<
  1. News

അധിക LPG സിലിണ്ടറിന് റേഷൻ കാർഡ് മതി!! കൃഷി വാർത്തകൾ

അധിക സിലിണ്ടർ വേണമെങ്കിൽ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷൻ കാർഡിന്റെ കോപ്പി ഉൾപ്പെടെ ഡീലർമാർക്ക് അപേക്ഷ നൽകിയാൽ മതി

Darsana J

1. ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗ നിയന്ത്രണ നിയമം പ്രാബല്യത്തിൽ. ഇനിമുതൽ ഒരു വർഷം 15 സിലിണ്ടർ മാത്രമെ ഒരു കുടുംബത്തിന് വാങ്ങാൻ സാധിക്കൂ. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം പൊതുമേഖല കമ്പനികൾ നിയന്ത്രണം നടപ്പാക്കി തുടങ്ങി. അധിക സിലിണ്ടർ വേണമെങ്കിൽ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷൻ കാർഡിന്റെ കോപ്പി ഉൾപ്പെടെ ഡീലർമാർക്ക് അപേക്ഷ നൽകിയാൽ മതി. ഗാർഹിക പാചക വാതകത്തിന്റെ ദുരൂപയോഗവും അമിത ഉപയോഗവും തടയാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേരളത്തിൽ ഒരു കുടുംബത്തിന്റെ ശരാശരി ഉപയോഗം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലർമാർ പറയുന്നു. അധിക സിലിണ്ടർ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിൽ ഉൾപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: സിറ്റി ഗ്യാസ് പദ്ധതി; 60 വീടുകളിൽ കണക്ഷൻ..കൃഷി വാർത്തകൾ

2. ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്. മാലിന്യസംസ്‌കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതായി ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചിത്വവും സുന്ദരവുമായ കേരളം സൃഷ്ടിക്കാൻ ഈ അംഗീകാരം പ്രോത്സാഹനമാണെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. മഴക്കാല ദുരിതത്തിൽ നിന്ന് രക്ഷനേടാൻ കുട്ടനാടൻ റോഡുകളിൽ കയർഭൂവസ്ത്രം ഉപയോഗിക്കുന്നു. റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അപ്പർ കുട്ടനാട് മേഖലയിൽ നടപ്പിലാക്കുന്ന തോട്ടപ്പള്ളി - കളർകോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം പുരോഗമിക്കുകയാണ്. ജൈവ ഉൽപന്നമായ കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം റോഡിന്റെ അടിത്തറയ്ക്ക് കരുത്ത് നൽകും. കയർ മേഖലയേയും കയർ തൊഴിലാളികളേയും കൈപിടിച്ചുയർത്താനുള്ള ശ്രമംകൂടിയാണ് ഭൂവസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

4. കർഷകർക്ക് കൈത്താങ്ങായി സഹകരണ വകുപ്പിന്റെ തക്കാളി സംഭരണം. വിലയിടിവിൽ പ്രതിസന്ധിയിലായ പാലക്കാട് ജില്ലയിലെ കർഷകരിൽ നിന്നും തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 15 രൂപ നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യാനുള്ള പ്രത്യേക കർമ്മപദ്ധതിയാണ് ഇത്. പാലക്കാട്, ചിറ്റൂർ പ്രദേശങ്ങളിലെ തക്കാളി കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാൻ കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

5. വിലക്കയറ്റം തടയാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതായി തദ്ദേശമന്ത്രി എം.ബി രാജേഷ്. പള്ളുരുത്തിയിലെ ബജറ്റ് സൗഹൃദ സ്മാര്‍ട്ട് മാർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വില വര്‍ധിച്ചിട്ടില്ലെന്നും ജനകീയ ഹോട്ടലുകളുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചക്കറി വിത്തുകളും ജൈവവളവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. 350ഓളം പേർക്ക് പച്ചക്കറി വിത്തുകളും ജൈവവളവും നൽകി. പഞ്ചായത്തിലെ എല്ലാ ഭവനവും പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

7. പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ച് വയനാട് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. കൃഷിവകുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ കൃഷി ആരംഭിച്ചത്. തരിശായി കിടന്ന 40 സെന്റ് ഭൂമിയെ കൃഷിയോഗ്യമാക്കി ശാസ്ത്രീയമായ മണ്ണ് പരിശോധന നടത്തിയാണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് നിര്‍വഹിച്ചു.

