പ്ലാസ്റ്റിക് നിരോധനം വന്നതോടെ വൃക്ഷത്തെ നട്ടുവളർത്തുന്ന പ്ലാസ്റ്റിക് കൂട് വനംവകുപ്പിന് ഉപേക്ഷിക്കേണ്ടി വരും . ഒരു രൂപയായിരുന്നു പ്ലാസ്റ്റിക് കൂടിന് ചെലവ്. എന്നാൽ പരിസ്ഥിതിസൗഹൃദ കൂടുകൾക്ക് ചെലവേറെയാണ്. ഇപ്പോൾ അന്തിമ പരിശോധനയിലുള്ള, ചകിരി കൊണ്ടുള്ള കൂടിനു ചെലവ് 10 രൂപയാണ്.
കേരളത്തിലെ ചകിരിയിൽ ഉപ്പുരസം കൂടുതൽ ഉള്ളതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ചകിരിയാണു വേണ്ടത്. പൊള്ളാച്ചിയിൽ ചകിരിക്കൂടു നിർമിച്ച് കേരളത്തിലെ 14 ജില്ലകളിലും 5000 തൈ വീതം നട്ടു പരീക്ഷിക്കുകയാണ് വനംവകുപ്പ്. ചെലവ് കവറിനു തന്നെ കുറഞ്ഞത് 6.5 രൂപയാണ് വില.പിന്നെ ഇതിനായുള്ള പ്രത്യേക സ്റ്റാൻഡ് കൂടിയാകുമ്പോൾ 10 രൂപ. ഒരു വൃക്ഷതൈ നട്ടുപരിചരിച്ച് 10 സെമി ഉയരത്തിൽ വളർത്തി കൊടുക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ചെലവ് 18 രൂപയായിരുന്നു.
ഈ വർഷം കവറിന്റെ ചെലവും സ്റ്റാൻഡും ജിഎസ്‌ടിയും നട്ടുപരിചരണത്തിന്റെ പണിക്കൂലിയും ഉൾപ്പെടെ 30–32 രൂപയെങ്കിലുമാകും ഒരു വൃക്ഷത്തെയിൽ വനംവകുപ്പിന്റെ ചെലവ്. തുണി, തുണിയും റബറും ചേർന്നത്, ജീൻസ്, ചണം ഒക്കെ ഉപയോഗിച്ചുള്ള കൂടുകൾ പരീക്ഷിച്ചെങ്കിലും തൈ നട്ട് ഒരു മാസം കൊണ്ടു തന്നെ ദ്രവിച്ചുപോയി. 4 മാസം വരെ ഈ കവറിൽ വളർന്നതിനുശേഷമാണ് ഭൂമിയിലേക്ക് മാറ്റി നടുക. ചകിരിയുടേത് ആദ്യപരീക്ഷണങ്ങളിൽ വിജയിച്ചു. ചെലവേറിയതിനാൽ ഇനി സൗജന്യമായും സൗജന്യനിരക്കിലും തൈകൾ ആവശ്യമുള്ളവർക്കും നട്ടുപരിപാലിച്ച് വളർത്തുമെന്നുള്ളവർക്കും മാത്രം നൽകിയാൽ മതിയെന്നുമാണ് തീരുമാനം. അല്ലെങ്കിൽ വകുപ്പിനു നഷ്ടമല്ലാത്ത തുക ഈടാക്കണം.
Share your comments