1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്കുള്ള 16-ാം ഗഡു നാളെ ലഭിക്കും. കേരളത്തിൽ 23.41 ലക്ഷം പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2023 ഓഗസ്റ്റ് മാസത്തിലെ കണക്കുപ്രകാരം രാജ്യത്ത് 8.56 കോടിപേരാണ് ആനുകൂല്യത്തിന് അർഹർ. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം ഗുണഭോക്താക്കൾ ഉള്ളത്, 1.86 കോടി പേർ. മഹാരാഷ്ട്രയിൽ 85 ലക്ഷം, മധ്യപ്രദേശിൽ 76 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് യോഗ്യത പരിശോധിക്കാം. അതേസമയം, ആദായനികുതി അടയ്ക്കുന്നവർ ഉൾപ്പെടെ നിരവധിപേർ അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകളോടും സംസ്ഥാന സർക്കാരുകളോടും നിർദേശം നൽകി. സംസ്ഥാനത്ത് 30,416 അനർഹരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ: PM Kisan; പതിനാറാം ഗഡു ഈ മാസം കിട്ടും! തീയതി അറിയാം..
2. കാര്‍ഷിക മേഖലയിലുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി മാര്‍ച്ച് രണ്ടിന്. നവകേരള സദസ്സിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം. ആലപ്പുഴ കാംലോട്ട് കൺവെൻഷൻ സെന്ററിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പരിപാടി നടക്കും. കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുക. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി പത്തോളം വിദഗ്ധര്‍ വേദിയില്‍ ഉണ്ടാകും.
3. ചെറുധാന്യ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. മില്ലറ്റ് ഇനങ്ങൾ, കൃഷിരീതി, നൂതന ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ച് ക്സാസുകൾ നടക്കും. മാർച്ച് ഒന്നിന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വച്ച് പരിശീലനം നടക്കും. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. പരിശീലന ഫീസ് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യാനും 8891540778, 8075296383 നമ്പറുകളിൽ വിളിക്കുകയോ, വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.
4. കോട്ടയം ജില്ലയിൽ കാപ്‌കോസ് ആധുനിക റൈസ് മിൽ വരുന്നു. സഹകരണമേഖലയിൽ ആരംഭിക്കുന്ന റൈസ് മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂരിൽവച്ച് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നെൽകർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി റൈസ് മിൽ മാറുമെന്ന് മന്ത്രി പറഞ്ഞു. 80 കോടി രൂപ ചെലവിലാണ് കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ നെൽകർഷകരുടെ സംരക്ഷണത്തിനായി സഹകരണമേഖലയുടെ ഇടപെടൽ ശക്തമാക്കുകയാണ് ലക്ഷ്യം. നെല്ല് സൂക്ഷിക്കാനുള്ള വെയർഹൗസ്, ഈർപ്പം ക്രമീകരിക്കാനുള്ള സാങ്കേതിക വിദ്യ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
Share your comments