8. ചേരാനല്ലൂരില്‍ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ നിർവഹിച്ചു. മത്സ്യ മേഖലയില്‍ ഉപജീവനം നടത്തുന്നവർക്ക് ബയോഫ്‌ളോക്ക് പോലുള്ള സംവിധാനങ്ങള്‍ ഗുണകരമാണെന്ന് എം.എല്‍.എ പറഞ്ഞു. സി.എം.എഫ്.ആര്‍.ഐയുടെ സഹകരണത്തോടെ ബയോഫ്ളോക് ലഭിച്ച 5 പട്ടികജാതി കുടുംബങ്ങളാണ് കൃഷി നടത്തിയത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ചു കുറച്ച് ജലം മാത്രമാണ് ബയോഫ്ളോക്ക് കൃഷിയ്ക്ക് ആവശ്യം. 1800 ഗിഫ്റ്റ് തിലാപിയയാണ് ബയോഫ്ളോക്കുകളിൽ കൃഷി ചെയ്യുന്നത്.

9. വാമനപുരം ഗ്രാമപഞ്ചായത്തിൽ ചെറുവനമൊരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി 12,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിർവഹിച്ചു. സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റും, ഫോറസ്റ്റ് പ്ലസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വാമനപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് പുറകില്‍ ഒരുക്കുന്ന മൈക്രോ ഫോറസ്റ്റില്‍ മാവ്, പ്ലാവ്, പേര, ശീമ പ്ലാവ്, പതിമുഖം, ചാമ്പ, മാതളം തുടങ്ങിയ വൃക്ഷത്തൈകളാണ് നടുന്നത്. കൂടാതെ സ്‌കൂള്‍ മുറ്റം, ഓഫീസ് അങ്കണം, സ്വകാര്യ പുരയിടങ്ങള്‍ എന്നിവിടങ്ങളിലും ചെറുവനങ്ങള്‍ സൃഷ്ടിക്കും.

10. വയനാട് ജില്ലയിൽ നെൽകൃഷിയ്ക്ക് ഭീഷണയായി കളനെല്ല് വ്യാപകമാകുന്നു. പുതുശേരിക്കടവ്, കുറുമ്പാല, കുപ്പാടിത്തറ എന്നീ പ്രദേശങ്ങളിലെ പാടങ്ങളിലാണ് കളനെല്ല് വളരുന്നത്. വളരുന്ന കള നെല്ല് കതിരിടുന്ന ഞാറുകൾക്ക് മീതെ അടിഞ്ഞ് കൃഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുതുശേരിക്കടവിലെ ഒമ്പത് ഏക്കർ പാടത്ത് നെല്ലിനേക്കാൾ കൂടുതൽ കളനെല്ലാണ് വളരുന്നതെന്ന് കർഷകർ പറയുന്നു.

11. കല്ലിയൂര്‍ പഞ്ചായത്തിൽ മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച കീഴൂര്‍ കുളത്തിൽ ശിവോദയ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയിരുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഒരുവര്‍ഷം മുമ്പാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 600 കിലോയോളം മത്സ്യം ലഭിച്ചതായി കർഷകർ പറയുന്നു.

12. ഖാദി നെയ്ത്തിൽ പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കടലുണ്ടി ഖാദി നെയ്ത്ത് കേന്ദ്രത്തിൽ 20 വനിതകള്‍ക്ക് പരിശീലനം നൽകാൻ ആറ് മാസത്തേക്കാണ് നിയമനം നടത്തുക. അപേക്ഷകർ ഖാദി കമ്മീഷന്റെ ഒരു മാസത്തെ ഖാദി കാര്യകര്‍ത്താ കോഴ്‌സ് ന്യൂ വീവേഴ്‌സ് ട്രെയിനിംഗ് കഴിഞ്ഞവരും, ഇവർക്ക് കുപ്പടം നെയ്ത്തില്‍ 5 വര്‍ഷം പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ ഈമാസം 10 ന് മുമ്പ് വ്യവസായ വികസന ഓഫീസര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മാത്തറ, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം.

13. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ മാസം ഏഴ് വരെ വിള ഇന്‍ഷുറന്‍സ് വാരാചരണം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആയ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയില്‍ കര്‍ഷകര്‍ക്ക് അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 180-425-7064 എന്ന നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 31 വരെയാണ്.

14. ടൂറിസം മേഖലയിലെ പുരോഗമനത്തിനായി കൈകോർത്ത് ഒമാനും സൗദിയും. ഇതിന്റെ ഭാഗമായി സൗദി അറേബ്യ ടൂറിസം മന്ത്രാലയം, ഒമാൻ പൈതൃക ടൂറിസം മന്ത്രാലയവുമായി കരാറിൽ ഒപ്പുവച്ചു. വിനോദ സഞ്ചാര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, നിക്ഷേപം, ടൂറിസം സ്ഥാപനങ്ങൾ കൈകാര്യം ചെയ്യൽ, സഹകരണം എന്നിവയാണ് കരാറിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

15. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് തണുപ്പ് കൂടുമെന്നും പകൽച്ചൂട് കുറയുമെന്നും കാലാവസ്ഥ വകുപ്പ് സൂചന നൽകി.

English Summary: Ration card is enough for extra LPG cylinder malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds