<
  1. News

വിശുദ്ധിയുടെ നിറവിൽ , ജാഗ്രതയോടെ ചെറിയ പെരുന്നാൾ !!

വ്രതശുദ്ധിയുടെ നീണ്ട രാപ്പകലുകൾക്ക് ചൈതന്യംപകർന്നുകൊണ്ട് ഉപവാസ വും ഉപാസന യും പരിസമാപ്‌തിയിലേക്ക്. സമാനതകളില്ലാത്ത സാമൂഹിക ഐക്യബോധത്തിൻെറ അതി മഹത്തായ സന്ദേശവുമായി തഖ്‌ബീർ മന്ത്രോച്ചാരണങ്ങളോടെ നാടെങ്ങും ചെറിയപെരുന്നാൾ വീണ്ടും സമാഗതമാവുന്നു

Arun T
xc
- ദിവാകരൻ ചോമ്പാല

വ്രതശുദ്ധിയുടെ നീണ്ട രാപ്പകലുകൾക്ക് ചൈതന്യംപകർന്നുകൊണ്ട് ഉപവാസ വും ഉപാസന യും പരിസമാപ്‌തിയിലേക്ക്.
സമാനതകളില്ലാത്ത സാമൂഹിക ഐക്യബോധത്തിൻെറ അതി മഹത്തായ സന്ദേശവുമായി തഖ്‌ബീർ മന്ത്രോച്ചാരണങ്ങളോടെ നാടെങ്ങും ചെറിയപെരുന്നാൾ വീണ്ടും സമാഗതമാവുന്നു .

അതിതീവ്രവ്യാപനശേഷിയിൽ എത്തിനിൽക്കുന്ന കോവിഡ് 19 എന്ന മഹാമാരിക്കു മുൻപിൽ അശേഷം അടിപതറാതെ മുസ്ലിം മതവിശ്വാസികൾ പതിവ് കീഴ്വഴക്കങ്ങൾ മാറ്റി വെച്ചുകൊണ്ട് കൂടുതൽ കരുതലും സുരക്ഷിത വുമായ തോതിൽ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നു .
അതെ സമയം ഇസ്ലാമിലെ നിർബന്ധ ആഘോഷ മായ ചെറിയപെരുന്നാൾ പരിമിതമായെങ്കിലും ആഘോഷിക്കാതെ വയ്യ എന്ന നിലയിലുമാണ് വിശ്വാസികൾ .

.ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, ഗൃഹസന്ദർശനങ്ങളും പരസ്‌പരമുള്ള ഒത്തുകൂടലുകളും ആലിംഗനങ്ങളും മാറ്റി വെച്ചുകൊണ്ട് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള നിസ്‌കാരച്ചടങ്ങുകളില്ലാതെ .മയിലാഞ്ചി രാവുകളില്ലാതെ ഇത്തവണത്തെ ചെറിയ പെരുന്നാൾ വീട്ടകങ്ങളിൽ മാത്രമൊതുങ്ങിയ നിലയിൽ !
നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം സ്വ ജീവിതത്തിലും അനുവർത്തിക്കുമെന്ന പ്രഖ്യാപനം കൂടിയാണ് ഈദുൽ ഫിത്വർ .
സുപ്രഭാതം എന്ന് പറയുന്നതിന് പകരം നമ്മൾ മലയാളികൾ ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു ശീലിച്ചപോലെ പെരുന്നാൾ ആശംസകൾ എന്നതിന് പകരം 'ഈദ് മുബാറക്ക്' എന്ന അറബി പദമാണ് തൊണ്ണൂറ് ശതമാനം പേരും ഉപയോഗിച്ച് വരുന്നത് .

ഹിജ്‌റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിനം ലോകമുസ്‌ളീം സമൂഹത്തിന് ചെറിയ പെരുന്നാൾ ! സാർവ്വലൗകിക സ്നേഹവും സാഹോദര്യവും മുഖമുദ്രയാക്കിയ ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങൾ ഈദുൽ ഫിത്വറും മറ്റൊന്ന്‌ ഈദുൽ അദ്ഹയും .
ആത്മീയധന്യതയുടെയും വ്രത സമാപ്‌തിയുടെയും മുപ്പതു രാപ്പകലുകൾക്ക് ശേഷമുള്ള വിജയാ ഘോഷം കൂടിയായ ചെറിയ പെരുന്നാൾ ഫിത്വർ സക്കാത്ത് അഥവാ നിർബ്ബന്ധദാനത്തിൻറെ ദിനവും കൂടിയായതുകൊണ്ടാണ് ഈദുൽ ഫിത്വർ എന്നപേരിലറിയപ്പെടുന്നത് .
'ഈദ് ' എന്ന അറബി പദത്തിന് ആഘോഷം എന്നും 'ഫിത്വർ ' എന്നാൽ നോമ്പ് തുറ എന്നുമാണത്രെ അർത്ഥം ,
ആഘോഷം എന്നതിലുപരി ആരാധനയുടെ ധന്യ മുഹൂർത്തവും കൂടിയാണ് ഈദുൽ ഫിത്വർ.
ഈ ദിവസത്തെ മുഖ്യവും പുണ്യവുമായ മഹത്തായ കർമ്മം സാധുജനസേവ എന്ന നിലയിൽ നൽകുന്ന ഫിത്വർ സക്കാത്ത് ദാനം തന്നെ .
അപ്രതീക്ഷിത മായി കടന്നാക്രമണം നടത്തിയ കോവിഡ് 19 എന്ന മഹാമാരി വിഷു ഈസ്റ്റർ തുടങ്ങിയ എല്ലാ ആഘോഷങ്ങൾക്കും മങ്ങലേൽപ്പിച്ചപോലെ ഇത്തവണത്തെ പെരുന്നാൾ ആഘോഷത്തിനും മങ്ങലേൽപ്പിച്ചിരിക്കുന്നു .
ലോക്ക് ഡൗൺ കാലയളവിൽ പള്ളികളിലെ സമൂഹ പ്രാർത്ഥനയിലും കർശന നിയന്ത്രണങ്ങളും കരുതലുകളും .

പതിവ് ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് വിശപ്പും ദാഹവും പരമാവധി സഹിച്ചുകൊണ്ട് ഉപവാസം നടത്തിയാൽ അഥവാ നോമ്പ് പിടിച്ചാൽ പുണ്യം കിട്ടുമെന്ന് കരുതിയാൽ തെറ്റി .
സ്വന്തം പ്ളേറ്റിലെ അന്നം അടുത്ത ആൾക്ക് പങ്കു വെക്കാനുള്ള മാനസിക സന്നദ്ധതയേക്കാളേറെ മഹത്വം കഴിക്കാതെ പോകുന്ന ഭക്ഷണത്തിൻറെ മുഖ്യപങ്കും ഇല്ലാത്തവനിൽ ( യത്തീം ) എത്തിക്കുന്നതാണ് നോമ്പിന്റെ എടുത്തു പറയാവുന്ന മഹത്വമെന്ന് മതപണ്ഡിതന്മാർ പറയുന്നു .

മനുഷ്യർ തമ്മിലുള്ള സ്നേഹവും സൗഹൃദവും അശേഷം തേയ്‌മാനം സംഭവിക്കാതെ ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ വേദി കൂടിയായ പെരുന്നാളിൽ നമ്മുടെ ചുറ്റുപാടിലോ അറിവിലോ പെട്ട ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശവും ഫിത്വർ സക്കാത്തിലൂടെ സാധൂകരിക്കുകയാണ് ഇസ്‌ലാം സമൂഹം ചെയ്യുന്നത് .
ദരിദ്രരും ധനികരും എന്നുള്ള വേർതിരിവുകളൊന്നുമില്ലാതെ അതിരുകളില്ലാത്ത സ്നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാകുന്നു.
ജനിതകമാറ്റം വന്നുവെന്നറിയുന്ന കൊറോണാ വൈറസിൻറെ അതിതീവ്ര വ്യാപന ശേഷി അഥവാ സമൂഹവ്യാപനം തടയിടുന്നതിനായുള്ള വ്യക്തിഗത അകലംപാലിക്കലും ലോക്ക്ഡൗണും കാരണം പെരുന്നാൾ ദിനത്തിലെ പതിവ്‌ ആഘോഷ പരിപാടികൾ പലതും ഇത്തവണ മാറ്റിവെക്കേണ്ടതായും വരാം .

കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനും സ്നേഹബന്ധങ്ങൾക്ക് ഊഷ്മളത പകരാനും പെരുന്നാൾ ദിനത്തിലെ സന്ദർശനയാത്രകളും ഇത്തവണ മാറ്റിവെക്കേണ്ടതായും വന്നിരിക്കുന്നു .

കുട്ടിക്കാലത്തെ പെരുന്നാൾക്കാലം അഥവാ നോമ്പുതുറയുടെ എരിവും മധുരവും മനസ്സിൽ നല്ലരോർമ്മയായി ഇന്നും അവശേഷിക്കുന്നു .
നോമ്പും പെരുന്നാളും 'മാപ്പിളമാരുടെ' താണെങ്കിലും നോമ്പുകാലമായാൽ തട്ടോളിക്കരയിലെ ഞങ്ങളുടെ തറവാട് വീടിന്റെ അയൽ വീട്ടിലെ കുഞ്ഞാമി ഉമ്മയുടെ മുട്ടമാലയും ,കോഴിയടയും, ചട്ടിപ്പത്തിരിയും ,അൽസയും,കല്ലുമ്മക്കായ നിറച്ചതുമെല്ലാമടങ്ങുന്ന പിഞ്ഞാണക്കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ
മുടങ്ങാതെ എന്നും ഞങ്ങളുടെ വീട്ടിലെത്തും . നെയ്യപ്പം ,കിണ്ണത്തപ്പം ,ചക്കപൊരിച്ചത് ,പ്രഥമൻ തുടങ്ങിയവ ഇടയ്ക്ക് അമ്മ അങ്ങോട്ടും കൊടുത്തു വിടും.

ഇടവഴികൊണ്ടുള്ള വേർതിരിവോ ,വേലിയോ വളച്ചുകെട്ടലോപോലുള്ള അതിരടയാളങ്ങളൊന്നുമില്ലാത്ത വിശാലമായ വലിയ പറമ്പിൻറെ ഒരറ്റത്ത് ഞങ്ങളുടെ വീട് .
മറുഭാഗത്ത് മൊയ്തു ഹാജിയും ഭാര്യ കുഞ്ഞാമി ഉമ്മയും മക്കളും .കുറച്ച് ആടും പശുക്കളും ,കോഴികളും
കുട്ടികളായിരുന്നു കാലത്ത് മൊയ്തു ഹാജിയുടെ വകയായി പെരുന്നാളിന് ഞങ്ങൾക്ക് കമ്പിത്തിരിയും വേണ്ടതിലധികം ഏറുപടക്കങ്ങളും . എറിഞ്ഞെറിഞ്ഞു പൊട്ടിച്ചു കൈ തളരും .

ഇത്തരം ഏറു പൊട്ടാസുകൾ അരനൂറ്റാണ്ടിനു മുമ്പുതന്നെ സർക്കാർ നിരോധിച്ചതുകൊണ്ട് പുതിയതലമുക്കാരായ കുട്ടികൾ ഏറുപൊട്ടാസുകൾ കണ്ടുകാണാനുമിടയില്ല .

പതിനഞ്ച് വർഷമായി വീട് മാറി താമസിച്ചിട്ട് ,സുബൈർ എന്ന അയൽക്കാരന്റെ വീട്ടിൽ നിന്നുമെത്തിയ റാബിത്തയുടെ പലഹാരപ്പൊതിയിലെ എണ്ണമയമേറ്റുകൊണ്ടാണ് ഇതെഴുതുന്നത്‌ .

ഭക്ഷണം വയറു നിറയെ കഴിക്കാൻ മാത്രമുള്ളതല്ല .കൈമാറ്റത്തിലൂടെ അനുഭവിക്കുന്ന മഹത്വവും രുചിയുമൊന്നുവേറെ .

അറുപത്തിയാറ് വർഷങ്ങൾക്ക് മുമ്പ് മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായം .
കുണ്ടനിടവഴികളിലൂടെ സ്‌കൂളിലേക്കുള്ള യാത്ര ,
അയൽപക്കത്തെ കുട്ടികൾക്കൊപ്പം അലീമ എന്ന  മുസ്‌ലിം പെൺക്കുട്ടിയും .
ഓത്തുപള്ളിയിൽ പോയി തിരിച്ചുവരുന്ന അലീമയുടെ കൈയിലെ തുണിസഞ്ചിയിൽ ''ഓത്തുപല''കയം  കിത്താബും .
എന്താണാവോ ഈ ഓത്തുപലക ?

കുഞ്ഞുമനസ്സിലെ ജിജ്ഞാസയുടെ  പുറന്തോട് പൊട്ടി .
അലീമയുടെ സഞ്ചിക്കകത്തെ ഓത്തുപലക പുറത്തേക്കു വെറുതെ ഒന്ന് വലിച്ചുനോക്കിയതേയുള്ളൂ  .
അലീമയുടെ മട്ടും ഭാവവും പെട്ടെന്ന് മാറി .
മുഖം വിളറി . കരയാനുള്ള ഭാവത്തിലായി .
 '' ൻറെ പടച്ചോനെ ,ഓത്തുപലക തൊട്ടാല്  അൻറെ  കണ്ണ് പൊട്ടിപ്പോവ്വും കാഫിറെ " - അലീമയുടെ വാക്കുകൾ ഉള്ളിൽ തീപ്പൊരിവീണപോലെയായി .
കാഫിർ എന്നാലെന്താണാവോ അർത്ഥം ?
ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല .കണ്ണിനു കാഴ്ചയില്ലാത്ത കുരുടനെപ്പോലെ ജീവിക്കേണ്ടി വരുമോ ?

നേരം പുലർന്നു . ഭാഗ്യം .കണ്ണുപൊട്ടിയില്ല .
അലീമക്ക് അതിലേറെ  അത്ഭുതം. അതായിരുന്നു ആ കാലം .
മുസ്ലിം അല്ലാത്തവർക്കെല്ലാം വിളിപ്പേര് കാഫിർ , ദീനിനെപ്പറ്റി മനസ്സിലായിട്ടും അനുസരിച്ച് ജീവിക്കാത്തവനാണ് കാഫിറെന്ന് ഒരുപാട് വർഷങ്ങൾ കഴിഞ്ഞ ശേഷമാണ്  മനസ്സിലായത്  .
വർഷങ്ങൾക്കുശേഷം ജോലിയുടെ ഭാഗമായി ദിവസേന ധാരാളം യാത്രകൾ .മുഖ്യസഹകാരിയായി കമ്പനി മാനേജർ കുറ്റിയാടിയിലുള്ള അടുക്കത്തെ എൻ ബി എസ്സ്‌  കുഞ്ഞഹമ്മദ് എന്ന ആൾ .ഹജ്ജ് കഴിഞ്ഞെങ്കിലും ഹാജി എന്ന് കൂട്ടിവിളിക്കണമെന്ന് നിർബ്ബന്ധമില്ലാത്ത ആൾ .
യാത്രക്കിടയിൽ വെള്ളിയാഴ്ചകളിൽ ജുമാ നിസ്‌ക്കാരത്തിനായി ഏതെങ്കിലും പള്ളി ക്കടുത്ത് വണ്ടി നിർത്തും.
കുഞ്ഞഹമ്മദ്ക്കയും ഡ്രൈവറും നേരെ പള്ളിയിലേക്ക് .
അവർ തിരിച്ചുവരുന്നവരെ കാറിലിരുന്ന് വല്ലതും വായിച്ചു കൊണ്ടിരിക്കും .
പള്ളിക്കകത്തെ കാര്യങ്ങൾ എന്തൊക്കെ യായിരിക്കും ?
പള്ളിയുടെ ഉൾവശം എങ്ങിനെയിരിക്കും ?
 അൽപ്പം മടിച്ചാണെങ്കിലും പള്ളിയിൽ കയറിക്കാണാനുള്ള ആഗ്രഹം കുഞ്ഞഹമ്മദ്ക്കയുമായി പങ്കുവെച്ചു .എതിർത്തില്ലെന്നുമാത്രമല്ല .'' ആവാലോ ''--അദ്ദേഹം എന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടി.

'' ഇതൊരു ദേവാലയമാണ് .അൽപ്പം ചില ആചാര മര്യാദകളോടെ ആവണമെന്നുമാത്രം .
 അംഗശുദ്ധിവരുത്തി ആർക്കും വരാം എന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി .
അന്യജാതിക്കാർ പള്ളി വളപ്പിൽ കയറിയായാൽ കാലു തല്ലിയൊടിക്കും ,കൊന്നുകളയും എന്നൊക്കെയായിരുന്നു കുഞ്ഞു മനസ്സിലെ കേട്ടുവളർന്നത്  .
നമ്മൾക്ക് കയറിച്ചെല്ലാൻ അനുവാദവും അവകാശവുമില്ലാത്ത ഒരിടം എന്നേ  അന്ന് കരുതിയയുള്ളൂ .''ഉമ്മറക്കോലായിയിലിരുന്ന് അകത്തേക്ക് നീട്ടിത്തപ്പിയ ''-പഴയകാല ഘട്ടങ്ങളിലെ നാട്ടുമ്പുറത്തെ പറച്ചിലുകളങ്ങിനെയായിരുന്നു .അത് കേട്ടാണ് ഞങ്ങൾ വളർന്നത്.
തെളിവെള്ളം വേണ്ടത്ര കെട്ടി നിറുത്തിയ  കൊട്ടത്തളത്തിൽ നിന്നും കയ്യും കാലും മുഖവും മറ്റും ശുദ്ധിയാക്കി അവർക്കൊപ്പംആദ്യമായി പള്ളിയുടെ ഉള്ളിലേക്ക്  .
നിരനിരയായി വിരിച്ചിട്ട പുല്ലുപായയിൽ പുറകിലൊരിടത്ത്  മാറിയിരുന്നു .
മറ്റുള്ളവർ നിസ്‌ക്കാര കർമ്മം  ചെയ്യുന്നതും പ്രാർത്ഥിക്കുന്നതും മറ്റുമുള്ള കാര്യങ്ങൾ നേരിൽ കാണാനുള്ള അസുലഭ മുഹൂർത്തം .

ആരെങ്കിലും തിരിച്ചറിയുമോ ? പ്രശ്‌നമുണ്ടാകുമോ ? നെഞ്ചിടിപ്പില്ലാതെയുമല്ല .
ഹൃദ്യവും സുഖസമ്പൂർണ്ണവുമായ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടത്ര ആത്മ നിയന്ത്രണവും അത്രതന്നെ ആത്മസംയമനവും സ്വീകരിക്കുന്നതിലാണ് നോമ്പിന്റെ മഹത്വം നിലകൊള്ളുന്നുവെന്നായിരുന്നു അന്ന് പള്ളിയിൽ കേട്ട  പ്രഭാഷണത്തിലെ മുഖ്യ വിഷയം    .
സാർവ്വലൗകികസ്നേഹവും സാഹോദര്യവുമാണ് ഇസ്ളാംസംസ്‌കൃതിയുടെ മുഖമുദ്ര യെന്ന തിരിച്ചറിവിനുള്ള അവസരം കൂടിയായിരുന്നു ആ സംഭവം .
 അന്യമതക്കാരൻറെ  കൈകൊണ്ട്  കിത്താബും ഓത്തുപലകയും തൊട്ടാൽ കണ്ണുപൊട്ടിപ്പോകുമെന്ന് കുഞ്ഞുന്നാളിൽ വിശ്വസിപ്പിച്ച അലീമ എന്ന പെൺകുട്ടിയെ അറിയാതെവീണ്ടുംഓർത്തുപോയി ആ  നിമിഷത്തിൽ  .

' വേദ ഗ്രന്ഥങ്ങളിലെ  സംബോധന തന്നെ    ''അല്ലയോ മനുഷ്യരെ '-എന്ന് .
മനുഷ്യരെ ഒരുമിച്ചുനിർത്തുന്ന ഉന്നതമായ ആശയങ്ങൾ ഖുർആനിൽ നിറയെക്കാണാം .
അതിൽ ഏറെ പ്രധാനം  മനുഷ്യരെല്ലാവരും ഒരു പിതാവിന്റെ യും മാതാവിൻറെയും മക്കളാണെന്ന ഓർമ്മപ്പെടുത്തലുകളാണ് .
എന്നിട്ടും മക്കളായ നമ്മെളെന്തിനാണ് പരസ്പരം അകലം പാലിക്കുന്നത് ?.
ഒരു പ്രത്യേക ജനവിഭാഗത്തിനുവേണ്ടി മാത്രമായി അവതരിപ്പിച്ചതാവാനുമിടയില്ല ഇത്തരം മഹത്ഗ്രന്ഥങ്ങൾ എന്നുവേണം കരുതാൻ .  
ഭഗവത്ഗീതയും ബൈബിളും ഖുർആനും ഒന്നോടൊന്ന് ചേർന്ന്  നമ്മുടെ വീടു കളിലെ  വായനാ മുറികളിലെ ചുമരലമാരകളിൽ ഇടംപിടിക്കുമെങ്കിൽ വരും തലമുറക്ക് അതൊരു വലിയ തിരിച്ചറിവും  വലിയ അനുഗ്രഹവുമാകുമെന്ന് ആശിച്ചു പോകുന്നു . 

English Summary: Ramzan has coem : come let us enjoy that

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds