കടലാക്രമം കാരണം ജില്ലയിലെ തീരദേശവാസികൾ അനുഭവിച്ചിരുന്ന ദുരിതത്തിന് ഒരു പരിധിവരെ അറുതിയാകുന്നു. കടൽക്ഷോഭവും കടലുകയറുന്നതും തടയാനായി സ്ഥാപിക്കുന്ന ടെട്രാ പോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അതിവേഗത്തിലാണ് ജില്ലയിൽ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ കടലാക്രമണത്തിൽ നിന്ന് തീരദേശ വാസികൾക്ക് പൂർണ മോചനം സാധ്യമാകും. കിഫ്ബി ഫണ്ടിൽ നിന്നും 175.4 കോടി രൂപ വിനിയോഗിച്ചാണ് പുലിമുട്ടുകൾ നിർമിക്കുന്നത്.
രണ്ട് ഘട്ടമായാണ് ജില്ലയിൽ പുലിമുട്ടിന്റെ നിർമാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ കടലാക്രമണം രൂക്ഷമായ അഞ്ചു പ്രദേശങ്ങളിലാണ് പുലിമുട്ട് സ്ഥാപിക്കുന്നത്. കാട്ടൂരിൽ 34 പുലിമുട്ട്, ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാലിൽ 16, ആറാട്ടുപുഴയിൽ 21 പുലിമുട്ടും 40 മീറ്റർ നീളത്തിൽ കടൽഭിത്തിയും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 13 പുലിമുട്ട്, അമ്പലപ്പുഴയിൽ കോമന മുതൽ പുന്നപ്ര വരെ 5.4 കിലോമീറ്റർ പരിധിയിൽ 30 പുലിമുട്ടും 305 മീറ്റർ നീളത്തിൽ കടൽഭിത്തി എന്നിവയാണ് സ്ഥാപിക്കുന്നത്. ഈ സ്ഥലങ്ങളിൽ മാത്രമായി 114 ആധുനിക പുലിമുട്ടുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിന്റെ 75 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ ആറാട്ടുപുഴ പഞ്ചായത്തിലെ നെല്ലാനിക്കലിൽ മൂന്ന് പുലിമുട്ട്, അമ്പലപ്പുഴയിൽ കാക്കാഴം മുതൽ വളഞ്ഞവഴി വരെ എട്ട് പുലിമുട്ട്, കാട്ടൂർ മുതൽ പൊള്ളേത്തൈ വരെ ഒമ്പത് പുലിമുട്ട് കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിൽ ഏഴ് എന്നിങ്ങനെ 3.16 കിലോമീറ്ററിൽ 27 പുലിമുട്ടുകളാണ് നിർമിക്കുന്നത്. രണ്ടാംഘട്ട പുലിമുട്ടുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച രണ്ട്, അഞ്ച് ടൺ വീതം ഭാരമുള്ള ടെട്രാപോഡുകൾ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള പുലിമുട്ടുകൾ നിർമിക്കുന്നത്. രണ്ട് പുലിമുട്ടുകൾ തമ്മിൽ 100 മീറ്റർ അകലമാണ്. കടലിലേക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് പുലിമുട്ട് നിർമാണം.
മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകൾ പാകിയതിനു ശേഷം അതിനു മുകളിൽ രണ്ട് തട്ടിൽ ടെട്രാപോഡുകൾ സ്ഥാപിക്കും. കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമുള്ള കരുത്തുണ്ട്. ഇതുവഴി കൂടുതൽ മണൽ അടിഞ്ഞ് സ്വഭാവിക കടൽ തീരം രൂപം കൊള്ളുകയും ചെയ്യും. കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്). ശക്തമായ തിരമാലകളിൽ നിന്ന് തീരത്തിനു സംരക്ഷണം നൽകുന്ന ദ്വീപുകളും മുനമ്പുകളുമാണ് നൈസർഗിക തരംഗരോധികൾ. പ്രത്യേക ആവശ്യത്തിലേക്കായി വിഭിന്ന ആകൃതിയിലും വലിപ്പത്തിലും മനുഷ്യർ കൃത്രിമമായും ഇവ നിർമ്മിക്കാറുണ്ട്. തീരത്തോടു ബന്ധിപ്പിച്ചും അല്ലാതെയും ഇവ നിർമ്മിക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ കടലോരങ്ങളെ സംരക്ഷിക്കുവാനും തരംഗരോധികൾ നിർമ്മിക്കാറുണ്ട്. പൊക്കം കുറഞ്ഞ ഭിത്തികളായാണ് മിക്കപ്പോഴും തരംഗരോധികൾ നിർമ്മിക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വാണിജ്യാടിസ്ഥാനത്തിൽ മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹമുണ്ടോ? സംരംഭകർക്കായി ആപ് ടെക് മീറ്റ്
Share your comments