<
  1. News

കറിവെയ്ക്കാനുള്ള മീനും അതിനുള്ള കറിക്കൂട്ടും ഒരേ പായ്ക്കറ്റിൽ ലഭ്യമാകുന്ന പദ്ധതി തയ്യാറാവുന്നു. 

ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ കറിവെയ്ക്കാനുള്ള മീനും അതിനുള്ള കറിക്കൂട്ടും ഒരുമിച്ച് ഒരേ പായ്ക്കറ്റിൽ ലഭ്യമാകുന്ന പദ്ധതി  തയ്യാറാവുന്നു.

Asha Sadasiv
fish

ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ കറിവെയ്ക്കാനുള്ള മീനും അതിനുള്ള കറിക്കൂട്ടും ഒരുമിച്ച് ഒരേ പായ്ക്കറ്റിൽ ലഭ്യമാകുന്ന പദ്ധതി  തയ്യാറാവുന്നു. കേരള തീരദേശ വികസന കോർപ്പറേഷനാണ് റെഡി ടു കുക്ക് എന്ന പദ്ധതി നടപ്പാക്കുക. വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിനടുത്ത് തീരദേശ പോലീസ് സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്താണ് ഇതിനുള്ള യൂണിറ്റ് നിർമിക്കുക. ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികളിൽനിന്ന് മീൻ നേരിട്ടുവാങ്ങിയാണ് വിപണനം. രാസവസ്തുക്കൾ ഇല്ലാത്തതും വൃത്തിയുള്ളതുമായ മീൻ ന്യായവിലയ്ക്ക് വിപണിയിൽ എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ നാലുകോടി രൂപയുടെ ഭരണാനുമതി നൽകി. മീൻ ശേഖരിക്കാനും വൃത്തിയാക്കാനുമുള്ള കൗണ്ടറുകൾ, രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാനുള്ള സംവിധാനം, പാക്കിങ് സംവിധാനം. പരമ്പരാഗത രീതിയിലുള്ള കറിക്കൂട്ട് തയ്യാറാക്കാനുള്ള സംവിധാനം, മാലിന്യം സംഭരിക്കാനുള്ള സൗകര്യങ്ങളും യൂണിറ്റിലുണ്ടാവും.

കുടുംബശ്രീക്ക് സമാനമായ തീരദേശത്തെ സൊസൈറ്റി ഫോർ അസിസ്റ്റൻറ്‌സ് ടു ഫിഷർ വുമണിന്റെ(സാഫ്) നേതൃത്വത്തിലാണ് തൊഴിലാളികളിൽ നിന്ന് മീൻ ശേഖരിക്കുക. ചൂണ്ട തൊഴിലാളികളും വള്ളക്കാരുമെത്തിക്കുന്ന  മീൻ ശേഖരിച്ചശേഷം തത്‌സമയം വൃത്തിയാക്കും. വലിയ മീനുകളാണെങ്കിൽ അവയെ കഷണങ്ങളാക്കിയശേഷം ശുചീകരിച്ച് ശീതീകരണ സംഭരണികളിലേക്കു മാറ്റും. പീന്നീട് ഇനം തിരിച്ച് അതത് മീനുകൾക്കു വേണ്ട പരമ്പരാഗത കറിക്കൂട്ടും പായ്ക്കറ്റിനൊപ്പം ചേർത്താണ് വിപണിയിലെത്തിക്കുക.പരമാവധി രണ്ടുദിവസം മാത്രമേ വൃത്തിയാക്കുന്ന മീൻപായ്ക്കറ്റുകൾ സൂക്ഷിക്കുക.സാഫിലെ സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിൻ്റെ  എല്ലാ പ്രവർത്തികളും ചെയ്യുക. 500 ഓളം സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിലുണ്ടാവുക.



സ്വദേശത്തും വിദേശത്തും മീൻപായ്ക്കറ്റുകൾ വിപണനം ചെയ്യുന്നതിനു പ്രത്യേകം ഏജൻസികളെയാണ് ഏൽപ്പിക്കുക. വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിനു പുറമേ തമിഴ്‌നാട്, ജില്ലയിലെ പ്രധാന മീൻപിടിത്ത കേന്ദ്രങ്ങളും ശേഖരണസ്ഥലങ്ങളുമായ പൂന്തുറ, വലിയതുറ, മരിയനാട്, വലിയവേളി, പെരുമാതുറ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും മീൻശേഖരിക്കും. രണ്ടു മണിക്കൂറിനുള്ളിൽ പിടിച്ച മീനുകളാവും ശേഖരിക്കുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും യൂണിറ്റിലേക്ക് മീനെത്തിക്കാം. ഓരോതരം മീനിനും പ്രത്യേക വില നിശ്ചയിച്ചിട്ടുണ്ട്. ഇവർക്കു കൈയോടെ പണവും നൽകും. ഇത്തരത്തിലാണ് സംരംഭം. പദ്ധതി വിജയിക്കുന്നതിനനുസരിച്ച് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

English Summary: ready to cook fish from Kerala coastal development corporation

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds