1. ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും, അദാലത്തുകൾക്ക് തുടക്കം. ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള ഭക്ഷ്യ കമ്മിഷന്റെ താലൂക്ക്‌തല അദാലത്തുകൾക്ക് തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ നിർവഹിച്ചു. ഭക്ഷ്യഭദ്രതയുടെ കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ, ഇടപെടാൻ കമ്മിഷന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2. മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ പാക്കേജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന്, കൃഷിമന്ത്രി പി പ്രസാദ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗന്ധവ്യഞ്ജനങ്ങളുടെയും, കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും, കയറ്റുമതി ലക്ഷ്യമിട്ടാണ് പാക്കേജിംഗ് എന്ന ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. 11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് മൂല്യ വർധിത മേഖലയിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതിനായി, വാല്യു ആഡഡ് അഗ്രിക്കൾച്ചർ മിഷൻ രൂപീകരിച്ചതായും കർഷകരുടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനിയുടെ, പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. കേരളം വഴിയുള്ള മുട്ട കയറ്റുമതിയിൽ വൻ വർധനവ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊച്ചി വിമാന താവളം വഴിയുള്ള കയറ്റുമതി വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം നവംബറിൽ 2.016 ടണ്ണായിരുന്ന കയറ്റുമതി, ഈ വർഷം ഫെബ്രുവരി ആയതോടെ 11.742 ആയി വർധിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് മുട്ട കേരളത്തിലെത്തുന്നത്. ഒമാനിലേക്കാണ് പ്രധാനമായും മുട്ട കയറ്റുമതി ചെയ്യുന്നത്.
വിഭാഗത്തിലുള്ള
4. ആദിവാസി വിഭാഗത്തിന് കരുത്തേകാൻ പ്രത്യേക നിയമനവുമായി വനംവകുപ്പ്. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട 500 പേരെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കും. 9 ജില്ലകലിലെ 345 പേർക്ക് പിഎസ്സി വഴിയാണ് നിയമന ശുപാർശ ലഭിച്ചത്. വനിതകകളും പുരുഷന്മാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. യോഗ്യതാ പരീക്ഷയുടെയും, കായിക ക്ഷമതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2024 ജനുവരിയിൽ പരിശീലനം പൂർത്തിയാക്കും.
5. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കി സംസ്ഥാനത്തെ 94 ഗ്രാമപഞ്ചായത്തുകൾ. മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിക്കും. ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിക്കും.
6. ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്. വാർഡുതലത്തിൽ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായാണ് വാഹനങ്ങൾ അനുവദിച്ചത്.
7. മാലിന്യസംസ്‌കരണത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച അവലോകനയോഗത്തിൽ മന്ത്രി എം ബി രാജേഷും വ്യവസായ മന്ത്രിയും പങ്കെടുത്തു. മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്മ്മനപദ്ധതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ഈ മാസം 25,26 തിയതികളിൽ കൊച്ചി കോർപ്പറേഷൻ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുമെന്നും ബോധവത്കരണത്തിന് ശേഷം മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പാലിക്കാത്തവര്ക്കെനതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു.
8. രാജ്യത്തെ കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള 500ഓളം കർഷക സംഘടനകൾ പങ്കെടുത്തു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, കൃഷിഭൂമി അന്യായമായി തട്ടിയെടുക്കുന്നത് തടയുക, കാർഷിക യന്ത്രങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ നിരത്തിലിറങ്ങിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാറിന് കർഷകർ നിവേദനം സമർപ്പിച്ചു. സംയുക്ത കിസാൻ മോർച്ചയാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.
9. ഷാർജയിലെ മലീഹയിൽ ഗോതമ്പ് കൃഷി വിളവെടുപ്പിന് തുടക്കം.
വിളവെടുപ്പ് ഉദ്ഘാടനത്തിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. കഴിഞ്ഞ വർഷം നവംബറിലാണ് 400 ഹെക്ടർ പാടത്ത് ഗോതമ്പ് വിത്തിറക്കിയത്. കൊയ്ത്ത് ഈ മാസം അവസാനത്തോടെ പൂർത്തിയാകും. മെയ്, ജൂൺ മാസത്തിൽ ഗോതമ്പ് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
10. കേരളത്തിലെ തെക്കൻ-മധ്യ ജില്ലകളിൽ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ-മധ്യ ജില്ലകളിൽ മഴ കൂടും. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കൂടുതൽ വാർത്തകൾ: അന്താരാഷ്ട്ര വനദിനാചരണവും പ്രത്യേക റിക്രൂട്ട്മെന്റിലൂടെയുള്ള നിയമനം
Share your comments