
ജില്ലയില്‍ തീര്‍ഥാടന - ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദ സഞ്ചാരികള്‍ക്കായി ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളും ഹെറിറ്റേജ് വില്ലേജും ഗവി ഉള്‍പ്പെടെയുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക പാക്കേജ് രൂപീകരിക്കും. ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന ടൂറിസം പാക്കേജ് രൂപീകരിക്കുകയും സഞ്ചാരികള്‍ക്കായി ജില്ലയിലെ എംഎല്‍എമാരുടെ ഫണ്ട് ഉപയോഗിച്ച് വാഹന സൗകര്യം ക്രമീകരിക്കുകയും ചെയ്യും. സഞ്ചാരികള്‍ക്ക് ഗ്രാമജീവിതം അറിയുന്നതിനും ആസ്വദിക്കുന്നതിനും ആറന്മുള കേന്ദ്രമാക്കി ഹെറിറ്റേജ് ടൂറിസം പദ്ധതിയും നടപ്പാക്കും.കോവിഡിന് ശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ട പുതിയ പദ്ധതികളെ സംബന്ധിച്ചും ചര്‍ച്ച നടത്തി.
കുളനട അമിനിറ്റി സെന്ററില്‍ ജില്ലയിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ആരംഭിക്കണമെന്നും സെന്ററും പരിസരവും വൃത്തിയായി സൂക്ഷിച്ച് ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പുനരുദ്ധാരണം കഴിഞ്ഞ അരുവിക്കുഴിയിലെ ടൂറിസം കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍ നിര്‍ത്തി മുഴുവന്‍ സമയവും സെക്യൂരിറ്റിയെ ചുമതലപ്പെടുത്തണം. അരുവിക്കുഴിയില്‍ സാഹസിക ടൂറിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ആറന്മുള സത്രക്കടവില്‍ ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ് പദ്ധതിയിലൂടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രക്കടവ് വരെ നടത്താമെന്ന മന്ത്രിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സത്രം കോംപ്ലക്‌സിന്റെ വാടക വര്‍ധിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പാതയോരങ്ങളില്‍ പരസ്യ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ജനുവരിയില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും തീരുമാനമായി.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Share your comments