ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുമ്പോൾ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുകയും മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റേണ്ടതായി വരും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പിഎഫ് ബാലന്‍സ് തുക മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറുന്നതിന് പലപ്പോഴും ജീവനക്കാർ വലിയ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
ഇത്തരത്തിൽ ഒരു സന്ദർഭത്തിലാണ് നിങ്ങളെങ്കിൽ ഇനി വലിയ ആശങ്കകൾ വേണ്ട. കാരണം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അഥവാ ഇപിഎഫ്ഒ അക്കൗണ്ട് കൈമാറല്‍ പ്രക്രിയ കൂടുതൽ എളുപ്പമാക്കി മാറ്റിയിരിക്കുന്നു.
മുൻപ് തൊഴില്‍ ദാതാവിന് മാത്രമായിരുന്നു ഇപിഎഫ്ഒ സിസ്റ്റത്തില്‍ വിവരങ്ങള്‍ പുതുക്കാന്‍ സാധിച്ചിരുന്നതെങ്കിൽ ഇനി അതിന്റെ ആവശ്യമില്ല. ജീവനക്കാരന്റെ പ്രവേശന തിയതി, ജോലി വിട്ട തിയതി തുടങ്ങിയ വിവരങ്ങളൊക്കെ ഇപിഎഫ്ഒ സംവിധാനത്തിലേക്ക് നേരത്തേ അപ്ഡേറ്റ് ചെയ്തിരുന്നത് തൊഴില്‍ ദാതാവായിരുന്നു.
അതുകൊണ്ടു തന്നെ തൊഴില്‍ ദാതാവ് കൃത്യമായി ഇക്കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ജീവനക്കാരന് തുക കൈമാറ്റം ചെയ്യുവാനും പിന്‍വലിക്കുവാനും പ്രയാസങ്ങള്‍ നേരിട്ടിരുന്നു.
ഇനി മുതൽ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് തന്നെ ജോലി വിട്ടിറങ്ങിയ തിയതി ഇപിഎഫ്ഒ സംവിധാനത്തില്‍ ചേര്‍ക്കുവാനുള്ള സൗകര്യമാണ് ഇപിഎഫ്ഒ ഒരുക്കിയിട്ടുള്ളത്. അതായത് പുറത്തിറങ്ങുന്ന തിയതി സിസ്റ്റത്തില്‍ ചേര്‍ക്കുവാന്‍ ഇനി തൊഴില്‍ ദാതാവോ കമ്പനിയോ വേണ്ട. വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകും.
ഇപിഎഫ് അപ്ഡേഷൻ ഓൺലൈനിൽ
mem.epfindia.gov.in/memberinterface/ എന്ന യൂനിഫൈഡ് പോര്‍ട്ടലിലൂടെയാണ് പിഎഫ് അപ്ഡേഷൻ ചെയ്യേണ്ടത്. യുഎഎന്‍, പാസ്‍വേഡ്, ക്യാപ്ച്ച കോഡ് എന്നിവ നല്‍കിക്കൊണ്ട് പോർട്ടലിലേക്ക് പ്രവേശിക്കുക. ശേഷം തുറന്നു വരുന്ന പുതിയ പേജില്‍ മാനേജ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
മാര്‍ക് എക്സിറ്റ് ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ തൊഴില്‍ തെരഞ്ഞെടുക്കുവാനുള്ള മെനു കാണാം. നിങ്ങളുടെ യുഎഎന്നുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ പിഎഫ് അക്കൗണ്ട് തെരഞ്ഞെടുക്കാം.
ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങൾ സ്‌ക്രീനില്‍ ദൃശ്യമാകും. ഇതിലേക്ക് ജോലി അവസാനിപ്പിച്ച തിയതിയും ജോലി വിടാനുള്ള കാരണവും ഉൾപ്പെടുത്തണം. ഇതിനായി സ്‌ക്രീനിൽ ഓപ്‌ഷൻസ് ഉണ്ട്.
റിട്ടയര്‍മെന്റ്, ഷോട്ട് സര്‍വീസ് എന്നിവയാണ് ജോലി അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്‌ഷനുകൾ. ഇതിനു ശേഷം ഒടിപിയ്ക്കായി റിക്വസ്റ്റ് ചെയ്ത് ഒടിപി നല്‍കിയതിന് ശേഷം ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യണം. അപ്ഡേറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ok നല്‍കുക. ഇതോടെ തിയതി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു.
ജോലി അവസാനിപ്പിച്ച തിയതി വളരെ ശ്രദ്ധയോടെ വേണം നൽകേണ്ടത്. ആദ്യം കൊടുക്കുന്ന തിയതി പിന്നീട് തിരുത്തുവാന്‍ സാധിക്കില്ല.
ഇതിനു പുറമെ, 2020-21 കാലയളവിലെ പലിശ നിരക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ്ഒ വൈകാതെ തന്നെ കൈമാറുമെന്നാണ് ഏറ്റവും പുതിയ വാർത്ത. ദീപാവലിയ്ക്ക് മുമ്പായി തന്നെ 8.5 ശതമാനം പലിശ തുക ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തും. ഇതിനു സർക്കാർ നിര്‍ദേശം നൽകിയതായാണ് വിവരം.
Share your comments