1. സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. ഇപോസ് മെഷീൻ തകരാർ മൂലം 3 ദിവസത്തിന് ശേഷമാണ് റേഷൻ വിതരണം ആരംഭിച്ചത്. ഈ സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ തുടരും. മെയ് മാസത്തെ വിതരണം 6-ാം തിയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ രാവിലെ 8 മണിമുതൽ 1 മണിവരെയും, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 7 മണിവരെയും റേഷൻ വിതരണം നടക്കും. മെയ് രണ്ടിനും മൂന്നിനും ഇതേ രീതിയിൽ റേഷൻ വിതരണം ചെയ്യും. മെയ് നാലിനും അഞ്ചിനും സാധാരണ രീതിയിൽ കടകൾ പ്രവർത്തിക്കും.
കൂടുതൽ വാർത്തകൾ: Kerala Chicken; കിട്ടാനുള്ള മൂന്നരക്കോടിയില്ല, നട്ടം തിരിഞ്ഞ് കോഴി കർഷകർ
2. റബ്കോയുടെ പുതിയ കോക്കനട്ട് പൗഡർ ബ്രാൻഡായ ന്യൂട്രികോ ലോഞ്ച് ചെയ്ത് മന്ത്രി വിഎൻ വാസവൻ. എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്പോയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഉൽപന്നം പുറത്തിറക്കിയത്. 2006ൽ റബ്കോയുടെ കീഴിൽ തുടങ്ങിയ റബ്കൊ ന്യൂടി കൊവെർജിൻ കോക്കനട്ട് ഓയിൽ ഗുണനിലവാരം കൊണ്ട് അന്തർ ദേശീയ വിപണിയിലും ശ്രദ്ധ നേടിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തുള്ള പ്രവാസി സഹകരണ സംഘവുമായി യോജിച്ചാണ് ഇതിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.
3. തെങ്ങിൻ തൈകൾ ടെലിഫോൺ മുഖേന ബുക്ക് ചെയ്യാം. ഐ.സി.എ.ആർ- സി.പി.സി.ആർ.ഐ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നാണ് തൈകൾ ലഭിക്കുക. താൽപര്യമുള്ളവർക്ക് മെയ് 1 മുതൽ 4 വരെ ബുക്ക് ചെയ്യാം. ഒരാൾക്ക് പരമാവധി 6 തെങ്ങിൻ തൈകളാണ് ലഭിക്കുന്നത്. ബുക്ക് ചെയ്യാനായി 0479 2444678,8547465733 നമ്പറുകളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ ബന്ധപ്പെടാവുന്നതാണ്.
4. വേൾഡ് വെറ്റിനറി ഡേ ആചരിച്ച് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവൻ. കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല മുഖ്യാതിഥിയായ ചടങ്ങിൽ സഹമന്ത്രിമാരായ സഞ്ചീവ് ബല്യൻ, എൽ മുരുഗൻ എന്നിവർ പങ്കെടുത്തു. വെറ്ററിനറി മേഖലയിലെ വിദഗ്ധരെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും ഏപ്രിൽ മാസത്തെ അവസാന ശനിയാഴ്ച ലോക വെറ്റിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി വിദ്യാഭ്യാസവും രാജ്യത്തെ സേവനങ്ങളും ഉൾപ്പെടെയുള്ള മുഖ്യധാരാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയിൽ കൃഷി ജാഗരണും പങ്കാളിയായി.
5. കേരളത്തിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടികൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾ ഇന്ന് യെല്ലോ അലർട്ടിലാണ്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Share your comments