കുട്ടനാട്ടിലെ നെല്ല് കൊയ്ത്തും സംഭരണുവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി കൊയ്ത്തും സംഭരണവും വേഗത്തിലായി. ഇതുവരെ 50,000 മെട്രിക് ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ നിന്നും സംഭരിച്ചതെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എസ്. രാജേഷ് കുമാര്‍ അറിയിച്ചു. നെല്ലിന്റെ വിളവെടുപ്പും സംഭരണവും അവശ്യസേവനങ്ങളായി തീരുമാനിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ മന്ത്രിമാരായ ജി.സുധാകരന്‍, പി.തിലോത്തമന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് നെല്ല് സംഭരണം ദ്രുത ഗതിയിലായത്. വ്യക്തി ശുചിത്വം, പരസ്പരം പാലിക്കേണ്ട അകലം എന്നിവ സംബന്ധിച്ച് പ്രത്യേക പ്രോട്ടോകോള്‍ പ്രകാരമാണ് നെല്ല് സംഭരണം നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ഡ്രൈവര്‍മാര്‍, കൊയ്ത്ത് യന്ത്രം ഓടിക്കുന്നവര്‍, റിപ്പയര്‍ തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പ്രോട്ടോകോള്‍ ബാധകമാണ്. നിലവില്‍ 200 ഓളം യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്. കുട്ടനാട്ടിലെ കായല്‍ നിലങ്ങളായ പുളിങ്കുന്ന്, നീലംപേരൂര്‍, കൈനകരി, വെളിയനാട്, മുട്ടാര്‍, രാമങ്കരി, തകഴി, എടത്വ, തലവടി എന്നിവിടങ്ങളിലാണ് നിലവില്‍ നെല്ല് സംഭരണം. തടസ്സങ്ങളെല്ലാം നീക്കി എത്രയും വേഗം കൊയ്ത്ത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എസ്. രാജേഷ് കുമാര്‍ അറിയിച്ചു. മെയ് പകുതിയോടെ നെല്ല് സംഭരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നെല്ല് കൊണ്ടുപോകുന്ന ലോറികളെ വഴിയില്‍ തടയാതിരിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശവും പോലീസിന് നല്‍കിയിട്ടുണ്ട്
Share your comments