News

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടർമാരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഒരു വർഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തിൽ ജലവിഭവ വകുപ്പും കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും.

കോവിഡ്-19 സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവ് നമ്മുടെ സമ്പദ് ഘടനയെ കൂടുതൽ പ്രയാസത്തിലാക്കും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി. വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതിന്റെ ഊർജ്ജം ഉപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാൻ കഴിയണം. നാടിന്റെ വിഭവ ശേഷി പൂർണായി ഉപയോഗിക്കാൻ കഴിയണം. ഇപ്പോൾ നേരിടുന്നതിലും വലിയ പ്രതിസന്ധി നാം മുന്നിൽ കാണണം. അതുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക ഉല്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളിൽ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തിൽ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം. പുരയിടങ്ങളിലും നല്ല രീതിയിൽ കൃഷിചെയ്യാൻ കഴിയും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താൻ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടിൽ ഒരു സംസ്‌കാരമായി വളർന്നിട്ടുണ്ട്. അത് കൂടുതൽ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോൾ ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളർത്താൻ കഴിയും. ചെറിയ കുളങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ മത്സ്യസമ്പത്ത് വലിയ തോതിൽ വർധിപ്പിക്കാൻ കഴിയും.

ഉൽപാദനം വർധിപ്പിക്കുമ്പോൾ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്റെ ശൃംഖല സൃഷ്ടിക്കും. വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പ്രധാനമാണ്. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാർഗ്ഗനിർദേശങ്ങളും കൃഷിവകുപ്പ് നൽകും. അതനുസരിച്ചാണ് നീങ്ങേണ്ടത്. ഇക്കാര്യത്തിൽ നാമെല്ലാം ഒന്നിച്ചിറങ്ങിയാൽ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയിൽ കൃഷിഭൂമിയുടെ ഉടമസ്ഥർക്കാണ് വായ്പ അനുവദിക്കുക. എന്നാൽ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങൾക്കോ ഗ്രൂപ്പുകൾക്കോ കമ്മിറ്റികൾക്കോ പ്രാഥമിക കാർഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാർഷിക സംഘങ്ങളുടെ പ്രധാന ചുമതല കാർഷിക വായ്പ നൽകലാണ്. എല്ലാ കൃഷിക്കും വായ്പ നൽകണം. ചില പഞ്ചായത്തിൽ ഒന്നിലേറെ ബാങ്കുകൾ കാണും. അങ്ങനെയാണെങ്കിൽ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാക്കുകയും മറ്റ് ബാങ്കുകൾ അതിനോട് സഹകരിക്കുകയും വേണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല എന്നതിനാൽ ഓരോ പ്രദേശത്തും കൃഷി ഓഫീസർമാരുമായി നല്ല ബന്ധം ഉണ്ടാകണം. കാർഷിക സേവന കേന്ദ്രങ്ങൾ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീൽ വസ്തുക്കൾ, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങൾ, ആട്ടിൻകുട്ടികൾ, കന്നുകുട്ടികൾ, മത്സ്യക്കുഞ്ഞുങ്ങൾ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങൾ വഴി ലഭ്യമാക്കണം. കാർഷിക സർവകലാശാലയുടെയും കാർഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സർവകലാശാലയുടെയും ഫിഷറീസ് സർവകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം.

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ  വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും ഇതിൽ പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പുമായി നല്ല രീതിയിൽ യോജിച്ച് നീങ്ങണം.

25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും ആകാം.

മൃഗസംരക്ഷണ മേഖല

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകൾ സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നൽകും. 5000 ശുചിത്വമുള്ള കന്നുകാലി ഷെഡുകൾ സ്ഥാപിക്കാനാണ് പദ്ധതി. പുൽകൃഷിയുടെ കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം.

വാണിജ്യ ക്ഷീരകർഷകർക്കുള്ള യന്ത്രവൽക്കരണ പദ്ധതി - 2 കോടി രൂപ സർക്കാർ സഹായത്തോടെ ഇരുനൂറു യൂണിറ്റുകൾ സ്ഥാപിക്കും.

ക്ഷീരവികസനം

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകൾ. അതുവഴി 11,000 മൃഗങ്ങളെ കർഷകരുടെ പങ്കാളിത്തത്തോടെ കൊണ്ടുവരും. ചീസ്, തൈര് തുടങ്ങി പാലിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കും. കറവ യന്ത്രങ്ങൾക്കുള്ള സബ്സിഡി വർധിപ്പിക്കാൻ ശ്രമിക്കും.

മത്സ്യബന്ധനം

മൂവായിരം ഹെക്ടർ ഉപ്പുവെള്ള കുളങ്ങളിൽ പേൾ സ്പോട്ട് ഫാമിംഗ് യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും.

ഉപ്പുവെള്ളത്തിൽ കൂട്ടിൽ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപിക്കും. ഇതുവഴി മത്സ്യഉല്പാദനം 5000 ടൺ വർധിക്കും. 12,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും.

ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവിൽ പടുതാ കുളത്തിൽ 5000 മത്സ്യകൃഷി യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി 5000 പേർക്ക് തൊഴിൽ ലഭിക്കും. 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് ഓരോ മൊബൈൽ അക്വാ ലാബ് സ്ഥാപിക്കും.

സുഭിക്ഷ കേരളം പദ്ധതി വൻ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

കോവിഡ്-19 പ്രതിരോധത്തിന് ആരോഗ്യമേഖലയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി പ്രസംശിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാനാകില്ല. രോഗം ബാധിച്ചാൽ കൂടുതൽ അപകടസാധ്യതയുള്ള പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും പ്രത്യേകം സംരക്ഷിക്കണം.  ഈ വിഭാഗങ്ങളെ കണ്ടെത്തി അവർക്കാവശ്യമായ സംരക്ഷണം നൽകുന്നതിന് കൂടുതൾ ശ്രദ്ധ വേണം. ഇന്നത്തെ വെല്ലുവിളി നേരിടാൻ അതിവിപുലമായ ആരോഗ്യസംവിധാനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലെ ഡോക്ടർമാരെയും സ്റ്റാഫിനെയുമാകെ പൊതു ആരോഗ്യമേഖലയുമായി കണ്ണിചേർക്കുന്നത്. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെയും മറ്റു സംസ്ഥാനത്തുനിന്നുവരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു.


English Summary: Prosperous Kerala:Kerala CM announced 3860 cr package

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine