1. ഗ്യാസ് സിലിണ്ടറിന് 300 രൂപ സബ്സിഡി പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. ബജറ്റ് അവതരണത്തിലാണ് മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക മാനമണ്ഡം കണക്കാക്കാതെ എല്ലാവർക്കും സബ്സിഡി ലഭ്യമാക്കുമെന്നും, ജനിക്കുന്ന ഓരോ പെൺകുട്ടിയുടെയും പേരിൽ 50,000 രൂപ വീതം നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിമാസം ഓരോ സിലിണ്ടറിനും 300 രൂപ വീതം സബ്സിഡി ലഭിക്കും. ഇതിനായി 126 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ മാസം 1 മുതലാണ് രാജ്യത്ത് പാചക വാതക വില കൂടിയത്. ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വർധിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും
2. കൂൺ കൃഷിയുടെ പുരോഗതിയ്ക്കായി കടലുണ്ടിയിൽ കൂൺ ഗ്രാമം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ന്യൂ ബേപ്പൂർ വിഷൻ 2025 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജൈവ സമൃദ്ധി’ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവസമൃദ്ധി എന്ന ബ്രാൻഡിൽ കൂണിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുമെന്നും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ മൊബൈൽ ആപ്പ്, മാർക്കറ്റ് ഹബ്ബ് എന്നിവ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. ഭക്ഷ്യപൊതുവിതരണവകുപ്പ് വഴി ജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കുടിശ്ശിക നിവാരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 30 പദ്ധതികൾക്ക് രൂപം കൊടുത്തതായും പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിന് ജീവനക്കാരുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. പാലുൽപാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മിൽമയുടെ പാൽശേഖരണ സമയം മാറ്റുന്നത് ചർച്ച ചെയ്യുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചൽ ജഴ്സി ഫാമിൽ നവീന രീതിയിൽ പണികഴിപ്പിച്ച കിടാരി ഷെഡ്, ആട് ഷെഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കറവയുടെ ഇടവേള കൂട്ടുന്നത് പാലുൽപാദനത്തിനൊപ്പം അകിടിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 61.63 ലക്ഷം രൂപ ചെലവിലാണ് ഷെഡിനോട് ചേർന്ന് 100 ആടുകളെ കൂടി പാർപ്പിക്കാനുള്ള ഷെഡ് നിർമ്മിച്ചിരിക്കുന്നത്. കർഷകർക്ക് ആവശ്യാനുസരണം ആട്ടിൻകുട്ടികളെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. വൈക്കം പാലാക്കരി അക്വാ ടൂറിസം ഫാമിലെ പൂമീൻ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ശാസ്ത്രീയ മത്സ്യക്കൃഷിയിലൂടെ ആദ്യമായാണ് ഫാമിൽ പൂമീൻ കൃഷി നടത്തിയത്. മത്സ്യഫെഡിന് കീഴിൽ പ്രവർത്തിക്കുന്ന അക്വാ ടൂറിസം ഫാം വിനോദ സഞ്ചാരത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
6. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന കൂത്താളി ഫാമിൽ കുള്ളൻ തെങ്ങിനങ്ങളുടെ മാതൃവൃക്ഷത്തോട്ടം ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് കുറിയ ഓറഞ്ച്, മലയൻ കുറിയ മഞ്ഞ എന്നിങ്ങനെയുള്ള 50 വീതം തൈകളാണ് ഫാമിൽ നട്ടുപിടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുൻ ഫാം സൂപ്രണ്ട് പി പ്രകാശ് നിർവഹിച്ചു. ഭാവിയിൽ സങ്കരയിനം തെങ്ങിൻ തൈകൾ ഉണ്ടാക്കാനുള്ള മാതൃവൃക്ഷമായി ഇവയെ പ്രയോജനപ്പെടുത്താൻ സാധിക്കും.
7. ഓപ്പറേഷൻ സാഗർ റാണി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 100kg ചൂര, 5kg സിലോപി, 20kg സ്രാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് പരിശോധന നടത്തിയത്. സാമ്പിളുകളിൽ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
8. കുനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ കിഴങ്ങുവർഗങ്ങളുടെ പ്രദർശനത്തോട്ടം ഒരുങ്ങുന്നു. എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിക്കുന്നത്. പരിപാടിയുടെ ഭാഗമായി തോട്ടത്തിലേക്ക് ആവശ്യമായ ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തുകൾ KVKയിലെ കൃഷി വിദഗ്ദൻ ഷോജി ജോയി എഡിസൺ അധികൃതർക്ക് കൈമാറി. പ്രാർത്ഥനാ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
9. ഒമാനിൽ ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ 5,000 ഏക്കറിൽ വിളഞ്ഞു നിൽക്കുന്ന പാടത്താണ് ഈ വർഷത്തെ വിളവെടുപ്പ് ആരംഭിച്ചത്. ഇത്തവണ ഏകദേശം 6,000 ടൺ ഗോതമ്പ് വിളവെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രാലയം അറിയിച്ചു. 1500 ടണ്ണിലധികം ഗോതമ്പാണ് കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്. ഗുണനിലവാരമുള്ള വിത്തുകൾ, നിർദേശങ്ങൾ, വിളവെടുപ്പ് സേവനങ്ങൾ ഉൾപ്പെടെ നിരവധി സഹായങ്ങൾ ഒമാൻ കൃഷിമന്ത്രാലയം കർഷകർക്ക് നൽകുന്നുണ്ട്.
10. കേരളത്തിൽ കനത്ത ചൂടിന് നേരിയ ആശ്വാസം. 10 ജില്ലകളിൽ വേനൽമഴ ലഭിച്ചു. 5 ദിവസം കൂടി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.
Share your comments