ലേയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയ നടപടി റദ്ദാക്കി. ഇന്ത്യയിൽ കൃഷി ചെയ്യുന്ന 'എഫ്സി 5' വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങ് ഇനത്തിനുമേൽ രാജ്യാന്തര ഭക്ഷ്യോൽപാദക കമ്പനിയായ പെപ്സികോ പേറ്റന്റ് നേടിയിരുന്നു.
പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിന് എതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകര്‍ സമരം തുടരുകയായിരുന്നു. കർഷക പ്രതിഷേധത്തിനൊടുവിലാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി പേറ്റന്റ് റദ്ദാക്കുന്നതിന് തീരുമാനിച്ചത്.
എഫ്സി5 ഉരുളക്കിഴങ്ങ് വകഭേദത്തിന്‍റെ പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിന് എതിരെ പരിസ്ഥിതി പ്രവർത്തകയായ കവിത കുറുഗന്ദി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയെ സമീപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജലാംശത്തിന്‍റെ അളവ് കുറവുള്ളതാണ് എഫ്സി 5 എന്ന ഉരുളക്കിഴങ്ങ് ഇനം. ഈ കിഴങ്ങ് കൃഷി ചെയ്തതിന് 2019ല്‍ ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ക്കെതിരെ യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്സികോ നിയമ നടപടി സ്വീകരിച്ചിരുന്നു. 4.02 കോടി രൂപയാണ് കമ്പനി കര്‍ഷകരോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
പിന്നീട് പെപ്സികോ ഇത് പിന്‍വലിച്ചു. ലേയ്സ് ഉൽപ്പാദന കമ്പനിയുടെ പരാതിക്ക് പിന്നാലെ എഫ്സി 5 ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.
എന്നാല്‍ സൗഹൃദപരമായി പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തിലായിരുന്നു കമ്പനി പരാതി പിന്‍വലിച്ചത്. പെപ്സിക്കോയുടെ പേറ്റന്റ് റദ്ദാക്കണമെന്ന ആവശ്യവുമായി ഇതിന് പിന്നാലെ കര്‍ഷക അവകാശ പ്രവര്‍ത്തകയായ കവിത കുറുഗന്ദി രംഗത്തെത്തി.
നിയമപ്രകാരമുള്ള രേഖകളില്ലാതെയും പൊതുതാത്‌പര്യം പരിഗണിക്കാതെയുമാണ് കമ്പനിയ്ക്ക് രജിസ്‌ട്രേഷൻ നൽകിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിത്തിനങ്ങളില്‍ പേറ്റന്‍റ് അനുവദിക്കാനാകില്ലെന്ന കവിതയുടെ വാദം അതോറിറ്റി ഒടുവിലിപ്പോൾ അംഗീകരിച്ച് കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയുമായിരുന്നു.
കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട രജിസ്ട്രാർ അവർക്ക് കഷ്ടപ്പാടുകൾ നൽകുകയായിരുന്നുവെന്ന് അതോറിറ്റി നിരീക്ഷിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയെന്ന് പി.പി.വി.എഫ്.ആര്‍ അതോറിറ്റി ചെയര്‍മാന്‍ കെ.വി.പ്രഭു അറിയിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
സസ്യ ഇനങ്ങളുടെ രജിസ്‌ട്രേഷന് നിയമാനുസൃതമായ നടപടിക്രമങ്ങൾ രൂപവത്‌കരിക്കാനും കൊണ്ടുവരാനും അതോറിറ്റി ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മാർഗ നിർദേശങ്ങൾ തയ്യാറാക്കണമെന്നും അതിനായി ഒരു സമിതി ഉണ്ടാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
1989ലാണ് പെപ്സികോ തങ്ങളുടെ ചിപ്സ് ഉൽപാദന പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിച്ചത്. കിഴങ്ങ് ഉൽപാദനത്തിനായി കർഷകരുമായി ഇവർ വച്ച കരാറിൽ, പെപ്സികോ നൽകുന്ന വിത്തിൽ വിളയുന്ന കിഴങ്ങ് നിശ്ചിത വിലയ്ക്ക് കമ്പനിക്ക് നൽകണമെന്നായിരുന്നു.
ഈ കിഴങ്ങിന്റെ വിത്തുകൾ വിതരണം ചെയ്യുന്നതിനും വിള വാങ്ങുന്നതിനും പെപ്‌സികോക്ക് മാത്രമായിരുന്നു അവകാശം. 2016ൽ പിപിവി ആൻഡ് എഫ്ആർ ആക്ട് 2001 പ്രകാരം പെപ്‌സികോ എഫ്സി5 ഇനം രജിസ്റ്റർ ചെയ്ത് പേറ്റന്റ് നേടിയെടുത്തു.
കിഴങ്ങ് സ്വന്തം നിലയിൽ കൃഷി ചെയ്ത ഗുജറാത്തിലെ ഏതാനും കർഷകർക്കെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ നടപടി കര്‍ഷകരുടെ വിജയമെന്നാണ് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ പങ്കുവച്ചത്.
Share your comments