1. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നും മലയോര മേഖലകളില്‍ ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, തെക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ നാളെയും മറ്റന്നാളും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
2. കണ്ണൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്‌പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീൻകച്ചവടം എന്നീ ജോലികൾ ചെയ്യുന്നതുമായ 5 പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം. ഒരാൾക്ക് 10000/- രൂപ വീതം എന്ന നിരക്കിൽ 5 പേരടങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000/- രൂപ വായ്പയായി ലഭിക്കും. പ്രായപരിധി ഇല്ല. അപേക്ഷ ഫോം കണ്ണൂർ സാഫ് നോഡൽ ഓഫീസിൽ നിന്നോ ജില്ലയിലെ മത്സ്യഭവൻ ഓഫീസുകളിൽ നിന്നോ www.fisheries.kerala.gov.in അല്ലെങ്കിൽ www.safkerala.org എന്ന വെബ്‌സൈറ്റുകളിൽ നിന്നോ ലഭ്യമാകും. അപേക്ഷകൾ ജൂലൈ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7902502030 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. 96-ാമത് ഐസിഎആർ ഫൗണ്ടേഷൻ, ടെക്നോളജി ദിനാചരണത്തോടനുബന്ധിച്ച് നടന്ന എക്സിബിഷൻ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രിമാരായ ഭഗീരഥ് ചൗധരി, രാം നാഥ് താക്കൂർ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേലും പരിപാടിയിൽ പങ്കെടുത്തു.
Share your comments