കൃഷിഭൂമിക്കൊപ്പം കര്‍ഷകരുടെ മാനസിക അവസ്ഥയും പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുനര്‍ജനിയുടെ ഭാഗമായി ബോധവല്‍കരണ പരിപാടിയും സംഘടിപ്പിച്ചു. കൃഷിയെ തിരിച്ചുപിടിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന കര്‍ഷകര്‍ക്ക് പുനര്‍ജനി കിറ്റുകള്‍ വിതരണം ചെയ്തു. 49000 തൈകള്‍, 10940 വിത്ത് കിറ്റ്, 100 പുനര്‍ജനി വിത്ത് കിറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. 2.61 ലക്ഷം രൂപയാണ് കൃഷിവകുപ്പ് ഇതിനായി ഉപയോഗപ്പെടുത്തിയത്. 12 മെട്രിക് ടണ്‍ നെല്ല്, 57694 പച്ചക്കറി വിത്ത് പാക്കറ്റ്, 7000 പച്ചക്കറി തൈകള്‍ എന്നിവയാണ് പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുജ്ജീവത്തിനായി ജില്ലയില്‍ വിതരണം ചെയ്തത്. കൂടാതെ കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.
സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കായി 395.6 ലക്ഷം രൂപ അധികമായി അനുവദിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ നശിച്ച തോടുകള്‍ ആഴം കൂട്ടി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാനും കാര്യക്ഷമമായി അവ നടപ്പിലാക്കാനും സാധിച്ചു. 2018 ആഗസ്റ്റിലെ പ്രളയത്തില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 1951.665 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്‍ണ്ടായത്. 860.68 ഹെക്ടര്‍ കൃഷിഭൂമിയെ ആണ് പ്രളയം ബാധിച്ചത്.
നിലവിലുളള വിള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരുവര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് അഞ്ചുവര്‍ഷം വരെ അധിക കാലാവധിയും കാര്‍ഷിക വിള വായ്പയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ക്കായി അനുവദിച്ചു. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാതെ പുതിയ വായ്പ അനുവദിച്ചു. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രം ഈടാക്കി.
വിളനാശം ഉണ്ടായവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറൊട്ടോറിയം അനുവദിക്കുകയും നിലവിലുളള വായ്പകള്‍ തിരിച്ചടക്കുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധി നല്‍കുകയും ചെയ്തു. കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍, മറ്റു കാര്‍ഷിക ആവശ്യങ്ങള്‍, എന്നിവയ്ക്കായി ആവശ്യാനുസരണം പുതിയ വായ്പകള്‍ അനുവദിച്ചു. പുതിയ വായ്പകള്‍ക്ക് ഈടോ, ഗ്യാരണ്ടണ്‍ിയോ നല്‍കാതെ വായ്പകള്‍ അനുവദിക്കുകയും ചെയ്തു.
Share your comments