1. പി എം കിസാൻ സമ്മാൻ നിധിയിൽ വീണ്ടും മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പി എം കിസാൻ പദ്ധതിയിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്താനൊരുങ്ങുകയാണ് സർക്കാർ. ഇത്തരത്തിലുള്ള മാറ്റം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. മുമ്പത്തെ നിയമം അനുസരിച്ച് ഭാര്യാ ഭർത്താക്കൻമാർക്ക് പിഎം കിസാൻ്റെ ആനുകൂല്യങ്ങൾ നേടാൻ പറ്റില്ലായിരുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ വ്യാജരെന്ന് കണക്കാക്കി സർക്കാർ തുക വീണ്ടെടുത്തിരുന്നു. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അർഹതയില്ലാത്ത കർഷകർ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, അവർ നേടിയ മൊത്തം തുകയും സർക്കാരിലേക്ക് തിരികെ നൽകേണ്ടി വരും എന്നതാണ് നിയമം.
2. ഹരിയാനയിലെ ലെഷര്‍ വാലി പാര്‍ക്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 23 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്. എട്ട് ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകളും കുടുംബശ്രീ എന്‍.ആര്‍.ഒ മേല്‍നോട്ടം വഹിച്ച ഫുഡ്കോര്‍ട്ടില്‍ നാല് സ്റ്റാളുകളുമാണ് കുടുംബശ്രീയുടേതായുണ്ടായിരുന്നത്. ഉത്പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 17.90 ലക്ഷം രൂപയും നല്ല നാടന്‍ കേരളീയ ഭക്ഷണമൊരുക്കി നല്‍കി 8.10 ലക്ഷം രൂപയുമാണ് കുടുംബശ്രീ സംരംഭകര്‍ സ്വന്തമാക്കിയത്. ആകെ 26 ലക്ഷത്തിന്റെ വിറ്റുവരവ്! കൂടാതെ മികച്ച പ്രദര്‍ശന-വിപണന സ്റ്റാളിനും ഫുഡ് കോര്‍ട്ടിലെ മികച്ച കഫെ സ്റ്റാളിനുമുള്ള പുരസ്‌ക്കാരങ്ങളും കുടുംബശ്രീ സംരംഭകര്‍ സ്വന്തമാക്കി.
3. കൃഷിദർശൻ്റെ ഭാഗമായി കൃഷിയിട സന്ദർശനത്തിന് കൃഷി മന്ത്രി പി പ്രസാദ് തുടക്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളും കേന്ദ്രീകരിച്ചുള്ള കൃഷിദശൻ പരിപാടിയുടെ ആദ്യ പരിപാടി നടക്കുന്നത് ഒല്ലൂക്കര ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ കൃഷിയിടങ്ങളിലാണ്.മന്ത്രിയോടൊപ്പം കൃഷിയിട സന്ദർശനത്തിനായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ,കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ,വിദ്യാർത്ഥികൾ എന്നിവരും പങ്കെടുക്കും. ആദ്യം സന്ദർശിച്ചത് ഒല്ലൂക്കര നടത്തറയിൽ കാക്കനായിൽ വീട്ടിൽ സിജോ ജോർജിന്റെ കൃഷിയിടത്തിലാണ്.
4. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ കൊടുവഴങ്ങ തൊണ്ണംകുഴി പാടശേഖരത്തിലെ നാട്ടുപ്പച്ച SHG ഗ്രൂപ്പിലെ മികച്ച കർഷകരായ സുനിൽ, ശൈലൻ എന്നിവരുടെ കൃഷിയിടത്തിൽ നെൽകൃഷിയാരംഭിച്ചു. ഞാറ് നടീൽ ഉത്സവം ആലുവ കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ PN രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മിനി ബാബു അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് ,കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോർഡിനേറ്റർ MP വിജയൻ പള്ളിയാക്കൽ ,കൃഷി അസിസ്റ്റൻ്റുമാർ കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. വികസന പ്രക്രിയയുടെ അടിസ്ഥാനം കൃഷിയാണെന്നും, ആയതിനാൽ എല്ലാവരും കൃഷിയിലേക്ക് കടന്നു വരണമെന്നും PN. രാജു പറഞ്ഞു.
5. കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷിയിൽ പച്ചില വളത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിനും തെങ്ങ് കയറ്റ പരിശീലനവും പെരിയേലിൽ അബ്ദുൽ കരീമിന്റെ തെങ്ങിൻ തോപ്പിൽ വച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ജിൻഷ തങ്കപ്പൻ അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ പച്ചില വളമായ ശീമക്കൊന്ന, വളപയർ എന്നിവയുടെ ഉപയോഗത്തെപ്പറ്റിയുo, ആവശ്യത്തെപ്പറ്റിയും കൃഷി ഓഫീസർ എൽസ ജൈൽസ് വിശദീകരിച്ചു. വിവിധ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ KVK വെള്ളാനിക്കരയിലെ തെങ്ങു കയറ്റ പരിശീലകൻ ഷിബിന്റെ നേതൃത്വത്തിൽ തെങ്ങുകയറ്റ പരിശീലനവും നടന്നു. വിവിധ വാർഡുകളിലെ കർഷകർ പരിശീലനത്തിൽ പങ്കെടുത്തു.
6. ഞാറക്കൽ കൃഷിഭവൻ കൊരക്ക് പാടശേഖരത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഫിഷറിസ് സ്കൂളിലെയും MARELLO പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥികളും, അധ്യാപകരും കൊരക്ക് പാടത്ത് കൊയ്ത്തിന് പങ്കാളികളായി. മുമ്പ് നിരത്ത് സമയത്ത് ഞാറക്കലിലെ VHSE, ഫിഷറിസ്, MARELLO എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചിരുന്നു.
7. 2022 ജൂലൈയിൽ അവസാനിച്ച വിള വർഷത്തിൽ ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും ഉൽപാദനം 4-5 ശതമാനം കുറഞ്ഞതായി കണക്ക്. അതേസമയം ഉള്ളി ഉൽപ്പാദനം മുൻ വർഷത്തേക്കാൾ ഉയർന്നതാണ്. ഹോർട്ടികൾച്ചറൽ വിളകളുടെ ഉൽപ്പാദനത്തിന്റെ മൂന്നാമത്തെ മുൻകൂർ എസ്റ്റിമേറ്റ് പുറത്തിറക്കിയ മന്ത്രാലയം, ഉരുളക്കിഴങ്ങിൻ്റെ ഉൽപ്പാദനം മുൻവർഷത്തെ കണക്കായ 56.17 മില്യൺ ടണ്ണിൽ നിന്ന് 2021-22 നിന്ന് അഞ്ച് ശതമാനം കുറഞ്ഞ് 53.39 ദശലക്ഷം ടണ്ണായി കുറഞ്ഞതായി കണക്കാക്കി.
8. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ നവംബര്‍ 15 നകം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8 5 9 2 9 5 8 6 7 7 എന്ന നമ്പറിലോ nbfc.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
9. കാർഷിക മേഖലയിലെ ജീനോം എഡിറ്റിംഗ് ഗവേഷണത്തിലും പ്രയോഗങ്ങളിലുമുള്ള വൻ വളർച്ചയും പുരോഗതിയും കണക്കിലെടുത്ത്, ജനിതകഘടന മാറ്റം വരുത്തിയ സസ്യ ഇനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സമയം കുറയ്ക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഒരു ജീവിയുടെ ഡിഎൻഎ മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ ഒരു കൂട്ടമാണ് ജീനോം എഡിറ്റിംഗ്.
10. അർബൻ കൃഷിയെയും നൂതന ഉൽപ്പാദനത്തെയും പിന്തുണയ്ക്കുന്നതിന് 52 ഗ്രാന്റുകളിൽ 14.2 മില്യൻ ഡോളർ നിക്ഷേപിക്കാനൊരുങ്ങി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ. അമേരിക്കൻ റെസ്‌ക്യൂ പ്ലാൻ ആക്‌ട് ഫണ്ടുകൾ ഉൾപ്പെടുന്ന ഈ നിക്ഷേപം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ വിപുലീകരിക്കാനും, കമ്മ്യൂണിറ്റി ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, നഗരപ്രദേശങ്ങളിലെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും തൊഴിലവസരങ്ങൾ നൽകാനും കൃഷിയെക്കുറിച്ച് ബോധവത്കരിക്കാനും ഹരിതവൽക്കരിക്കാനും അനുവദിക്കുന്നതാണ്.
11. കേരളം തമിഴ്നാട് തെക്കൻ കർണാടക എന്നിവിടങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം ശനിയാഴ്ച ആരംഭിക്കും. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.കേരളത്തിൽ 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Samman Sammelan 2022; ഇന്ത്യയിലെ Startupകൾക്ക് പ്രചോദനമായത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം
Share your comments