പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന വ്യവസായ മേഖലയുടെ നട്ടെല്ലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. റിയാബിന്റെ (പബ്ലിക് സെക്ടര്‍ റിസ്ട്രച്ചറിംഗ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഓഡിറ്റ് ബോര്‍ഡ്) നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ് അലയന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 405 പദ്ധതികളാണുള്ളത്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികളായ അവ 7 സെക്ടറുകളിലായി 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പാക്കും. 2021-22 കാലയളവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 3892.13 കോടി രൂപയായും പ്രവര്‍ത്തന ലാഭം 386.04 കോടി രൂപയായും വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 105.68 ശതമാനത്തിന്റെ വളര്‍ച്ചയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഇടമാണ് കേരളം. 4000 സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക് സ്ഥാപിതമായതും ഇവിടെയാണ്. ഇലക്ട്രോണിക്‌സ് മേഖലയിലും വലിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ നിര്‍മ്മിച്ചത്. പ്രതിരോധ മേഖലയിലേക്ക് വരെ കെല്‍ട്രോണ്‍ തങ്ങളുടെ ഇലക്ടോണിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. അത്തരത്തില്‍ നിരവധി ഉദാഹരങ്ങള്‍ സംസ്ഥാന പൊതുമേഖലയില്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഉദ്യമം എട്ട് മാസത്തിനകം ലക്ഷ്യപ്രാപ്തിയിലെത്തി. ഇതുവരെ 1,11,091 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 6821 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. 2,40,708 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ കൂടുതല്‍ ഫലപ്രദമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ ബിസിനസ് അലയന്‍സ് മീറ്റിലൂടെ സാധിക്കട്ടെ എന്നും അതുവഴി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വികസനം ത്വരിതപ്പെടട്ടെ എന്നും മന്ത്രി ആശംസിച്ചു.
കൊച്ചി മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍.അശോക്, റിയാബ് സെക്രട്ടറി കെ.പത്മകുമാര്‍, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് അലയന്‍സ് മീറ്റില്‍ വിവിധ സെഷനുകളിലായി ചര്‍ച്ചകളും സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, കാസ്റ്റിംഗുകള്‍, ഫോര്‍ജിങ്ങുകള്‍ എന്നിവ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് പുതിയ വാണിജ്യ സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യമാണ് ബിസിനസ് മീറ്റിനുണ്ടായിരുന്നത്. ബിസിനസ് സംഗമത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങളെയും സേവനങ്ങളയും കുറിച്ച് വിശദീകരിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പ്രദര്‍ശന സ്റ്റാളുകളും സംഗമ വേദിയില്‍ ഒരുക്കിയിരുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളിലും നല്‍കുന്ന സേവനത്തിലും വൈവിധ്യവത്കരണം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളും ബിസിനസ് അലയന്‍സ് മീറ്റില്‍ നടന്നു.
ബന്ധപ്പെട്ട വാർത്തകൾ: സമഗ്ര വികസനം ലക്ഷ്യമിട്ട് ആലപ്പുഴ; പദ്ധതി തുക വിനിയോഗത്തിൽ ജില്ലയ്ക്ക് ഒന്നാം സ്ഥാനം
Share your comments