PMEGP: സംരംഭകർക്ക് വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സബ്‌സിഡി
രാജ്യത്തുടനീളമുള്ള തൊഴിൽ രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം, സംരംഭകർക്ക് വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സബ്‌സിഡി നൽകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
1. രാജ്യത്തുടനീളമുള്ള തൊഴിൽ രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം, സംരംഭകർക്ക് വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സബ്‌സിഡി നൽകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ദേശീയ തലത്തിൽ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തലത്തിൽ, സംസ്ഥാന KVIC ഡയറക്ടറേറ്റുകൾ, സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോർഡുകൾ , ജില്ലാ വ്യവസായ കേന്ദ്രങ്ങൾ , ബാങ്കുകൾ എന്നിവ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ ഏകദേശം 7.8 ലക്ഷം മൈക്രോ സംരംഭങ്ങള്‍ക്ക് 19,995 കോടി രൂപയുടെ സബ്സിഡിയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്.
2. അമ്പതാം വാർഷികത്തിന്റെ നിറവിൽ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി. ഇതിനോടനുബന്ധിച്ച ആഘോഷ പരിപാടികൾ ബുധനാഴ്ച കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ഓൺലൈനായി കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു. അതിനോടൊപ്പം തന്നെ സുവർണ ജൂബിലി കോഫി ടേബിൾ ബുക്കും മന്ത്രി പ്രകാശനം ചെയ്തു. 2025 ഓടെ കയറ്റുമതിയിലൂടെ 1 ലക്ഷം കോടി രൂപയുടെ വരുമാനമാണ് എംപേഡ ലക്ഷ്യമിടുന്നതെന്ന് അനുപ്രിയ പട്ടേൽ വ്യക്തമാക്കി. അടുത്ത 25 വർഷം ഇന്ത്യയ്ക്കും എംപെഡയ്ക്കും അമൃത വർഷമായിരിക്കും എന്ന് വീഡിയോ സന്ദേശത്തിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും ആവശ്യമുള്ള സമുദ്രോത്പന്നങ്ങളിലൊന്നായി ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ മാറിക്കഴിഞ്ഞെന്ന് എംപെഡ അറിയിച്ചു.
3. സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 29 പേര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്നതിനായി ശുപാര്‍ശ നൽകിയതായും പ്രസിഡൻ്റ് വ്യക്തമാക്കി.
4. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ വകുപ്പു മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവർദ്ധനവ് പിടിച്ചുനിർത്തുന്നത് ലക്ഷ്യമാക്കിയാണ് സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാർഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും, മീറ്റ് പ്രോഡക്ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങൾ എന്നിവയും മേളയിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ 'സമൃദ്ധി' എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് തയാറാക്കി വിപണനവും നടത്തും.
5. ഗ്രാമമിത്രം സമൂഹ മാധ്യമ കൂട്ടായ്മയുടെ സഹകരണത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് സ്കൂളിൽ ഔഷധത്തോട്ടം ആരംഭിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ലിയോൺ പി.ടി., മേരി നവോമി എന്നിവർ ചേർന്ന് ഔഷധച്ചെടികൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മുന്നോടിയായി പദ്ധതി കോ ഓഡിനേറ്റർ ഡോ. ഇന്ദു എ. കുട്ടികൾക്കായി ഔഷധ സസ്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാന അധ്യാപിക നീന ജോബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമമിത്രം അഡ്മിൻ ജയിംസ് താന്നിക്കാപ്പിള്ളി, സ്കൂൾ കോ ഓഡിനേറ്റർ ടെസ്സിമോൾ തുടങ്ങിയവർ സംസാരിച്ചു.
6. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ സെപ്റ്റംബർ ഏഴു വരെയാണു മേള നടത്തുന്നത്. മേളയിൽ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം ഗവൺമെന്റ് റിബേറ്റിൽ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള 17 സംഘങ്ങളും തൃശൂർ ജില്ലയിൽ നിന്നുമുള്ള കൈത്തറി സംഘങ്ങളും, ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയും പ്രസ്തുത മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
7. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൂർക്കഞ്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ നെടുപുഴ കസ്തുർബ വിദ്യാലയത്തിൽ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് തൃശൂർ കോർപറേഷൻ ഡിവിഷൻ കൌൺസിലർ വിനീഷ് തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു. കസ്തുർബ ട്രസ്റ്റ് പ്രതിനിധി M. പദ്മിനി ടീച്ചർ, കൂർക്കഞ്ചേരി കൃഷി ഓഫീസർ ശാന്തി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ച ചടങ്ങിൽ, ഉപദേശക സമിതി അംഗം ചന്ദ്രൻ, വിദ്യാലയം പ്രധാന അദ്ധ്യാപിക T. S ലേഖ, വിദ്യാലയം രക്ഷധികാരി V. G സുരേഷ് മറ്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
8. വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുടെ വിവരം ശേഖരിച്ച് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയിൽ സംപുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വയനാട് ജില്ലയിലെ എം.എൽ.എമാരുമായി ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളുടെ ഭാഗമായാണു കേന്ദ്ര സർക്കാർ സംപുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് എന്ന നിലയിൽ വയനാട്ടിലാണ് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
9. കൃഷി ജാഗരൺ സന്ദർശിച്ച് ഗ്ലോബൽ ബയോഗ് ലിങ്കേങ്സ് ആൻ്റ് ബയോഗ് ഇന്നൊവേഷൻസിൻ്റെ ഫൌണ്ടറും, സി.ഇ.ഒ യും ആയ റോസർ ത്രിപാഠി. കെ.ജെ choupal നടന്ന പരുപാടിയിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കര ഘോഷത്തോടെ അദ്ദേഹത്തെ കൃഷി ജാഗരൺ സ്വീകരിച്ചു.
10. കുവൈത്ത് മലയാളികളെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കല കുവൈത്തിൻ്റെ നേതൃത്വത്തിൽ എൻ്റെ കൃഷി കാർഷിക മത്സരം സംഘടിപ്പിക്കുന്നു, ഫ്ലാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കൃഷി ചെയ്യുന്നവർക്ക് മത്സരത്തില്‍ പങ്കാളികളാകാം. ഇതിന് കല കുവൈത്തിന്‍റെ യൂനിറ്റുകളുമായി ബന്ധപ്പെടാവുന്നതാണ്. 2023 ഓരോ കര്‍ഷകരെയും നേരിൽക്കണ്ട് കാര്‍ഷിക വിളകള്‍ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും.
11. സംസ്ഥാനത്ത് ഓഗസ്റ്റ് 28 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് പുതിയ റിപ്പോർട്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. കേരള രക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 26 വരെ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: PMEGP: Subsidy for entrepreneurs to start various enterprises
Share your comments