1. കൃഷിയിടങ്ങൾക്ക് തീയിടുന്ന കർഷകർക്ക് PM Kisan Samman Nidhi ആനുകൂല്യം ലഭിക്കില്ല. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38 ശതമാനവും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ തുടർച്ചയായി കത്തിക്കുന്ന സാഹചര്യത്തിൽ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വായു മലിനീകരണം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സർക്കാർ നിർണായകമായ തീരുമാനം അറിയിച്ചത്. ഇതുകൂടാതെ തുടർച്ചയായി കൃഷിയിടം കത്തിക്കുന്ന കർഷകരിൽ നിന്ന് പിഴ ഈടാക്കുമെന്നും UP Government അറിയിച്ചു. ഒരേക്കറിൽ താഴെ ഭൂമിയുള്ള കർഷകരിൽ നിന്ന് 2500 രൂപയും, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് 5000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം.
ബന്ധപ്പെട്ട വാർത്തകൾ: നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർകാർഡും..കൃഷി വാർത്തകളിലേക്ക്
2. കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന കൃഷിപാഠം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് കൃഷി പാഠം. മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് വിദ്യാർഥികൾ മനസിലാക്കണമെന്നും തളരുന്ന കൃഷിയുടെ പുരോഗതി കൈവരിക്കാൻ കൃഷി പാഠം പദ്ധതിയിലൂടെ സാധിക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം സംഘടിപ്പിച്ചു.
3. അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി Kerala Tourism. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ World Travel Marketന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് Water Street Scheme തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിൽ നടക്കുന്ന പരിപാടിയിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. വാട്ടർ സ്ട്രീറ്റ് പദ്ധതി കോട്ടയം മറവന്‍തുരുത്ത് ഗ്രാമത്തിലും, സ്ട്രീറ്റ് പദ്ധതി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിലുമാണ് നടപ്പിലാക്കിയത്.
4. അർഹമായ വില കിട്ടാത്തതുമൂലം പുഞ്ചകൃഷിയിറക്കാതെ നട്ടംതിരിഞ്ഞ് ആലപ്പുഴയിലെ കർഷകർ. Supplycoയ്ക്ക് നെല്ല് നൽകിയ കർഷകരാണ് വില കിട്ടാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായത്. പൊതുവിതരണ വകുപ്പിന്റെ ഉത്തരവ് ലഭിക്കാത്തത് മൂലമാണ് തുക നൽകാൻ സാധിക്കാത്തതെന്ന് സപ്ലൈകോ പറയുന്നു. ഇതിനുമുമ്പ് മില്ലുകാരുടെ സമരംമൂലം രണ്ടാം കൃഷി നെല്ലെടുപ്പ് ഒരുമാസത്തോളം വൈകിയാണ് ആരംഭിച്ചത്. നെല്ലുസംഭരണ രസീത് പോലും പല കർഷകർക്കും ലഭിച്ചിട്ടില്ലെന്നും ഒരേക്കർ കൃഷിയിറക്കുന്നതിന് 35,000 മുതൽ 45,000 രൂപ വരെ ചെലവുണ്ടെന്നും കർഷകർ പറയുന്നു.
5. ആലപ്പുഴ ജില്ലയിലെ നൂതന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായമന്ത്രി പി. രാജീവ്. 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി തുറവൂര്‍ പാട്ടുകുളങ്ങരയിലെ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ ഫുഡ്സ് എന്നീ സംരംഭങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സംരംഭങ്ങളുടെ പ്രവര്‍ത്തനം, വരുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജീവനക്കാരുമായി മന്ത്രി ചർച്ച നടത്തി. കൂടുതല്‍ പേര്‍ ഇനിയും സംരംഭ മേഖലയിലേക്ക് കടന്നു വരണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് ടെക്നോമേക്ക്. 2022ൽ പ്രവർത്തനം ആരംഭിച്ച അര്‍പണ ഫുഡ്സിൽ 24 സ്ത്രീകള്‍ ഉള്‍പ്പെടെ 30 ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.
6. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന. ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനുമാണ് ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലെ അരി, പലവ്യഞ്ജന മൊത്ത വ്യാപാരശാലകളിലായിരുന്നു പരിശോധന നടത്തിയത്. പൊതുവിപണിയില്‍ ഭക്ഷ്യോൽപന്നങ്ങൾക്ക് ക്രമാതീതമായ വില ഈടാക്കുന്നുവെന്ന വിവരം ലഭിച്ച സാഹചര്യത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ നിര്‍ദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയത്.
7. മികച്ച ആരോഗ്യത്തിന് നല്ല ഭക്ഷണസംസ്കാരം ശീലമാക്കണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ കാര്‍ഷിക കര്‍മ്മസേനയുടെ വാഴകൃഷി വിളവെടുപ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ നിർദേശത്തോടെ സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
8. ജൈവ കൃഷിക്കൊരു ആമുഖം വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഈ മാസം 14 മുതല്‍ 19 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കമ്പോസ്റ്റ് നിർമാണം, ജൈവ കൃഷിയുടെ വാണിജ്യ സാധ്യതകള്‍, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ക്ലാസുകളിൽ ചർച്ച ചെയ്യും. പരിശീലനത്തിൽ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 11ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. 2010 രൂപയാണ് ഫീസ്.
9. പത്തനംതിട്ട ജില്ലയിലെ ഖാദി മേഖലയ്ക്ക് കരുത്ത് കൂട്ടാൻ മാത്തൂരില്‍ ഉത്പാദന കേന്ദ്രം വരുന്നു. മാത്തൂരിലെ ഖാദി ബോര്‍ഡ് വക സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. നൂല്‍ നൂല്‍പ്പു കേന്ദ്രം, റെഡിമെയ്ഡ്-ഗാര്‍മെന്റ് നിര്‍മാണ യൂണിറ്റ് തുടങ്ങിയവയും കെട്ടിടത്തിൽ സ്ഥാപിക്കും. ഖാദി ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആധുനിക രീതിയിലുള്ള പുതിയ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഖാദി മേഖലയ്ക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
10. കർഷകർക്കും സംരംഭകർക്കും മികച്ച അവസരമൊരുക്കി അഗ്രോ വേൾഡ് 2022ന് ഡൽഹിയിൽ തുടക്കം. ഇന്നുമുതൽ 11 വരെ ഐഎആർഐ പൂസ കാമ്പസിൽ പരിപാടി നടക്കും. ഇന്ത്യൻ ചേംബർ ഓഫ് ഫുഡ് ആൻഡ് അഗ്രകൾച്ചറിന്റെ നേതൃത്വത്തിൽ കൃഷിമന്ത്രാലയത്തിന്റയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക-ഭക്ഷ്യ വ്യവസായികൾ, അഗ്രി-സ്പെഷ്യലിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന ചർച്ചകളും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ നടക്കും. പരിപാടിയിൽ കൃഷി ജാഗരണും പങ്കാളിയായി.
11. കേരളത്തിൽ ശനിയാഴ്ച വരെ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments