നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് പി ആര്‍ എസ് (പാഡി റെസീപ്റ്റ് സ്റ്റേറ്റ്‌മെന്റ്)വായ്പ എടുത്തവർക്ക് ആശ്വാസമായി സപ്ലൈകോയും സര്‍ക്കാരും. പി ആര്‍ എസ് പ്രകാരം വായ്പ എടുത്തവർക്ക് വായ്പാ കാലാവധി നീട്ടി. കഴിഞ്ഞ സീസണില്‍ ആറുമാസം തിരിച്ചടവ് കാലാവധി പ്രകാരം വായ്പ നല്‍കിയ ബാങ്കുകളുടെ കരാറാണ് ഒരു വര്‍ഷമാക്കി നീട്ടുന്നത്. കൂടാതെ അതേ ബാങ്കില്‍ നിന്നും കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.കേരള ഗ്രാമീണ്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ഇതിനകം തന്നെ വായ്പകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കൂടി ഒരാഴ്ചക്കകം ഈ പദ്ധതിയിലേക്ക് വരും.
2019-20 ല്‍ ഇതിനകം തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം 578 കര്‍ഷകരില്‍ നിന്നായി മൂന്ന് കോടി രൂപയുടെ മൂല്യം വരുന്ന 1120 ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിന്റെ വില പൂര്‍ണമായും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കാനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്. സപ്ലൈകോ രസീതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പയായാണ് കര്‍ഷകര്‍ക്ക് നെല്‍വില നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമുപയോഗിച്ചാണ് പണം ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കുന്നത്. നെല്ല് സംഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വായ്പാ കാലാവധി നീട്ടുകയും പുതിയ ലോണ്‍ അതേ ബാങ്കുകളില്‍ നിന്ന് നല്‍കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്.
2017-18 കാലയളവിലാണ് പി ആര്‍ എസ് വായ്പാ പദ്ധതി ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില പി ആര്‍ എസ് ലോണ്‍ വഴി നെല്ല് സംഭരിച്ചയുടന്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതുമാണ് രീതി. സംസ്ഥാനത്ത് 15 ബാങ്കുകളുമായാണ് സപ്ലൈകോ ധാരണാപത്രം ഒപ്പിട്ടത്. പി ആര്‍ എസ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും അക്കൗണ്ട് തുറന്ന് സപ്ലൈകോ പദ്ധതി പേയ്‌മെന്റ് ഓഫീസര്‍മാരെ അറിയിച്ചാലുടന്‍ ഓണ്‍ലൈനായി പേ ഓര്‍ഡര്‍ നല്‍കും. വായ്പാ ലഭിച്ചുകഴിഞ്ഞാല്‍ വായ്പാ കാലാവധി തീരുന്നതിന് മുമ്പേ സാധാരണ പത്ര പ്രകാരമുള്ള പലിശയുള്‍പ്പെടെ സപ്ലൈകോ അടച്ചു തീര്‍ത്ത് ലോണ്‍ ക്ലോസ് ചെയ്യുകയാണ് പതിവ്.
Share your comments