വേനൽ കടുത്തതോടെ റബ്ബര്‍ത്തോട്ടങ്ങളില്‍ തീപ്പിടിത്തം ഉണ്ടാകാനുള്ള സാധ്യത കൂടിവരികയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വീഴുന്ന ഇലകളും ഉണങ്ങിയ പുല്ലും കളകളും ആവരണവിളകളുടെ ഉണങ്ങിയ ഭാഗങ്ങളുമെല്ലാം തീ പടരുന്നതിനുള്ള സാധ്യത കൂട്ടും. തോട്ടത്തിനുചുറ്റും മൂന്നുമുതല്‍ അഞ്ചു മീറ്റര്‍വരെ വീതിയില്‍ റോഡുപോലെ (ഫയര്‍ബെല്‍റ്റ്) കരിയിലകളും ചപ്പുചവറുകളും നീക്കണം. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റ് തൂത്തുവൃത്തിയാക്കുന്നത് തോട്ടത്തിലേക്ക് തീ പടരുന്നതിനെ തടയും. തീപ്പിടിത്തസാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ ഈ ഭാഗത്ത് സ്ഥാപിക്കാം.
വേനലില്‍ ചെറുതൈകളെ ശക്തമായ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് മെടഞ്ഞതോ മെടയാത്തതോ ആയ തെങ്ങോലയോ ചാക്കുകളോ ഉപയോഗിച്ച് മറച്ചുകെട്ടാം. തൈയുടെ ചുവട്ടില്‍നിന്നും കുറച്ചുവിട്ട് തെക്കു - പടിഞ്ഞാറു വശത്ത് ഒരു കമ്പു നാട്ടി അതില്‍വേണം മറച്ചുകെട്ടാന്‍. അല്ലാതെ, തൈകള്‍ പൂര്‍ണമായും മൂടിക്കെട്ടുന്നത് നല്ലതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഫോണ്‍: 0481 2576622
Share your comments