<
  1. News

Digital India 2022 award: കേരളത്തിന് സിൽവർ മെഡൽ, കൂടുതൽ കൃഷി വാർത്തകൾ..

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന സബ്‌സിഡി നിലനിർത്തിക്കൊണ്ട് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത വർഷത്തേക്കു കൂടി നൽകിയേക്കും. Digital India 2022 award കൾ പ്രഖ്യാപിച്ചപ്പോൾ Digital initiatives at grassroot level വിഭാഗത്തിൽ കേരളത്തിന് സിൽവർ മെഡൽ.

Raveena M Prakash
Prime Minister Garib Kalyan Yojana scheme will continue to next year 2023
Prime Minister Garib Kalyan Yojana scheme will continue to next year 2023

1. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന(PMGKAY) സബ്‌സിഡി നിലനിർത്തിക്കൊണ്ട് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത വർഷത്തേക്കു കൂടി നൽകിയേക്കും. 2020 മാർച്ചിൽ കോവിഡ്19, പാൻഡെമിക്കിനിടയിൽ ഇന്ത്യ ലോക്ക്ഡൗണിലായപ്പോഴാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 2022 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി, സെപ്തംബർ വരെ നൽകുന്നത് നീട്ടി. പദ്ധതി കാലഹരണപ്പെടുന്നതിന് മുൻപ്, 2022 ഡിസംബർ വരെ മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നൽകുന്നത് നീട്ടി. സർക്കാറിന്റെ റിപ്പോർട്ട് പ്രകാരം, PMGKAY യുടെ ഏഴാം ഘട്ടം 2022 ഒക്ടോബർ മുതൽ ഡിസംബർ വരെ 44,762 കോടി രൂപ സബ്‌സിഡിയായി കണക്കാക്കുന്നു. സൗജന്യ ധാന്യ പദ്ധതി നടപ്പിലാക്കിയത് ഉത്സവ സീസണിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പിന്തുണ നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി.

2. Digital India 2022 award കൾ പ്രഖ്യാപിച്ചപ്പോൾ Digital initiatives at grassroot level വിഭാഗത്തിൽ കേരളത്തിന് സിൽവർ മെഡൽ. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിനാണ് ഡിജിറ്റൽ ഇന്ത്യയുടെ സിൽവർ മെഡൽ ലഭ്യമായത്. ക്ഷീര കർഷകർക്ക് ksheerasree.kerala.gov.in പോർട്ടൽ മുഖേന തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത് സ്മാർട്ട് ഐഡി കരസ്ഥമാക്കാനും, അതിനുശേഷം വിവിധ സ്കീമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനും,വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഈ രേഖകൾ പോർട്ടലിൽ നിന്ന് പരിശോധിച്ചു, ഫീൽഡ് വെരിഫിക്കേഷനു ശേഷം അർഹതപ്പെട്ട ഗുണഭോക്താവിന് e -DBT മുഖേന സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുവാനും സാധിക്കും. കർഷകർക്ക് തങ്ങൾ സമർപ്പിച്ച അപേക്ഷകളുടെ നിലവിലുള്ള സ്ഥിതി വിവരങ്ങൾ തങ്ങളുടെ ലോഗിനിൽ നിന്ന് ബോധ്യപ്പെടുവാനും സാധിക്കുന്നതാണ്. സിവിൽ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുമായി പോർട്ടൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാൽ കർഷകർ റേഷൻ കാർഡ്, കരം തീർത്ത രസീത്, തുടങ്ങിയ രേഖകൾ ഓഫീസുകളിൽ കൊണ്ടുവരേണ്ടതില്ല എന്നതും ട്രഷറി വകുപ്പുമായി ഇന്റഗ്രേഷൻ ഉള്ളതിനാൽ e-DBT മുഖേന സബ്സിഡി നൽകുന്നു എന്നുള്ളതും ഈ പോർട്ടലിന്റെ പ്രത്യേകതകളാണ്. National Informatics Centre ആണ് ക്ഷീരശ്രീ പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

3.സംസ്ഥാനത്തെ പൂര്‍ണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആര്‍ കോഡ് പ്രകാശനം, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്‌കാന്‍ ചെയ്ത് നിര്‍വഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തത്തോടുകൂടി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന ധനസമാഹരണ - ധനസഹായ പദ്ധതിയാണ് ബാലനിധി. കുരുന്നുകള്‍ക്ക് കരുതലാവാന്‍ ഒരു കുഞ്ഞുപങ്കെന്നതാണ് ബാലനിധി മുന്നോട്ട് വയ്ക്കുന്ന ആശയം. 

4. സ്ത്രീകളുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്താനും, അതിനനുസരിച്ചു വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പെണ്ണടയാളങ്ങള്‍' സ്ത്രീ പദവി പഠനം പദ്ധതിയും, ഉദ്യോഗസ്ഥ പരിശീലന പരിപാടിയും അതിന്റെ വെബ് പേജും ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും സര്‍വ്വേയിലൂടെ കണ്ടെത്തുന്ന കാര്യങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളും നാലു മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും കേന്ദ്രീകരിച്ച് നടത്തുന്ന 'പെണ്ണടയാളങ്ങള്‍' സര്‍വേ പഠനത്തില്‍ 18 നും 60 നും ഇടയില്‍ പ്രായമുളള വനിതകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

5. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കൊട്ടാരക്കര ബ്ലോക്കിലെ കരീപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സര്‍വേ നടപടികളും ആരംഭിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പഠിക്കാനായി സംഘടിപ്പിച്ച നീര്‍ത്തട നടത്തത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ ഏറ്റുവായ്‌ക്കോട് വാര്‍ഡില്‍ നിര്‍വഹിച്ചു

6. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം നേടി. ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, ഒപ്പം പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും വേണ്ടിയുള്ള 'സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ' എന്ന വിഭാഗത്തിലാണ് അവാർഡ്.

7. 'ലൈഫ് 2020' പദ്ധതി പ്രകാരം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക് വീട്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ ഈ വർഷം ഭവന നിർമ്മാണ കരാർ വയ്ക്കും. ഡിസംബർ 25നകം കരാർ വയ്ക്കാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്. ഇതിൽ പട്ടിക ജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ടവർക്കും, അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളിൽ വീടില്ലാത്തവർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്.
2023 മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഷറഫ് പി. ഹംസ പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 17309 പേരും ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തിൽ 11466 പേരുമായി 28775 പേരാണ് അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവർക്കുള്ള വീടുകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യും.

8. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ C .M .O പോര്‍ട്ടല്‍ സംബന്ധിച്ച് രണ്ടു ദിവസത്തെ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ C.M .D .R .F അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സെഷനും C .M .O പോര്‍ട്ടല്‍ സംബന്ധിച്ച പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്, ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പരിശീലനത്തിന് നേതൃത്വം നല്‍കി.

9. മാലിന്യ മുക്ത നഗരസഭയാകാന്‍ ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. ഉറവിട മാലിന്യ സംസ്‌ക്കരണം വീടുകളിലേക്ക് എന്ന ലക്ഷ്യവുമായി അഴക് പദ്ധതിയുടെ ഭാഗമായി 21 കോടിരൂപയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളാണ് കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധികളിലെ വീടുകളിലെ ജൈവ മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആധുനിക മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങള്‍ സബ്ഡിസി നിരക്കില്‍ വിതരണം ചെയ്യും. ബയോഗ്യാസ് ഒഴികെയുള്ള ഉപകരണങ്ങള്‍ 90 ശതമാനം സബ്‌സിഡിയിലാണ് നല്‍കുക. ബയോഗ്യാസിന് 50 ശതമാനം സബ്ഡിസി നല്‍കും. 900 ബയോഗ്യാസുകള്‍, 26250 ജി ബിന്നുകള്‍, 15000 റിംഗ് കമ്പോസ്റ്റുകള്‍, 6750 ബൊക്കാഷി ബക്കറ്റ്, 7427 പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങി 53062 ഉപകരണങ്ങള്‍ 53062 കുടുംബങ്ങളിലേക്കായി വിതരണം ചെയ്യും.

10. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച എവർഗ്രീൻ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ നടീൽ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി. തസ്നിം സിറാജുദീൻ, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോർഡിനേറ്റർ ശ്രീ. MP വിജയൻ പള്ളിയാക്കൽ ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ.ഷംസുദീൻ, കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,ജെൻസൻ കുര്യൻ ,ഇക്ബാൽ ചിറയം, മനോജ് ,സിറാജ് തുടങ്ങിയവർ സന്നിഹിതരായി.

11. കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി വയനാട്, അമ്പലവയല്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 15 വരെ പൂപ്പൊലി 2023 സംഘടിപ്പിക്കും
ക്കുന്നു. ആയിരത്തില്‍പ്പരം ഇനങ്ങളോടു കൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുളള ലിലിയം ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമനാറുകളും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260421, 260561, 9496860421 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

12. രാജസ്ഥാനിലെ അൽവാറിൽ ഒരു കൂട്ടം കർഷകർ തങ്ങളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രതിഷേധ പ്രകടനം നടത്തി.
കാർഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവും രാജസ്ഥാൻ സർക്കാർ പാലിച്ചില്ലെന്ന് കർഷകർ പരാതിപ്പെട്ടു. അടുത്ത വർഷത്തോടെ ഭാരത് ജോഡോ യാത്ര 3750 കിലോമീറ്റർ പിന്നിടും. ഇന്ത്യൻ ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയക്കാരനും കാൽനടയായി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ജാഥയാണിത്.

13. ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്ററായിരിക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY), സബ്‌സിഡി നിലനിർത്തിക്കൊണ്ട് 2023ലേക്കും നീട്ടിയേക്കും

English Summary: Prime Minister Garib Kalyan Yojana scheme will continue to next year 2023

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds