1. റേഷൻ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. കേരളത്തിലെ നവംബർ മാസത്തെ ration വിതരണം ഈ മാസം മൂന്ന് വരെ നീട്ടി. മൂന്നാം തീയതി വൈകിട്ട് 7 മണി വരെ ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമത്തിന് അനുസരിച്ച് വിതരണം തുടരും. സെർവർ തകരാറായതിനെ തുടർന്ന് ഇ-പോസ് പ്രവർത്തനം നിശ്ചലമായതോടെ റേഷൻ വിതരണം തടസപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധവും അറിയിച്ചു. ഇതിനിടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മിഷൻ തുക അനുവദിച്ച് സർക്കാർ ഉത്തരവ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ..കൃഷി വാർത്തകൾ
2. കൊല്ലം ജില്ലാ പഞ്ചായത്ത് പദ്ധതിയായ അഗ്രിടെക് കാർഷിക മേഖലയ്ക്ക് കരുത്ത് പകരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പദ്ധതിയുടെ ഭാഗമായി 100 പേർക്ക് അപ്രന്റീസ്ഷിപ്പ് നിയമന ഉത്തരവ് മന്ത്രി കൈമാറി. പാടശേഖര സമിതികൾക്ക് പവർട്രില്ലർ വിതരണം, കൊയ്ത്ത് മെതി യന്ത്രം വാങ്ങൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഭൂമിയുടെ പ്രത്യേകത, മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവ മനസിലാക്കിയുള്ള കൃഷി രീതി അവലംബിക്കണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
3. കൂൺ ഉപയോഗിച്ച് കോഫി നിർമിക്കുന്ന സംരംഭം യാഥാർഥ്യമായി. കർഷകനും യുവസംരംഭകനുമായ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ച് വ്യവസായമന്ത്രി പി. രാജീവ് നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായാണ് കൂൺ ഉപയോഗിച്ച് നിർമിക്കുന്ന കാപ്പിപ്പൊടി ഉൽപ്പന്നമായി പുറത്തിറങ്ങുന്നത്. മാർക്കറ്റിങ്ങ് സ്ട്രാറ്റജി വികസിപ്പിക്കാനും ഉൽപന്നം പേറ്റൻ്റോടെ പുറത്തിറക്കാനും സർക്കാരിൻ്റെ പിന്തുണയോടെ സാധിച്ചതായി ലാലു തോമസ് പറയുന്നു.
4. കേരളത്തിലെ എസ്ടി വിഭാഗത്തിലുള്ളവർക്ക് ക്ഷീര സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ച് നൽകി ഐസിഎആർ. ഐസിഎആർ, കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ചെറുകിട ക്ഷീര സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചത്. പട്ടികവർഗ വിഭാഗത്തിലുള്ളവരിൽ ക്ഷീര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂർ ജില്ലയിലെ വാണിയംപാറ ഗ്രാമത്തിലാണ് യൂണിറ്റ് ആരംഭിച്ചത്.
5. വയനാട്ടിൽ മത്സ്യകുഞ്ഞ് നിക്ഷേപിക്കൽ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിർവഹിച്ചു. മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നെന്മേനി കഴമ്പ്കടവ് പൊതുകുളത്തില്‍ കോമണ്‍ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
6. ആലപ്പുഴ പെരുമ്പളത്ത് ഗോവര്‍ദ്ധിനി പദ്ധതിക്ക് തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി ആശ പദ്ധതി ഉദ്ഘാടനം ചെയ്തു. നാല് മുതല്‍ ആറ് മാസം വരെ പ്രായമുള്ള സങ്കരയിനത്തില്‍പ്പെട്ട കന്നുകുട്ടികൾക്ക് 32 മാസം പ്രായമാകുന്നവരെയോ, പ്രസവിക്കുന്നതുവരെയോ അമ്പത് ശതമാനം സബ്സിഡിയോടുകൂടി കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണ് ഗോവര്‍ദ്ധിനി. ഈ കാലയളവില്‍ കന്നുകുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകര്‍ കന്നുകുട്ടി ജനിച്ചയുടന്‍ മൃഗാശുപത്രിയിലോ ഡിസ്പെന്‍സറിയിലോ രജിസ്റ്റര്‍ ചെയ്യണം. ഒരു കര്‍ഷകന് രണ്ട് കന്നുകുട്ടികളെ വരെ രജിസ്റ്റര്‍ ചെയ്യാം. ഒരു പശുക്കുട്ടിക്ക് 12,500 രൂപ സബ്സിഡി ലഭിക്കും.
7. കർഷകർക്ക് പാഠശാലയൊരുക്കി ഞാറക്കൽ കൃഷിഭവൻ. ശാസ്ത്രീയ പച്ചക്കറി കൃഷിയാണ് പാഠശാലയിലെ പ്രധാന വിഷയം. കൃഷി വകുപ്പിന് കീഴിലുള്ള അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെൻ്റ് ഏജൻസിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ പ്രാദേശിക വിപണിക്കായി പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ള 25 കർഷകരാണ് പാഠശാലുള്ളത്. വിപണി മനസിലാക്കി വിള ഇറക്കുന്നതിനും കൃഷിഭവന്റെ ആഴ്ചച്ചന്തയിലൂടെ പച്ചക്കറി വിൽപ്പന നടത്തുന്നതിനും പദ്ധതി സഹായിക്കും.
8. മലപ്പുറത്ത് സൗജന്യ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. നവംബര്‍ 15ന് ആരംഭിച്ച കുത്തിവെപ്പ് ഈ മാസം എട്ട് വരെ തുടരും. പഞ്ചായത്തുകളിലും നഗരസഭകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചും കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ചുമാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ലയില്‍ 55 ശതമാനം കന്നുകാലികൾക്ക് കുത്തിവെപ്പ് നടത്തിയതായി മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
9. കാലിക്കറ്റ് ഫ്രൂട്ട് ട്രീ ചലഞ്ചിന് തുടക്കം. ഹരിത കേരള മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍, കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കന്ററി എന്‍ എസ് എസ്, ഗ്രീന്‍ ഗാര്‍ഡന്‍ മുക്കം എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആധുനിക ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്യുകയും, നടീല്‍ രീതികള്‍, പരിപാലനമുറകള്‍ എന്നിവയിൽ പരിശീലനവും നല്‍കുന്നു. ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
10. കോഴിക്കോട് ജില്ലയിൽ കോഴിവളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അഞ്ച് കോഴികള്‍, വളര്‍ത്താനുള്ള കൂട്, ഒരു മാസത്തേക്കുള്ള തീറ്റ, മരുന്നുകള്‍ എന്നിവ അടങ്ങുന്ന യൂണിറ്റ് ഗുണഭോക്താവിന് ലഭിക്കും. 8000 രൂപ ചിലവ് വരുന്ന യൂണിറ്റിന് 5250 രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. 2750 രൂപ ഗുണഭോക്തൃ വിഹിതം അടക്കണം. ബേപ്പൂര്‍, മാങ്കാവ്, ചെറുവണ്ണൂര്‍, നല്ലളം, എലത്തൂര്‍ മൃഗാശുപത്രികള്‍ മുഖേന 105 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. വിശദവിരങ്ങൾക്കും അപേക്ഷാ ഫോമിനും മൃഗാശുപത്രികളുമായി ബന്ധപ്പെടണം. ഈ മാസം പത്തുവരെ അപേക്ഷകൾ നൽകാം.
11. കോഴിക്കോട് രാമല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത സമൃദ്ധി - വിഭവ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി തോട്ടം ഒരുക്കുന്നത്. പച്ചക്കറിത്തോട്ടങ്ങളുടെ നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. അര ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്. അഗ്രി ക്ലിനിക്കിന്റെ സഹായത്തോടെ മണ്ണ് പരിശോധന നടന്നു.
12. കേരള ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ജിവി ഹേമലത ചുമതലയേറ്റു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജിവി ഹേമലത ഇന്ത്യൻ റവന്യൂ സർവീസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎസ്‌സിയും പിഎച്ച്ഡിയും ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും ഹേമലത നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ഖാദി ഗ്രാമ വ്യവസായ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിലും ജിവി ഹേമലത പ്രവർത്തിച്ചിട്ടുണ്ട്.
13. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വില വർധനവ് മൂലം തിരുപ്പൂരിൽ നെയ്ത്ത് നിർത്തി വച്ചു. പ്രതിസന്ധി നേരിട്ടതോടെ ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്ക് നിർത്തിവയ്ക്കാനാണ് വസ്ത്ര നിർമാതാക്കളുടെ തീരുമാനം. വില വർധനയ്ക്ക് പുറമെ സംഭരണത്തിലെ പോരായ്മയും വൈദ്യുതി ചാർജ് വർധനയും ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ നഷ്ടം വരുത്തുമെന്ന് നിർമാതാക്കൾ പറയുന്നു. തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിൽ ഉൾപ്പെട്ട 300 തുണി നിർമാണ യൂണിറ്റുകളും നെയ്ത്ത് യൂണിറ്റുകളും 14 ദിവസം അടഞ്ഞു കിടക്കും.
14. 400 ഹെക്ടർ പാടത്ത് ഗോതമ്പ് വിളയിക്കാനൊരുങ്ങി ഷാർജ. മലീഹയിൽ ഒരുങ്ങുന്ന ഗോതമ്പുപാടത്ത് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിത്തിറക്കി. 2025നുള്ളിൽ 1400 ഹെക്ടർ ഗോതമ്പുപാടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജല സേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും ചടങ്ങിൽ നടന്നു. കർഷകർക്ക് സൗജന്യ വെള്ളവും വൈദ്യുതിയും അദ്ദേഹം വാഗ്ദാനം നൽകി.
15. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments