1. രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരുടെ, ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ആധാറുമായി ബന്ധിപ്പിക്കണം. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ R .E .L .I .S പോര്‍ട്ടലില്‍ ഉള്ള P. M കിസാന്‍ ഗുണഭോക്താക്കള്‍, സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങള്‍ നല്‍കണം. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ 'എയിംസ് ' പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. R .E .L .I .S പോര്‍ട്ടലില്‍ ഇല്ലാത്തവര്‍ അവരുടെ അപേക്ഷയും സ്ഥല വിവരങ്ങള്‍- പട്ടയം/ ആധാരം / വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് E- KYC നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ PM കിസാന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 31നകം, P .M കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ C.S .C തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ E- KYC ചെയ്യണം.
2. കാര്‍ബണ്‍രഹിത കൃഷിയിടം സാധ്യമാക്കുക, എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അനെര്‍ട്ട് കൃഷിയിടങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്ന പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന പദ്ധതി, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ P .M . Kusum യോജന മുഖേനയാണ് നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കൃഷിയിടങ്ങളിൽ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരം സ്ഥാപിക്കുന്ന സൗരോര്‍ജ നിലയത്തിന് 60 ശതമാനം സബ്സിഡി ലഭിക്കും. ഇതില്‍ 30 ശതമാനം കേന്ദ്ര സബ്സിഡിയും 30 ശതമാനം സംസ്ഥാന സബ്സിഡിയുമാണ്.
3. കന്നുകാലികൾക്കായി വീടുകളിൽ പുൽകൃഷി വ്യാപകമാക്കണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ . ചിഞ്ചുറാണി. കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും, എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നന്മണ്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ക്ഷീര കർഷകർ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ഫീഡുകളാണ് ഉപയോഗിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാൻ വീടുകളിൽ പുൽകൃഷി വ്യാപിപ്പിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പുൽകൃഷി കർഷകർക്ക് ഒരു ഏക്കറിന് 16000 രൂപ സബ്സിഡി ഉൾപ്പെടെ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ ആവശ്യങ്ങൾ അറിയിക്കാനായി കോൾ സെന്റർ സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
4. പുതുവർഷത്തോടനുബന്ധിച്ച്, ആലപ്പുഴ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടത്തിന്റെയും, ആലപ്പുഴ നഗരസഭയുടെയും സഹകരണത്തോടെ ബീച്ച് ഫെസ്റ്റ് സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി . പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി, എ.എം. ആരിഫ് എം. പി, എച്ച്. സലാം എം.എൽ.എ., നഗരസഭ അധ്യക്ഷ ശ്രീമതി സൗമ്യ രാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡിസംബർ 31 വരെയാണ് ഫെസ്റ്റ്.
5 . ഇസ്രായേല്‍ കൃഷി മാതൃകകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കൃഷി വകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ള പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 12 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും, പഠിക്കുന്നതിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൃഷിവകുപ്പ്, സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ ജനുവരി 12-ന് മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ www.aimsnew.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരമാവധി 20 കര്‍ഷകര്‍ക്കായിരിക്കും അവസരം ലഭിക്കുക. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കര്‍ഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എയിംസ് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക.
