1. സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറുന്നു. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ എല്ലാ റേഷൻ കടകളും കെ- സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകളിലൂടെ അരിയും മണ്ണെണ്ണയും മാത്രമല്ല, നിത്യോപയോഗ സാധനങ്ങളും സബ്സിഡി ഉൽപന്നങ്ങളും ലഭ്യമാക്കാനാണ് തീരുമാനം. സാധനങ്ങൾക്ക് പുറമെ ഡീലർമാർക്ക് കൂടുതൽ വരുമാനവും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. സാധാരണ സേവനങ്ങൾക്ക് പുറമെ ബാങ്കിങ് ഇടപാടുകൾ, പാചക വാതക സിലിണ്ടറുകൾ, സപ്ലൈകോ ഉൽപന്നങ്ങൾ എന്നിവയും കെ-സ്റ്റോറിന്റെ പ്രത്യേകതയായിരിക്കും. മാവേലി സ്റ്റോറുകളിൽ സബ്സിസിഡിയോടെ ലഭിക്കുന്ന 13 ഇനം ഉൽപന്നങ്ങൾ കെ-സ്റ്റോറുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: പാചക വാതക സിലിണ്ടറുകളുടെ വിതരണം വർഷത്തിൽ 15 എണ്ണമായി കുറച്ചു..കൃഷി വാർത്തകൾ
2. മണ്ണാണ് ജീവന്റെ നിലനിൽപ്പിനാധാരമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണ് സംരക്ഷണം ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും ഉത്തരവാദിത്തമായി മാറണമെന്നും പുതുതലമുറ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാൻ മണ്ണ് ദിനാചരണം പ്രേരണയാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണ് സംരക്ഷണ പ്രതിജ്ഞയ്ക്ക് ശേഷം മികച്ച സംഭാവനകൾ നൽകിയ കർഷകരെ മന്ത്രി ആദരിച്ചു.
3. കാലിത്തീറ്റ വില വർധനവിൽ വലയുന്ന കേരളത്തിലെ ക്ഷീര കർഷകർക്ക് പാൽ വില വർധനവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് പരാതി. കാലിത്തീറ്റ വിപണി സർക്കാർ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിവിധ കാർഷിക സംഘടനകൾ രംഗത്തെത്തി. ഈ മാസം മുതൽ പാലിന് ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതിൽ അഞ്ച് രൂപയുടെ ലാഭം കർഷകർക്ക് ലഭ്യമാക്കാൻ തീരുമാനമായെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്നില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. 150 മുതൽ 250 രൂപ വരെയാണ് 50 കിലോ കാലിത്തീറ്റയ്ക്ക് വിവിധ കമ്പനികൾ വർധിപ്പിച്ചത്. കന്നുകാലികൾക്ക് സർക്കാർ നൽകിയിരുന്ന ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കിയതും ക്ഷീര കർഷകർക്ക് തിരിച്ചടിയായി.
4. ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനവും കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. തൃത്താലയിൽ സംഘടിപ്പിച്ച കുടുംബശ്രീ മിഷന്റെ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കോഴിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ വഴി വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകശ്രദ്ധ നേടിയ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. കണ്ണൂർ ജില്ലയിലെ കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ പഞ്ചായത്തിൽ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ തീരുമാനമായി. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമ്മിക്കുക. കതിരൂരിൽ പത്ത് വർഷത്തോളമായി മണ്ണ് ജലം വായു സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
6. കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ചുവരെഴുത്ത് ക്യാമ്പയിന് തുടക്കം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ഈ മാസം 15 മുതൽ 24 വരെയാണ് ദേശീയ സരസ് മേള നടക്കുക. വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഫുഡ് കോർട്ടുകൾ, കലാസാംസ്‌കാരിക സന്ധ്യകൾ എന്നിവയായിരിക്കും സരസ് മേളയുടെ പ്രധാന ആകർഷണം.
7. അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ മണ്ണ് ദിനാചരണം നടത്തി. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ദുരന്ത നിവാരണ പദ്ധതി രൂപികരണം, ദുരന്ത സാധ്യതകളും അവയ്ക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കലും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചു.
8. തിരുവനന്തപുരം ജെഴ്സിഫാമിൽ കാട്ടാനക്കൂട്ടം പുൽകൃഷി നശിപ്പിച്ചു. പശുക്കൾക്ക് നൽകുന്നതിനായി വളർത്തുന്ന പുൽകൃഷിയും ജലവിതരണ പൈപ്പുകളുമാണ് ആനകൾ നശിപ്പിച്ചത്. ഫാമിനോട് ചേർന്നുള്ള വനത്തിൽ കഴിയുന്ന ഇവ വൈകുന്നേരമാണ് കൃഷി നശിപ്പിക്കാനെത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു. നൂറിലധികം പേരാണ് ഫാമിൽ ജോലി ചെയ്യുന്നത്. കിടങ്ങുകളോ, സുരക്ഷാ വേലികളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. കാട്ടുപോത്ത്, പന്നി എന്നിവയുടെ ശല്യവും പ്രദേശത്ത് തുടർക്കഥയാണ്.
9. അന്താരാഷ്ട്രാ മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ശിൽപ്പശാലയും, മണ്ണ് പരിശോധനയും സംഘടിപ്പിച്ചു. കുറവിലങ്ങാട് കൃഷിഭവൻ, കോട്ടയം ജില്ലാ മണ്ണു പരിശോധനാ കേന്ദ്രം, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ജീവനക്കാർ, കാർഷിക വികസന സമിതി അംഗങ്ങൾഒ, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
10. ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കൽ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല മുന്നേറുന്നു. ജില്ലയിൽ ഇതുവരെ 58.36 ശതമാനം പേർ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ബന്ധിപ്പിക്കൽ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
11. ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക സെമിനാർ സംഘടിപ്പിച്ചു. ന്യൂഡൽഹിയിലെ പുൾമാൻ ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രിമാരായ മൻസുഖ് മാൻഢവ്യ, ഭഗ്വാന്ദ് ഖുബ എന്നിവർ ചേർന്ന് നിർവഹിച്ചു. '2030-ഓടെ രാസവള മേഖല' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ സെമിനാർ സംഘടിപ്പിച്ചത്.
12. സഫേല വിളവെടുപ്പിൽ നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. മുൻ സീസണിൽ ശേഖരിക്കാത്ത സഫേല കൈവശം വയ്ക്കുക, വിൽപന നടത്തുക, വിതരണം ചെയ്യുക തുടങ്ങിയവ നിരോധിച്ചത്. സഫേലയുടെ വംശനാശം തടയുന്നതിനും ഉൽപാദനം കുറയ്ക്കുന്നത് നിയന്ത്രിക്കുന്നതിനുമാണ് നിയമം കർശനമാക്കുന്നത്. ഒമാൻ സഫേലയ്ക്ക് വിപണിയിൽ കിലോയ്ക്ക് 30 മുതൽ 50 റിയാൽ വരെയാണ് വില. ലോകത്തിൽ ഏറ്റവും മികച്ച സഫേല ലഭിക്കുന്നതും ഒമാനിൽ തന്നെയാണ്.
13. കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments