എറണാകുളം : ഏപ്രിൽ മാസത്തിൽ ആരംഭിക്കേണ്ട പൊക്കാളി നെൽകൃഷി ലോക്ക് ഡൗൺ നിലനിന്നിരുന്ന സാഹചര്യത്തിൽ വൈകിയെങ്കിലും ഉടൻ ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ. പൊക്കാളി പാടശേഖര പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ആണ് കൃഷി ഉടൻ തുടങ്ങാൻ മന്ത്രി നിർദേശം നൽകിയത്.അതിനായി ബ്ലോക്ക് തലത്തിൽ ഉടൻ യോഗങ്ങൾ ചേരാനും മന്ത്രി നിർദേശം നൽകി.
നിലവിൽ 350 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 400ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണം. നിലവിൽ 34 ടൺ നെൽവിത്താണ് കൃഷിക്ക് ആവശ്യമുള്ളത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പരമാവധി വിത്ത് ഉറപ്പാക്കാൻ ശ്രമിക്കും.
നെല്ലിക്കോഴി ആക്രമണത്തെ തുടർന്ന് ഉണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന ഇൻഷുറൻസ് വഴി കർഷകർക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർ എല്ലാവരും വിള ഇൻഷ്വർ ചെയ്യണം.
നെല്ലിക്കോഴി ആക്രമണം തടയാനായി വല സ്ഥാപിക്കുന്നതിനാവശ്യമായ പണം പഞ്ചായത്തിന്റെ സ്‌ക്കിമിൽ ഉൾപ്പെടുത്തി അനുവദിക്കാൻ നടപടി സ്വീകരിക്കും.
നെല്ലും മീനും ഒരുപോലെ വളർത്തുന്ന കർഷകർക്ക് മാത്രമേ സബ്സിഡി അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും അനുവദിക്കില്ല. പാടങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ജില്ല കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഫിഷറീസ്, ഇറിഗേഷൻ, കൃഷിവകുപ്പുകൾ ചേർന്ന് പ്രവർത്തിക്കും.
പൊക്കാളി വികസന അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എസ്. സുഹാസ് യോഗത്തിൽ പങ്കെടുത്തു.
Share your comments