- പ്രധാനമന്ത്രി കിസാന് സമ്മാന് നിധി യോജന ആനുകൂല്യം ലഭിക്കുന്നതിന് പത്തനംതിട്ട ഇലന്തൂര് കൃഷി ഓഫീസ് പരിധിയിലുള്ള പിഎം കിസാന് ഗുണഭോക്താക്കള് സ്ഥലവിവരം എ.ഐ.എം.എസ് പോര്ട്ടലില് രജിസ്റ്റര് ചെയ്യണമെന്ന് കൃഷി ഓഫീസര് അറിയിച്ചു. ഈ മാസം 27ന് മുമ്പായി രജിസ്ടേഷൻ നടത്തണം. 2022 -23ലെ കരമടച്ച രസീത്, ആധാര് കാര്ഡ്, രജിസ്റ്റര് ചെയ്ത മൊബൈല് നമ്പര് എന്നിവ സഹിതം അപേക്ഷിക്കണമെന്നാണ് ഇലന്തൂര് കൃഷിഭവന് ഓഫീസറുടെ അറിയിപ്പ്.
- കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. നാളെ മുതലാണ് പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിക്കുന്നത്. പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നു വരുന്ന ലോൺ, സബ്‌സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8 8 9 1 9 3 9 4 6 8 എന്ന നമ്പരിൽ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 26,000 രൂപയായി ഉയർത്തും
- കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്നും പ്രത്യേക പരിഗണന ലഭിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിരവധി ചെറുകിട കർഷകർ കാർഷികവൃത്തിയിൽ ഏർപ്പെടുന്ന കേരളത്തിന് തുടർച്ചയായുണ്ടാകുന്ന കൃഷിനാശം താങ്ങാനാവില്ലെന്നും, കാലംതെറ്റി പെയ്യുന്ന മഴ നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷിനാശത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന കർഷകന് അല്പമെങ്കിലും ആശ്വാസമാവുന്നത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമാശ്വാസ പദ്ധതികളാണെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി.
- നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം. ഊത്തപിടുത്തത്തിലൂടെ ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ, പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികൾക്ക് തടസം വരുത്തി മത്സ്യബന്ധനം നടത്തുന്നത് സർക്കാർ നിരോധിച്ചു. അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടുത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് വില കുതിക്കുന്നു: ലോകത്താകമാനം ഗോതമ്പിന് ക്ഷാമം നേരിടേണ്ടിവരും
- രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27 വൈകുന്നേരം അഞ്ചിന് നിശാഗന്ധിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.
- കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ രൂക്ഷമായ കാട്ടുപന്നിശല്യത്തിൽ നിന്ന് കൃഷിയെ രക്ഷിക്കുന്നതിന്, കൃഷിയിടത്തിൽ അപകടരഹിത വല സ്ഥാപിച്ചു. വീര്യമ്പ്രം ഭാഗങ്ങളിൽ വയലിലും പറമ്പിലും കൃഷി നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അപകടരഹിത വല സ്ഥാപിച്ചത്. കൃഷി സംരക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിജിൽ രാജ് അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എൻറെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍
- അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ തേയില കയറ്റുമതി ഏകദേശം 300 ദശലക്ഷം കിലോ ആയി ഉയരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ. നിലവിൽ വിപണികളിൽ തേയിലയ്ക്കുള്ള ശക്തമായ ഡിമാൻഡ് കാരണം ഈ സാമ്പത്തിക വർഷത്തിൽ തേയില കയറ്റുമതി 240 ദശലക്ഷം കിലോയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ആഗോള വിപണി വിടവ് നികത്താനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ടെന്നും ടീ ബോർഡ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായ സൗരവ് പഹാരി പറഞ്ഞു.
- കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 'എന്റെ ഗ്രാമം' സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
Share your comments