1. കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്മ ജലസേചനം നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആർ.കെ.വി.വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) –പി.ഡി.എം.സി. (പെർ ഡ്രോപ്പ് മോർ ക്രോപ്പ്). ജലസേചനത്തിന്റെ ആധുനിക പരിസ്ഥിതി സൗഹൃദ രീതിയായ സൂക്ഷ്മ ജലസേചനം കർഷകൻ ഏറ്റെടുക്കുന്നതിന്നതിലൂടെ ലഭ്യമായ ജലം കൃത്യ അളവിൽ സസ്യങ്ങളിലേയ്‌ക്കെത്തുകയും മെച്ചപ്പെട്ട സസ്യ വളർച്ചയും വിളവും ലഭിക്കുകയും ചെയ്യുന്നു. മറ്റു ജലസേചന രീതികളിൽ നിന്നും താരതമ്യേനെ 90% കാര്യക്ഷമമായ രീതിയാണിത്. ജലസേചനത്തിനോടൊപ്പം വളപ്രയോഗവും നടത്തുവാൻ സാധിക്കുന്നു. ജലം കുറഞ്ഞ അളവിൽ കൃത്യമായ ഇടവേളയിൽ വിളകളുടെ വേരിനു സമീപം എത്തിക്കുന്നതിലൂടെ ജലസേചന കാര്യക്ഷമത വർദ്ധിപ്പിക്കുകയും ജലം പാഴാക്കുന്നത് കുറയുകയും കള നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുന്നു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് അനുവദനീയ ചിലവിന്റെ 55% മറ്റുള്ള കർഷകർക്ക് 45% സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഇത് പ്രകാരം ഒരു ഗുണഭോക്താവിന് പരമാവധി 5 Ha. കൃഷിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഈ പദ്ധതിയിലുൾപ്പെടുത്തി സൂക്ഷ്മ ജലസേചനം ചെയ്യുന്നതിന് വിളകൾ തമ്മിലുള്ള അകലവും സ്ഥല വിസ്തൃതിയും കണക്കിലെടുത്തു സർക്കാർ നിശ്ചിത ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, തൻ വർഷ കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ എത്തിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9400988557, 8075892092, 7025454574 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
2. കേരള കാർഷിക സർവ്വകലാശാലയെ ആധുനീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ. ഇ. ബാലഗുരുസ്വാമി കമ്മീഷൻ റിപ്പോർട്ട് കൃഷി വകുപ്പ് ശ്രീ. മന്ത്രി പി.പ്രസാദിന് സമർപ്പിച്ചു. ഭരണ നിർവ്വഹണം, ഗവേഷണം, വിജ്ഞാന വ്യാപനം, വിദ്യാഭ്യാസം, ഡിജിറ്റൽ ലൈബ്രറി, ധനകാര്യം, വിദ്യർത്ഥി ക്ഷേമം തുടങ്ങിയവ മേഖലകളിൽ വിശദമായ പഠനം നടത്തിയാണ് കമ്മീഷൻ ശുപാർശ സമർപ്പിച്ചത്. സർവ്വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുക, നൂതനമായ കോഴ്സുകൾ ആരംഭിക്കുക, ഐ.സി.എ. ആർ മോഡൽ ആക്ടിന് അനുസൃതമായി കാർഷിക സർവ്വകലാശാലയുടെ ആക്ടിൽ ഭേദഗതി വരുത്തുക, രാജ്യത്തുടനീളം ഉള്ള കാർഷിക മേഖലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം ഫലപ്രദമായി നടത്തുക, അഫിലിയേറ്റഡ് കോളേജുകൾ ആരംഭിക്കുക, വരുമാന വർദ്ധനവിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, തുടങ്ങിയ വിഷയങ്ങൾ ശുപാർശകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോ. ഇ. ബാലഗുരുസ്വാമി ചെയർമാനായ കമ്മീഷനിൽ മുൻകേരള കാർഷിക സർവ്വകലാശാല വൈസ്ചാൻസിലർ ഡോ. പി രാജേന്ദ്രൻ, മുൻ കേരള കാർഷിക സർവ്വകലവാശാല ഡയറക്ടർ ഓഫ് എക്സറ്റൻഷൻ ഡോ. പി. വി ബാലചന്ദ്രൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് IAS എന്നിവർ അംഗങ്ങളും മുൻ കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ അരവിന്ദാക്ഷൻ, മുൻ തമിഴ്നാട് കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കെ. രാമസ്വാമി എന്നിവർ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെട്ടിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിക്കുന്നതാണെന്ന് കൃഷി മന്ത്രി അറിയിച്ചു.
3. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരുമെന്നും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ട്. നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments