ഭാരതീയ കിസാൻ യൂണിയന്‍റെ ആഭിമുഖ്യത്തിൽ കേന്ദ്രസര്‍ക്കാരിൻ്റെ കര്‍ഷക നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലെ കിസാൻ ഘട്ടിൽ സമാപിച്ചു.സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും 10 വര്‍ഷം കഴിഞ്ഞ ട്രാക്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്നാണ് കര്‍ഷകർ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.
എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകര്‍ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു.പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിങ് സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്.ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ മാര്‍ച്ച് അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ കര്‍ഷകരെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ തടയാനുള്ള പോലീസിൻ്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.പോലീസിൻ്റെ ലാത്തിയടിയിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഒട്ടേറെ കര്‍ഷകര്‍ക്കും ഒരു എ.സി.പി.യടക്കം ഏഴുപോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ബലംപ്രയോഗിച്ചത്.
മാര്‍ച്ച് ഡല്‍ഹിയിലെത്തുന്നത് തടയാനുള്ള പോലീസ് നടപടി ഫലിക്കാതെ വന്നതോടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.തങ്ങളുടെ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും .സർക്കാരുമായുണ്ടാക്കിയ സമവായത്തിന്‍റെ അടിസ്ഥാനത്തിലാണു പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നും കർഷകർ അറിയിച്ചു.ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ആറ് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ രാകേഷ് തികൈത് അറിയിച്ചു .
Share your comments