സംസ്ഥാന സർക്കാരിന്റെ കീഴിൽ പട്ടികവർഗ കുടുംബങ്ങൾക്കു റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട കണ്ണൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പള്ളിയിൽ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. കോളനികളിലുള്ള കുടുംബങ്ങൾക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കോളനികളിലെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷൻ ധാന്യങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും.
ജില്ലയിലെ മൂന്നു താലൂക്കുകളിലായി 11 കോളനികളിലേക്കാണ് ഇതോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 11 കോളനികളിലായി 458 കുടുംബങ്ങൾക്ക് ഈ പദ്ധതി കൊണ്ട് ആശ്വാസമാകും.
ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ ചതിരൂർ 110, വിയറ്റ്‌നാം, അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കർ, കൊട്ടിയൂരിലെ കൂനംപള്ള, കേളകത്തെ രാമച്ചി പണിയ, രാമച്ചി കുറിച്യ എന്നീ കോളനികളിലേക്കും തലശ്ശേരി താലൂക്കിലെ കോളയാട് പഞ്ചായത്തിലെ പറക്കാട്, കൊളപ്പ, പാട്യത്തെ മുണ്ടയോട്, കടവ് കോളനികളിലേക്കും തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ പഞ്ചായത്തിലെ ഏറ്റുപാറ കോളനികളിലേക്കുമാണ് ആദ്യഘട്ടത്തിൽ സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തിക്കുക.
നിലവിൽ വാഹനങ്ങൾ വാടകക്കെടുത്താണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. അതാത് മണ്ഡലങ്ങളിലേക്കായി എംഎൽഎമാർ വാഹനം വാങ്ങാനായി ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ജില്ലയിൽ യാത്രാബുദ്ധിമുട്ട് നേരിടുന്ന മറ്റു ഗോത്രകോളനികളിലേക്കും സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കെ രാജീവ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ : PM Kisan 11th Installment:ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കുക
എന്താണ് സഞ്ചരിക്കുന്ന റേഷൻ കട?
ആദിവാസി കുടുംബങ്ങളിൽ റേഷൻ വിതരണം നടത്തുക എന്ന സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിനായി ആദിവാസി ഊരുകളിലേക്ക് വാഹനങ്ങളിൽ ഭക്ഷ്യ ധാന്യങ്ങൾ നേരിട്ടെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷൻ കട.
നിലവിൽ തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ചു. എല്ലാ താലൂക്കുകളിലും അതാത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ ചുമതതലയിലാണ് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി നടത്തി വരുന്നത്. ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെടറുടെ നേതൃത്തിൽ റേഷൻ കടകളിൽ നിന്നും റേൽൻ സാധനങ്ങൾ വിതരണം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ : 1000 സ്മാർട്ട് റേഷൻകടകൾ: ജൂണിൽ സജ്ജമാകുമെന്ന് മന്ത്രി ജി.ആർ അനിൽ
Share your comments