1. കൊല്ലം ജില്ലയിലെ പി എം കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ആനൂകൂല്യം തുടര്‍ന്നും ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖ എന്നിവ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്‌ടോബര്‍ 28 വരെ നീട്ടി. ആധാര്‍ സീഡ് ചെയ്ത അക്കൗണ്ട് ആരംഭിക്കാന്‍ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. നവംബറില്‍ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ഇതോടെ ലഭിക്കും. ഇ-കെവൈസി ലാന്‍ഡ് സീഡിങ് എന്നിവ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ജനസേവനകേന്ദ്രങ്ങള്‍ വഴിയോ പൂര്‍ത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് 0474 2795082 എന്ന നമ്പറിൽ വിളിക്കാം.
കൂടുതൽ വാർത്തകൾ: ക്ഷീരകർഷകർക്ക് 3 കോടി രൂപ; അധിക പാൽ വില പ്രഖ്യാപിച്ച് മിൽമ
2. വയനാട് ജില്ലയില്‍ വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ച് കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കുന്നത്. വന്യജീവികള്‍ കൃഷിയിടത്തിലിറങ്ങുന്നതുമൂലം നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിന് പരിഹാരം കാണുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
3. ഖത്തറിലെ 400ഓളം പ്രാദേശിക ഫാമുകളിൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ ലഭ്യമാക്കി മുൻസിപ്പാലിറ്റി മന്ത്രാലയം. ചെടികൾക്ക് കൃത്യമായ അളവിൽ ജലവും പോഷകങ്ങളും എത്തിക്കുന്നതിനാണ് ഡ്രിപ് ഇറിഗേഷൻ സംവിധാനം നടപ്പിലാക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. 2022ലാണ് പദ്ധതി ആരംഭിച്ചത്.
Share your comments