6. രാജ്യത്തെ പാലുൽപ്പാദനക്ഷമതയിൽ, സംസ്ഥാനത്തെ ഒന്നാമതായി, എത്തിക്കുകയാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അരീക്കോട് സാഗർ ഓഡിറ്റോറിയത്തിൽ, മൂന്ന് ദിവസം നീണ്ടു നിന്ന മലപ്പുറം ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പാലുൽപ്പാദന ക്ഷമതയിൽ പഞ്ചാബിന് പിന്നിൽ, രണ്ടാമതാണ് കേരളം. വരും വർഷങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. അതിനായി മികച്ച ഉൽപ്പാദനക്ഷമതയുള്ള കന്നുകാലികളെ കർഷകർക്ക് നൽകാൻ ആണ് സർക്കാർ തീരുമാനം. അതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തവർഷം 90 ശതമാനം സബ്സിഡിയോടെ കന്നുകാലികളെ കർഷകന് കൈമാറാനുള്ള പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
7. കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സ്വകാര്യ വ്യക്തി വളർത്തിയിരുന്ന താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു, ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച് 5എൻ 1 സ്ഥിരീകരിച്ചത്. 5066 താറാവുകളെ ദയാവധം ചെയ്തു
8. ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം ജനുവരി 9 ന് വൈകീട്ട് 4 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പി. മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘാടകസമിതി യോഗം നടന്നു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ചെയര്‍മാനും, കേരള ജല അതോറിറ്റി-പാലക്കാട് പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ് അനില്‍ രാജ് കണ്‍വീനറും, അനങ്ങനടി-തൃക്കടീരി-ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്‍മാന്‍മാരുമായി സംഘാടകസമിതിയെ തെരഞ്ഞെടുത്തു.
9. ജില്ലാ തല കർഷക അവാർഡ് ജേതാവും, ആത്മ ജൈവഗൃഹം കർഷകനുമായ കെ പി. കനകന്റെ കൃഷിയിടമായ പ്രവദ ഫാമിലെ ജീവധാര കൃഷി ഗ്രൂപ്പിന്റെ വിളവെടുപ്പ് ഉദ്ഘാടനം ഏലൂർ മുൻസിപ്പൽ ചെയർമാൻ AD സുജിൽ നിർവഹിച്ചു, ചടങ്ങിൽ ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് EK സേതു, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ജീവനക്കാർ, കൃഷിക്ക് ഒപ്പം കളമശേരി ടീം അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
10. പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിൻ്റെ ഭാഗമായി ആലുവ SNDP HSS ലെ വിദ്യാർത്ഥികൾക്കായി കോങ്ങോർപ്പിള്ളി GVHSSൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പായ വെളിച്ചം 2022 ൻ്റെ ഭാഗമായി തേൻ കനി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം ആലങ്ങാട് കൃഷി അസിസ്റ്റന്റ് ഓഫീസർ SK ഷിനു നിർവഹിച്ചു.
11. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ കാർഷിക മേഖല സമ്പന്നമാകുമെന്ന് ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം ചാമംപതാലിൽ നിർവഹിച്ച ശേഷം ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി പദ്ധതി വിശദീകരിച്ചു.
12. കാസർഗോഡ് ജില്ലയില്‍ ചെള്ള്പനി ( സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിക്കുകയും, സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാ മുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ചെള്ള്പനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ ഇതു മനുഷ്യരിലേക്ക് പകരാനിടയാകും.
13. മലപ്പുറം ടൗണ്‍ ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും, മലപ്പുറം നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശന വേദിയില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികള്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. വിവിധയിനം കുടകള്‍, എല്‍ഇഡി ബള്‍ബുകള്‍, സോപ്, പേപ്പര്‍ പേനകള്‍ തുടങ്ങിയവയാണ് പ്രധാനമായും സ്റ്റാളില്‍ ഉള്ളത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആഭിമുഖ്യത്തിലാണ്, പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച ശില്‍പശാലകളില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍ നിര്‍മിച്ച പേനകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രപ്രദര്‍ശനം എന്നിവയാണ് ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശന വേദിയില്‍ ഉള്ളത്.
14. രാജ്യത്തുടനീളം 1 ദശാംശം 5 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കുകയെന്ന ലക്ഷ്യം സർക്കാർ കൈവരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ആയുഷ്മാൻ ഭാരതിന് കീഴിൽ, 2022 ഡിസംബറോടെ ആരോഗ്യ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, നിലവിലുള്ള ഒരു ലക്ഷത്തി അമ്പതിനായിരം ഉപ-ആരോഗ്യ കേന്ദ്രങ്ങളെയും, ഗ്രാമീണ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും, Ayushman Bharat Health and Wellness Centresകളായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
15 . ഇന്നും മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക്, കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments