1. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത കുടിയേറ്റ, അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് അനുവദിക്കാൻ സുപ്രീകോടതി നിർദേശം. കാർഡ് ലഭ്യമാക്കാൻ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് 3 മാസം സമയം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് നൽകിയത്. 2021ലെ സുപ്രീകോടതി ഉത്തരവിൽ കുടിയേറ്റ തൊഴിലാളികൾക്ക് റേഷനും സമൂഹ അടുക്കളയും സജ്ജമാക്കാനുള്ള നിർദേശം നടപ്പിലാക്കാത്തതിനെ തുടർന്ന്, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സെൻസസ് നടക്കാത്തത് മൂലം ഏകദേശം 10 കോടി ജനങ്ങൾ ദേശീയ ഭക്ഷ്യസുരക്ഷ നിയമ പരിധിക്ക് പുറത്താണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
2. കേരളത്തിൽ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ യാഥാർഥ്യമായി. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളോടെയുള്ള ലൈസൻസ് കാർഡുകളാണ് പുതുതായി ലഭിക്കുക. പുതിയ പിവിസി പെറ്റ് ജി കാർഡ് ഡ്രൈവിംഗ് ലൈസൻസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇനിമുതൽ ലാമിനേറ്റഡ് ലൈസൻസുകൾ പുതിയ സ്മാർട്ട് ലൈസൻസിലേക്ക് മാറും. 200 രൂപയാണ് ഫീസ്.
3. സഹകരണ എക്സ്പോ 2023ന് എറണാകുളത്ത് തുടക്കം. മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏകദേശം ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 300 ലധികം സ്റ്റാളുകളാണ് എക്സ്പോയിൽ അണിനിരക്കുന്നത്. പൊക്കാളി അരി, മറയൂര്‍ ശര്‍ക്കര, മലബാര്‍ പെപ്പര്‍, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്.
കൂടുതൽ വാർത്തകൾ: 9 വർഷത്തിനിടെ 17 കോടി എൽപിജി കണക്ഷൻ
4. ഉദ്ഘാടനത്തിന് തയ്യാറായി കൊച്ചി വാട്ടർ മെട്രോ. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി വാട്ടർ മെട്രോയുടെ സർവീസ്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണിത്. ഈ മാസം 26 മുതൽ സർവീസ് ആരംഭിക്കുന്ന മെട്രോ 15 റൂട്ടുകളിൽ സർവീസ് നടത്തും.
5. എറണാകുളം ജില്ലയിൽ ജൻ സുരക്ഷ 2023 പദ്ധതിക്ക് തുടക്കം. ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ ഡി.ആർ മേഘശ്രീ നിർവഹിച്ചു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ചേർക്കുക എന്നതാണെന്ന് പദ്ധതിയുടെ ലക്ഷ്യം.
6. പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടിക വർഗ വിദ്യാർത്ഥികൾക്കായി എറണാകുളത്ത് സംഘടിപ്പിച്ച നിയമ പ്രവേശന പരീക്ഷ ക്രാഷ് കോഴ്‌സ് മന്ത്രി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നുവാൽസ് , കുസാറ്റ് സർവകലാശാലകളുടെ സഹകരണത്തോടെയാണ് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നിയമ എൻട്രൻസ് പരിശീലനം നൽകുന്നത്.
7. പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് കൃഷിവകുപ്പ് ധനസഹായം നൽകുന്നു. രജിസ്റ്റർ ചെയ്ത് 3 വർഷം കഴിഞ്ഞതും, 250 ഓഹരി ഉടമകൾ ഉള്ളതുമായ കമ്പനികൾക്കാണ് ധനസഹായം ലഭിക്കുക. മൂല്യവർധനവ്, മാർക്കറ്റിംഗ്, കയറ്റുമതി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോജക്ട് അടിസ്ഥാനത്തിൽ സഹായം നൽകും. കൂടാതെ എപിഒയിൽ വനിതാ പ്രാതിനിധ്യവും ഉണ്ടായിരിക്കണം. കമ്പനിയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഈ മാസം 29ന് മുമ്പ് ആത്മ പ്രോജക്ട് ഡയറക്ടർക്ക് നൽകണം.
8. കാപ്പി കൃഷിയിലും ദുരിതം വിതച്ച് കാലാവസ്ഥ മാറ്റം. കനത്ത ചൂടിൽ നട്ടം തിരിയുകയാണ് വയനാട്ടിലെ കാപ്പി കർഷകർ. വേനൽമഴ ലഭിച്ചതോടെ ജില്ലയിൽ പലയിടങ്ങളിലും കാപ്പി പൂക്കൾ പൂത്തിരുന്നു, തുടർന്ന് മഴ ലഭിക്കാതെ വന്നതോടെ പൂക്കൾ ധാരാളമായി കൊഴിഞ്ഞു. ജലസേചനത്തിന് അധികം സൗകര്യമില്ലാത്ത ഇടത്തരം കർഷകരെയാണ് കാലാവസ്ഥ മാറ്റം പ്രതികൂലമായി ബാധിച്ചത്.
9. ഇന്ത്യയിൽ പഞ്ചസാര വില കുതിച്ചുയരുന്നു. ഉൽപാദനത്തിലുണ്ടായ ഇടിവാണ് പഞ്ചസാരയുടെ ഡിമാൻഡ് വർധിപ്പിച്ചത്. ചൂട് കനത്തതോടെ ശീതള പാനീയങ്ങളുടെ അമിത വിൽപനയും പഞ്ചസാരയുടെ ഡിമാൻഡ് കൂട്ടി. അതേസമയം രാജ്യത്തെ വിലക്കയറ്റം പഞ്ചസാരയുടെ കയറ്റുമതിയെ ബാധിച്ചു. ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന മഹാരാഷ്ട്രയിലും ഇത്തവണ ഉൽപാദനം കുറഞ്ഞിരുന്നു.
10. കാർഷിക മേഖലയ്ക്ക് ഭീഷണിയായി കേരളത്തിൽ വേനൽച്ചൂട് വർധിക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ വരെ ഏകദേശം 12.61 കോടി രൂപയുടെ കൃഷിനാശമാണ് സംസ്ഥാനം നേരിട്ടത്. 635 ഹെക്ടറോളം കൃഷി നശിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് വാഴകൃഷിയാണ്. ഈ മേഖലയിൽ 7.65 കോടി നഷ്ടം സംഭവിച്ചു. കൂടാതെ, നെല്ല്, കവുങ്ങ്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി എന്നിവയും നശിച്ചു. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത്.
Share your comments