ദീപാവലി, നവരാത്രി ആഘോഷങ്ങൾ വിപുലമാക്കാൻ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നവർക്ക് വൻ സമ്മാനവുമായി കേന്ദ്ര സർക്കാർ. പോസ്റ്റ് ഓഫീസിന്റെ (Post Office) ജനപ്രിയ പദ്ധതിയായ കിസാൻ വികാസ് പത്ര (Kisan Vikas Patra) ഉൾപ്പെടെയുള്ള ചെറിയ നിക്ഷേപ പദ്ധതികളിലെ പുതിയ പലിശ നിരക്കുകൾ സർക്കാർ പുറത്തിറക്കി. ഏതാനും ചെറുകിട സമ്പാദ്യ പദ്ധതികളിൽ 0.3 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്. കൂടാതെ, ചില സ്കീമിന്റെ മെച്യൂരിറ്റി കാലയളവിലും മാറ്റമുണ്ടായി.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിലിരുന്ന് സ്വീഡനിലുള്ള കാർ ഓടിച്ച് മോദി; ഇന്ത്യ 5ജിയിലേക്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി റിപ്പോ നിരക്ക് ഉയർത്തുന്ന പശ്ചാത്തലത്തിൽ നിക്ഷേപ പദ്ധതികളിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.
ഇത് കൂടി പരിഗണിച്ചാണ് ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശ സർക്കാർ വർധിപ്പിച്ചത്. 27 മാസത്തിന് ശേഷമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തുന്നതെന്നതും എടുത്തുപറയേണ്ടതാണ്.
മൂന്ന് വർഷത്തേക്ക് പലിശ വർധിപ്പിച്ചു
പുതിയ നിരക്ക് അനുസരിച്ച്, മൂന്ന് വർഷത്തേക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തുന്ന തുകയ്ക്ക് 5.8 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. രണ്ട് വർഷത്തെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാക്കി.
അതേ സമയം, സീനിയർ സിറ്റിസൺ സേവിങ് സ്കീമിന് (എസ്‌സിഎസ്എസ്) ഇപ്പോൾ 7.6 ശതമാനം പലിശ ലഭിക്കും. ഇതുവരെ, ഈ പദ്ധതിയിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ ലഭിച്ചിരുന്നു.
കിസാൻ വികാസ് പത്രയുടെ നിയമങ്ങളിൽ മാറ്റം
പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ പദ്ധതിയായ കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിന് രണ്ട് മാറ്റങ്ങളുണ്ട്. ഈ സ്കീമിൽ ലഭ്യമായ പലിശ നിരക്ക് വർധിപ്പിച്ചതോടെ, കിസാൻ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് കുറച്ചു. കിസാൻ വികാസ് പത്ര പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് ഇപ്പോൾ നിക്ഷേപങ്ങൾക്ക് 7.0 ശതമാനം പലിശ ലഭിക്കും.അതേ സമയം, ഈ സ്കീം ഇപ്പോൾ 124 മാസത്തിന് പകരം 123 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകും.
ഒക്‌ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഈ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മൂന്നാം പാദം 2022 ഒക്ടോബർ 1 മുതലാണ് ആരംഭിക്കുന്നത്.
2022 ഡിസംബർ 31ന് ഇത് അവസാനിക്കും. മൂന്ന് മാസത്തിലൊരിക്കൽ സേവിങ്സ് സ്കീമുകളുടെ പലിശ നിരക്ക് സർക്കാർ അവലോകനം ചെയ്യും. ഈ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല. എന്നിരുന്നാലും, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശയിൽ സർക്കാർ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Share your comments