത്പാദിപ്പിക്കാൻ മരുന്നുകമ്പനികൾക്ക് അവസരമൊരുങ്ങുകയാണ്.
Share your comments