തീരദേശ ജനതയെ സുരക്ഷിത ഭവനങ്ങളില്‍ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി വഴി ജില്ലയില്‍ വീടൊരുങ്ങുന്നത് ആയിരങ്ങള്‍ക്ക്. ബേപ്പൂര്‍ മുതല്‍ വടകര വരെ നീണ്ടുകിടക്കുന്ന കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കടലോരത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മൊത്തം 2609 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഓരോ സാമ്പത്തിക വര്‍ഷവും നിശ്ചിത കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കുക. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുനര്‍ഗേഹം പദ്ധതി വഴി ജില്ലയില്‍ 10, 60,85,653 രൂപയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8,15,93,942 രൂപയും പദ്ധതിക്കായി വിനിയോഗിച്ചു. ഇതുവഴി ഭൂമിയുടെ രജിസ്‌ട്രേഷന്‍ മുതല്‍ വീടു നിര്‍മ്മാണത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് ഉള്‍പ്പടെ തുക കൈമാറി. വരുന്ന സാമ്പത്തിക വര്‍ഷം കൂടി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുനര്‍ഗേഹം പദ്ധതിയുടെ തണലില്‍ സുരക്ഷിത വീടുകളില്‍ താമസിക്കാന്‍ കഴിയും.
പുനര്‍ഗേഹം പദ്ധതിക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും വിവിധ ആവശ്യങ്ങള്‍ക്കുമായി വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിലൂടെ ഫിഷറീസ് വകുപ്പ് ധനസഹായം കൈമാറിയിട്ടുണ്ട്. സമ്പാദ്യ സമാശ്വാസ പദ്ധതികള്‍ പ്രകാരം 5,43,87000 രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള അഞ്ചുമാസത്തിനിടെ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടമായ 15040 മത്സ്യതൊഴിലാളികള്‍ക്കും 2489 അനുബന്ധ തൊഴിലാളികള്‍ക്കും ഓരോരുത്തര്‍ക്കുമായി മുവ്വായിരം രൂപ വീതം ഫിഷറീസ് വകുപ്പ് ധനസഹായം കൈമാറിയിട്ടുണ്ട്. വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൈപ്പിടിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
Share your comments