
കൊച്ചി നഗരത്തിലെ 12 നഗരാരോഗ്യ കേന്ദ്രങ്ങളിലും തേവര നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തേവരയില്‍ സംസ്ഥാനത്തെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോക വയോജന ദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും പ്രത്യേക വയോജന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ രണ്ടാഴ്ച്ച പ്രവര്‍ത്തിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വയോജന ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുക എന്നതിന് വേണ്ടി രണ്ടാം നവ കേരള കര്‍മ പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 490 പഞ്ചായത്തുകളില്‍ പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുന്നുണ്ട. 27 ലക്ഷം പേരെയാണ് പരിശോധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി 360 ഡിഗ്രി ഡയബറ്റിക് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കി മാറ്റുകയാണ് ആര്‍ദ്രം മിഷന്‍ വഴി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പിനൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് കേരളത്തെ മികച്ച ആരോഗ്യ പരിചരണ സംവിധാനം എന്ന നേട്ടത്തിന് അര്‍ഹമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തേവര നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിനു പുറമെ പാലിശ്ശേരി, തിരുവാങ്കുളം, ഉദയംപേരൂര്‍, മുടക്കുഴ, മലയാറ്റൂര്‍, അയ്യമ്പള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും മറിയപ്പടി, പാനായിക്കുളം, കോട്ടുവള്ളി, കണ്ടനാട്, പനങ്ങാട് സൗത്ത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളുടെയും ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍നിന്ന് പ്രവര്‍ത്തിച്ച രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെയും വകുപ്പ് തലവന്‍ ഫാ.എം.കെ ജോസഫിനെയും മന്ത്രി ഈ സാന്നിധ്യത്തിൽ ആദരിച്ചു.
കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, സ്ഥിരം സമിതി അധ്യക്ഷരായ പി.ആര്‍ റെനീഷ്, ടി.കെ അഷ്‌റഫ്, ഷീബ ലാല്‍, സുനിത ഡിക്സണ്‍, എം.എച്ച്.എം അഷ്‌റഫ്, അഡ്വ. പ്രിയ പ്രശാന്ത്, വി.എ ശ്രീജിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി തുടക്കം കുറിച്ചു
Share your comments