
പ്രധാൻമന്ത്രി കൃഷി സമ്മാൻ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായും പദ്ധതി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. കൃഷിഭൂമിയാണെന്ന സത്യവാങ്മൂലം നൽകിയാൽ ഭൂമി ഡാറ്റാബാങ്കിലേക്ക് പോകും, അവിടെ വീട് വയ്ക്കാൻ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകും. പദ്ധതിയുടെ ഭാഗമാകുന്നതു കൊണ്ട് കൃഷിക്കാർക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്നും നെൽവയൽ തണ്ണീർത്തട നിയമവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റ് ലയം ഹാളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഔദ്യോഗിക സിം കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരുമായി കൂടുതൽ ബന്ധപ്പെടുന്നതിനായാണ് സംസ്ഥാനത്തെ 1778 കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് സിം കാർഡ് വിതരണം ചെയ്യുന്നത്. ഉദ്യോഗസ്ഥർ മാറിയാലും മൊബൈൽ നമ്പർ സ്ഥിരമായി ഓരോ ഓഫീസിലും ഉണ്ടാകും. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്കെത്താൻ സോഷ്യൽ മീഡിയയിലും വകുപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു തുടങ്ങി.
Share your comments