1. News

Ration Card: ഏകീകൃത റേഷൻകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.. കൂടുതൽ കൃഷിവാർത്തകൾ

റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് കേന്ദ്രത്തിന്റെ നീക്കം

Darsana J
Ration Card: ഏകീകൃത റേഷൻകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.. കൂടുതൽ കൃഷിവാർത്തകൾ
Ration Card: ഏകീകൃത റേഷൻകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.. കൂടുതൽ കൃഷിവാർത്തകൾ

1. രാജ്യത്ത് ഏകീകൃത റേഷൻകാർഡ് (Unique Ration Card) നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കാർഡുകൾ ആധാറുമായി (Aadhaar Link) ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കേന്ദ്രം അന്തിമ തീരുമാനം എടുക്കുക. കാർഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെങ്കിലും ആനുകൂല്യങ്ങൾ നിശ്ചയിക്കാൻ അധികാരമുണ്ട്.

കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിലും ഓണക്കാലത്തും കേരളസർക്കാർ റേഷൻകാർഡ് അടിസ്ഥാനത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. ഇത്തരം വിതരണസമ്പ്രദായത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകില്ല. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തും റേഷൻ വിഹിതം നിശ്ചയിക്കുന്നത്. ഏകീകൃത റേഷൻകാർഡ് നടപ്പാക്കിയാൽ ഇത് പുനർ നിർണയിക്കേണ്ട സാഹചര്യമുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: നെല്ല് സംഭരണം പ്രതിസന്ധിയിൽ, Odishaയിലെ കൃഷി ഉന്നതി സമ്മേളൻ സമാപിച്ചു; കൂടുതൽ കാർഷിക വാർത്തകൾ

2. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ പ്രവർത്തിക്കുന്ന 'Sangam Dairy Farm' ഫാർമർ പ്രൊഡ്യൂസർ കമ്പനി സന്ദർശിച്ച് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. മിൽമ ചെയർമാൻ കെ.എസ് മണി, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം. പൂർണമായും യന്ത്രവൽക്കരിച്ച ഡയറി ഫാം, തൈര്, യോഗർട്ട്, നെയ്യ്, പാൽ എന്നിവ കൊണ്ട് നിർമിക്കുന്ന ബിസ്ക്കറ്റ്, സ്വീറ്റ്സ്, കേക്ക് എന്നിവയുടെ നിർമാണം, ഗുണ നിയന്ത്രണ ലാബുകളുടെ പ്രവർത്തനം, സൈലേജ് നിർമാണം, വിവിധയിനം തീറ്റപ്പുല്ലുകളുടെയും പച്ചക്കറി വിത്തുകളുടെയും പരീക്ഷണം എന്നിവ സംഘം വിലയിരുത്തി. ഡയറി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ സൈലേജ് വിതരണം ചെയ്യുക, മലബാർ മേഖല യൂണിയന്റെ എത്തനോ വെറ്റിനറി മെഡിസിൻ സംഘം ഡയറി വഴി വിപണനം ചെയ്യുക എന്നിവയുടെ സാധ്യതകളെക്കുറിച്ചും സംഘം സംസാരിച്ചു.

3. പു​ഞ്ച​കൃ​ഷി​ക്ക് തയ്യാറെടുത്ത് അ​പ്പ​ർ കു​ട്ട​നാ​ട്ടിലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ. പാടശേഖരങ്ങളിൽ നി​ല​മൊ​രു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അതേസമയം മറ്റ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ത്തി​റ​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​രി​നെ​ല്ല് നാശവും ക​ള ശ​ല്യ​വും കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​മ്പി​ങ് ന​ട​ത്തി വെ​ള്ളം പൂ​ർ​ണ​മാ​യും വറ്റിച്ചു. പാ​ട​ശേ​ഖ​രം ഉ​ണ​ക്കി ക​ള​ക​ളും വ​രി​യും കി​ളി​ർ​പ്പിക്കുക, കി​ളി​ർ​ത്ത​വ ന​ശി​പ്പി​ക്കു​ക, പാ​ട​ത്തെ ല​വ​ണാം​ശം പ്ര​തി​രോ​ധി​ക്കുക, വി​ത്ത് സം​ഭ​രണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കാ​ലാ​വ​സ്ഥയ്ക്ക് മാറ്റമില്ലെങ്കിൽ ഈ മാസം 25ന് ​ആ​രം​ഭി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് വി​ത​യി​റ​ക്കാനാണ് തീരുമാനം.

4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി കൃഷിഭവനിലെ തരിശുഭൂമി കൃഷിയിടമാക്കി മാറ്റി റിട്ടയേർഡ് ഉദ്യോഗസ്ഥർ. ഉപയോഗശൂന്യമായി കിടന്ന 40 സെന്റ് ഭൂമിയാണ് കെ.കെ അശോകനും, ഷണ്മുഖനും ചേർന്ന് വൃത്തിയാക്കി പച്ചക്കറി കൃഷി ആരംഭിച്ചത്. വാർഡ് മെമ്പർ പ്രമുഖൻ തക്കാളി, വഴുതന, പയർ, കപ്പ എന്നിവ നട്ട് കൃഷിയ്ക്ക് തുടക്കം കുറിച്ചു. കൂടുതൽ ആളുകളെ പച്ചക്കറി കൃഷിയിലേക്ക് കൊണ്ടുവരാനാണ് കൃഷിഭവൻ ലക്ഷ്യമിടുന്നത്.

5. പത്തനംതിട്ട ജില്ലയിൽ മുട്ടഗ്രാമം പദ്ധതിക്ക് തുടക്കം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുട്ട ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

6. പത്തനംതിട്ട ജില്ലയിൽ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി കർഷകർക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം തീർത്ത രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ രജിസ്ട്രേഷന് ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർ ജാതി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കാൻ പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി ലഭിക്കും. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് കൃഷി അസി. എക്സി. എഞ്ചിനീയര്‍ : 8281211692, 7510250619, ടെക്നിക്കല്‍ അസിസ്റ്റന്റ് : 6282516897, 9496836833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

7. പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ തിരുവനന്തപുരം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിന് അടിസ്ഥാനമാകുമെന്ന് കളക്ടര്‍ പറഞ്ഞു. സമഗ്ര പദ്ധതികള്‍ അവിഷ്‌കരിക്കാനും യന്ത്രവൽകരണം, ആധുനികവൽകരണം തുടങ്ങിയവ നടപ്പാക്കാനും, ഈ സ്ഥിതി വിവര കണക്കുകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത നൂറ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് പരിശീലനം ലഭിച്ചത്. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ അടിത്തറ സംബന്ധിക്കുന്ന സ്ഥിതിവിവരകണക്കുകള്‍, കൃഷിയുടെ പൂർണവിവരങ്ങള്‍, ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുക, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുക, പുതിയ നയങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 2,000 എന്യൂമറേറ്റര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. നവംബര്‍ ആദ്യവാരം ആദ്യഘട്ടം ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.

8. 'നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശിൽപശാല' പാടക്കാട് ജില്ലയിൽ നടക്കും. പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ എന്ന വിഷയത്തെ ആസ്പദമാക്കി മുണ്ടൂര്‍ IRTCയില്‍ ഈ മാസം 20, 21 തീയതികളിലാണ് ശിൽപശാല നടക്കുക. ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യദിവസം പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂർണമായും മാപ്പ് ചെയ്യുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങൾ മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കും. ശിൽപശാല പ്രവർത്തനങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള 230 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് മുണ്ടൂര്‍. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജനകീയ മാപ്പിംഗ് (Mapping) അഥവാ മാപ്പത്തോണ്‍ സംഘടിപ്പിക്കുന്നത്.

9. അജീവിക സരസ് മേളയ്ക്ക് ഡൽഹിയിൽ തുടക്കം. മേളയിൽ കേരളത്തിന്റെ രുചിവൈവിധ്യങ്ങൾ നിറച്ച് കുടുംബശ്രീയുടെ എട്ട് സ്റ്റാളുകളാണ് അണിനിരന്നത്. ഭക്ഷ്യവിഭവങ്ങൾ കൂടാതെ ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾ, പാടക്കാട്ടെ നെയ്ത്ത് ഗ്രാമത്തിൽ നിന്നെത്തിച്ച കൈത്തറി വസ്ത്രങ്ങൾ, മലപ്പുറത്ത് നിർമിച്ച കളിമൺ പാത്രങ്ങൾ, തൃശൂരിൽ നിർമിച്ച ബാഗുകൾ എന്നിവ വിൽപനയ്ക്ക് അണിനിരന്നു. 4 കുടുംബശ്രീ ഫുഡ് കോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തന സമയം. ഗുരുഗ്രാമിലെ ലെഷർവാലി പാർക്കിൽ നടക്കുന്ന മേള നാളെ സമാപിക്കും.

10. ഇ​സ്രാ​യേ​ലി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര കാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്ത് ബ​ഹ്​​റൈ​ൻ. കൃഷി​മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​കും സം​ഘ​വുമാണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തത്. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാജ്യങ്ങളിൽ നി​ന്നു​ള്ള കൃഷി മ​ന്ത്രി​മാ​ർ പങ്കെടുത്തിരുന്നു. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയങ്ങളാണ് പരിപാടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

11. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary: Ration Card: Central government is about to implement unified ration card malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds